Uncategorized

മാനവ സമൂഹം വിദ്യാഭ്യാസത്തിനും സാക്ഷരതക്കും പ്രാധാന്യം നല്‍കണം- എഡ്യൂക്കനിംഗ് 2.0 അക്കാദമിക സെമിനാര്‍

ദോഹ: ദാറുല്‍ ഹുദാ ഇസ് ലാമിക് യൂണിവേഴ്സിറ്റി നാല്‍പ്പതാം വാര്‍ഷികത്തോടനുബന്ധിച്ച് ഖത്തറിലെ ദോഹ ഇന്‍സ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച് സംഘടിപ്പിച്ച അക്കാദമിക സെമിനാര്‍ എഡ്യൂകെനിംഗ് 2.0 സമാപിച്ചു. മാനവ സമൂഹം സാക്ഷരതക്കും വിദ്യാഭ്യാസത്തിനും നല്‍കേണ്ട പ്രാധാന്യം വിളിച്ചോതുന്നതായിരുന്നു സെമിനാര്‍.
ദോഹ ഇന്‍സ്റ്റിറ്റ്യൂട്ട് സെമിനാര്‍ ഹാളില്‍ വെച്ച് നടന്ന പരിപാടി ദോഹ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിഡന്റ് ഡോ. അബ്ദുല്‍ വഹാബ് അഫന്ദി ഉദ്ഘാടനം ചെയ്തു. ദാറുല്‍ ഹുദാ വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ധീന്‍ മുഹമ്മദ് നദ് വി അധ്യക്ഷത വഹിച്ചു. ദാറുല്‍ ഹുദാ രജിസ്ട്രാര്‍ ഡോ. റഫീഖ് അലി ഹുദവി കരിമ്പനക്കല്‍, ദോഹ ഇന്‍സ്റ്റിറ്റ്യൂട്ട് അസിസ്റ്റന്റ് പ്രഫസര്‍ ഡോ. അബ്ദുല്‍ കരീം അമെങ്കായ്, ഡോ. മുഹമ്മദ് ഹുദവി മാടപ്പള്ളി എന്നിവര്‍ വിഷയമവതരിപ്പിച്ച് സംസാരിച്ചു.

നിരക്ഷരതാ നിര്‍മാര്‍ജന നയത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പങ്ക് എന്ന വിഷയത്തിലാണ് സെമിനാര്‍ സംഘടിപ്പിച്ചത്. ഇന്ത്യയിലും ഇതര രാഷ്ട്രങ്ങളിലും ദാറുല്‍ ഹുദാ നിര്‍വഹിക്കുന്ന വിദ്യാഭ്യാസ മുന്നേറ്റങ്ങളെ അന്താരാഷ്ട്ര സമൂഹത്തിന് മുന്നില്‍ വെളിവാക്കുന്നതായിരുന്നു സെമിനാര്‍. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രൊഫസര്‍മാരും വിദ്യാര്‍ത്ഥികളുമടക്കം 150 ഓളം പ്രതിനിധികളാണ് സെമിനാറില്‍ പങ്കെടുത്തത്.

ഖത്തറിലെ ദാറുല്‍ ഹുദാ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ ഹാദിയയുടെ നേതൃത്വത്തിലാണ് സെമിനാര്‍ സംഘടിപ്പിച്ചത്. പ്രോഗ്രാം കണ്‍വീനര്‍ ഡോ. കെ എം ബഹാഉദ്ദീന്‍ ഹുദവി സെമിനാര്‍ നിയന്ത്രിച്ചു.

ഖത്തര്‍ ഹാദിയ പ്രസിഡന്റ് അബ്ദുല്‍ മാലിക് ഹുദവി സ്വാഗതവും ജനറല്‍ സെക്രട്ടറി മുഹമ്മദ് നൈസാം ഹുദവി നന്ദിയും പറഞ്ഞു.

Related Articles

Back to top button
error: Content is protected !!