Local News

പ്രവാസി വോട്ട് ചേര്‍ക്കുന്നതുമായി സംബന്ധിച്ച വിഷയങ്ങള്‍ ചീഫ് ഇലക്ഷന്‍ കമ്മീഷന്‍ ഓഫീസിന്റെ ശ്രദ്ധയില്‍കൊണ്ട് വന്ന് അബ്ദുല്‍ റഊഫ് കൊണ്ടോട്ടി

ദോഹ. പ്രവാസി വോട്ട് ചേര്‍ക്കുന്നതുമായി സംബന്ധിച്ച് വിവിധ പ്രവാസികള്‍ ഉന്നയിക്കുന്ന രണ്ടു വിഷയങ്ങള്‍ ചീഫ് ഇലക്ഷന്‍ കമ്മീഷന്‍ ഓഫീസിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്ന് ഖത്തറില്‍ നിന്നുള്ള ലോക കേരള സഭ അംഗവും സാമൂഹ്യ പ്രവര്‍ത്തകനുമായ അബ്ദുല്‍ റഊഫ് കൊണ്ടോട്ടി.
കഴിഞ്ഞ ദിവസം അദ്ദേഹം ചീഫ് ഇലക്ഷന്‍ കമ്മീഷന്‍ ഓഫീസിന്റെ ശ്രദ്ധയില്‍കൊണ്ടുവന്ന രണ്ട് ചോദ്യങ്ങളും അതിന് ലഭിച്ച മറുപടിയും ഇവിടെ ചേര്‍ക്കുന്നു.
1- പ്രവാസി വോട്ടര്‍മാരായി ചേരുന്നതിന് നാട്ടിലെ ഇലക്ഷന്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ക്ക് അയച്ചു കൊടുക്കേണ്ട രേഖകളുടെ പകര്‍പ്പില്‍ ഒപ്പു വെക്കേണ്ടതിന്റെ നടപടിക്രമങ്ങള്‍ എന്തെല്ലാമാണ്? ഇലക്ഷന്‍ കമ്മീഷണര്‍ വെബ്‌സൈറ്റില്‍ പ്രസ്തുത രേഖകള്‍ എംബസിയില്‍ നിന്ന് അറ്റസ്റ്റ് ചെയ്യണമെന്ന് കാണിക്കുന്നു. ഇതിന്റെ നിജസ്ഥിതി എന്താണ്?
ഉത്തരം. ആവശ്യമായ രേഖകളുടെ പകര്‍പ്പുകള്‍ ട്രൂ കോപ്പി, സെല്‍ഫ് അറ്റസ്റ്റഡ് എന്ന് എഴുതി സ്വയം ഒപ്പു വെച്ചാല്‍ മതി. എംബസിയില്‍ നിന്ന് അറ്റസ്റ്റ് ചെയ്യേണ്ട ആവശ്യകത ഇല്ല. നിലവില്‍ സൈറ്റില്‍ കാണിക്കുന്ന ഈ വ്യവസ്ഥ നീക്കുന്നതിന് ആവശ്യമായ നടപടികള്‍ ചെയ്യാമെന്നും അറിയിച്ചിട്ടുണ്ട്.

2- വിദേശത്തുനിന്ന് ജനിക്കുകയും 18 വയസ്സ് തികഞ്ഞ് വോട്ടര്‍ ആയി ചേരുന്നതിന് അപേക്ഷിക്കുമ്പോള്‍ ജനന സ്ഥലം വിദേശമെന്ന് രേഖപ്പെടുത്താന്‍ നിലവില്‍ പറ്റുന്നില്ല. ഈ സാഹചര്യത്തില്‍ എന്താണ് ചെയ്യേണ്ടത്?
മറുപടി. ഇക്കാര്യം ഇലക്ഷന്‍ കമ്മീഷണറുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഡിസംബര്‍ 9ന് ശേഷം ഇക്കാര്യം പരിഹരിക്കാം എന്നും അതിനുശേഷം ഈ വിഭാഗത്തില്‍ പെടുന്നവര്‍ക്ക് വോട്ട് ചേര്‍ക്കാന്‍ യാതൊരു പ്രയാസവും ഉണ്ടാവില്ല എന്നും അറിയിച്ചിട്ടുണ്ട്.