Local News

ജി.ആര്‍. സി. സി. സംഘടിപ്പിച്ച റോസ് ഫ്‌ളവര്‍ ക്രാഫ്റ്റ് മത്സരവും വര്‍ക് ഷോപ്പും അവിസ്മരണീയമായി

ദോഹ: പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ഗ്ലോബല്‍ റിഥം കള്‍ച്ചറല്‍ ക്ലബ് സംഘടിപ്പിച്ച ‘റോസ് ഫ്‌ളവര്‍ ക്രാഫ്റ്റ് മത്സരവും & ശില്‍പശാലയും റോയല്‍ ഓര്‍ക്കിഡ് റസ്റ്റോറന്റില്‍ വച്ച് നടന്നു.

ഖത്തറിലെ വിവിധ സ്‌കൂളുകളില്‍ പഠിക്കുന്ന കുട്ടികള്‍ ആവേശപൂര്‍വ്വം പങ്കെടുത്ത പരിപാടിയില്‍, കുട്ടികളുടെ സൃഷ്ടിപരതയും കലാപ്രതിഭയും പ്രകടമാകുകയായിരുന്നു. തികച്ചും സൗജന്യമായി കുട്ടികള്‍ക്ക് വേണ്ടി സംഘടിപ്പിച്ച ഈ പരിപാടി രക്ഷിതാക്കളുടെയും പൊതുജനങ്ങളുടെയും പ്രശംസ പിടിച്ചു പറ്റി.

ഖത്തറിലെ ആര്‍ട്ടിസ്റ്റും ലൈവ് ആര്‍ട്ട് പെര്‍ഫോര്‍മറുമായ രോഷ്‌നി കൃഷ്ണന്‍ പൂക്കളും മരങ്ങളും ബൊക്കെയും ഒക്കെ നിര്‍മ്മിക്കുന്നതിനുള്ള ലളിതമായ മാര്‍ഗ്ഗങ്ങളും പരിശീലനം നല്‍കി കുട്ടികളെ കരകൗശലങ്ങളുടെ അത്ഭുതലോകത്തേയ്ക്ക് കൂട്ടിക്കൊണ്ടു പോയി. പലതരത്തിലുള്ള പൂക്കളുടെ രൂപനിര്‍മ്മാണം മുതല്‍ അലങ്കാരസങ്കേതങ്ങള്‍ വരെ നിര്‍മ്മിക്കുന്നതിനുള്ള പരിശീലനവും മാര്‍ഗ്ഗനിര്‍ദ്ദേശവും നല്‍കിയ ടീച്ചര്‍ കുട്ടികളുടെ അഭിരുചി അനുസരിച്ച് വ്യത്യസ്തമായ നിര്‍മ്മാണരീതികള്‍ സദസ്സില്‍ അവതരിപ്പിച്ചു.

ഖത്തര്‍ യൂണിവേഴ്‌സിറ്റിയിലെ ജൈവ, പരിസ്ഥിതി ശാസ്ത്ര വിഭാഗത്തിലെ അധ്യാപകന്‍ ഡോ. നയീം മുള്ളുങ്ങല്‍ മുഖ്യ പ്രഭാഷണം നടത്തി. ‘ജവഹര്‍ലാല്‍ നെഹ്‌റു കുട്ടികളെയും പ്രകൃതിയെയും സ്‌നേഹിച്ച നേതാവ്’ എന്ന വിഷയത്തില്‍ പ്രസംഗിച്ച അദ്ദേഹം നെഹ്‌റുവിന്റെ വിദ്യാഭ്യാസദര്‍ശനം, കുട്ടികളോടുള്ള സ്നേഹം, പ്രകൃതി സംരക്ഷണചിന്തകള്‍ തുടങ്ങിയവയെ ലളിതവും സുന്ദരവുമായി അവതരിപ്പിച്ചു. അതോടൊപ്പം ശിശുദിന ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ പേപ്പര്‍ റോസാപ്പൂ നിര്‍മ്മാണ മത്സരവും നടന്നു. വ്യത്യസ്ത വര്‍ണ്ണങ്ങളിലും രൂപങ്ങളിലുമുള്ള പനിനീര്‍ പുഷ്പങ്ങള്‍ നിര്‍മ്മിച്ച കുട്ടികള്‍ ചാച്ചാ നെഹ്രുവിന്റെ ചിത്രത്തില്‍ ചേര്‍ത്ത് വച്ചു .

അബ്ദുല്‍ റൗഫ് കൊണ്ടോട്ടി, ഡോ. അമാനുല്ല വടക്കാങ്ങര , അഡ്വക്കറ്റ് സുബൈര്‍ മാടായി എന്നിവര്‍ സംസാരിച്ചു. ഫിസിക്കല്‍ എജുക്കേഷന്‍ ടീച്ചറും നാഷണല്‍ ബാഡ്മിന്റണ്‍ അംപയറുമായ അജിത ശ്രീവല്‍സന്‍ മറ്റു പ്രശസ്ത വ്യക്തിത്വങ്ങള്‍ ജി. ആര്‍. സി. സി അംഗങ്ങള്‍ എന്നിവരും പരിപാടിയുടെ അവസാന ഘട്ടം വരെ കുട്ടികളോടൊപ്പം വിലപ്പെട്ട സമയം ചെലവഴിച്ച് കുട്ടികള്‍ക്ക് വേണ്ട പ്രോത്സാഹനം നല്‍കി

മത്സരത്തില്‍ വിജയിച്ച കുട്ടികള്‍ക്കും പങ്കെടുത്ത എല്ലാവര്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.

ഹുറാ സോണ്‍ ആയിരുന്നു പരിപാടിയുടെ പ്രായോജകര്‍