വെള്ളിയാഴ്ച രണ്ടാം ബാങ്കിന് 20 മിനിറ്റ് മുമ്പ് പള്ളികള്‍ തുറക്കും
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. അടുത്ത വെള്ളിയാഴ്ച മുതല്‍ രണ്ടാം ബാങ്കിന് 20 മിനിറ്റ് മുമ്പ് പള്ളികള്‍ തുറക്കുമെന്ന് മതകാര്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച രണ്ടാം ബാങ്കിന്റെ പത്ത് മിനിറ്റ് മുമ്പ് മാത്രം പള്ളികള്‍ തറന്നത് വിശ്വാസികള്‍ക്ക് പ്രയാസം സൃഷ്ടിച്ചത് കണക്കിലെടുതത്താണ് പുതിയ തീരുമാനം.
മതകാര്യ മന്ത്രാലയവും പൊതുജനാരോഗ്യ മന്ത്രാലയവും തമ്മിലുള്ള നിരന്തരമായ ഏകോപനത്തിന്റെ ചട്ടക്കൂടിനുള്ളില്‍, പൊതുജനാരോഗ്യ സൂചകങ്ങളിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളെക്കുറിച്ചും കോവിഡ് പാന്‍ഡെമിക് പരിഹരിക്കുന്നതിന് സ്വീകരിച്ച നടപടിക്രമങ്ങള്‍ക്കും അനുസൃതമായി, വെള്ളിയാഴ്ച രണ്ടാം ബാങ്കിന് 20 മിനിറ്റ് മുമ്പ് പള്ളികള്‍ തുറക്കുമെന്ന് മന്ത്രാലയം ട്വീറ്റില്‍ അറിയിച്ചു.
തിരക്കേറിയ പ്രദേശങ്ങളില്‍ ജുമുഅ നമസ്‌കാരത്തിനായി നിയോഗിച്ചിട്ടുള്ള പള്ളികളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനും മന്ത്രാലയം തീരുമാനിച്ചു. റമദാനിലെ ആദ്യ വെള്ളിയാഴ്ച പള്ളികളൊക്കെ നിറഞ്ഞ് കവിഞ്ഞ് പള്ളിക്ക് പുറത്തും ആളുകള്‍ നമസ്‌കരിക്കുന്ന അവസ്ഥയുണ്ടായിരുന്നു. സാമൂഹിക അകലം പാലിച്ച് സ്വഫ്ഫുകള്‍ ക്രമീകരിച്ചതിനാല്‍ സാധാരണത്തേതിലും കുറച്ച് പേര്‍ക്കേ പള്ളിക്കകത്ത് നമസ്‌ക്കരിക്കാന്‍ സ്ഥലം ലഭിക്കുകയുള്ളൂ. ചൂട് കാലാവസ്ഥ തുടങ്ങിയതിനാല്‍ പുറത്ത് നിന്ന് നമസ്‌കരിക്കല്‍ പ്രയാസമാകുമെന്നതിനാലാണ് കൂടുതല്‍ പള്ളികളില്‍ ജുമുഅ നമസ്‌കാരം സജ്ജജീകരിക്കുവാന്‍ തീരുമാനിച്ചത്.
എല്ലാവരും സുരക്ഷ മുന്‍കരുതല്‍ നടപടികള്‍ കൃത്യമായും പാലിക്കണം. ഹസ്ത ദാനം പാടില്ല. സാമൂഹിക അകലം പാലിക്കണം, എപ്പോഴും മാസ്‌ക് ധരിക്കണം , പള്ളികളുടെ ജാലകങ്ങള്‍ തുറന്നിടണം തുടങ്ങി നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ പള്ളി നടത്തിപ്പുകാരുമായി സഹകരിക്കണമെന്ന് മതകാര്യ മന്ത്രാലയം വിശ്വാസികളോട് ആവശ്യപ്പെട്ടു.