Local News

പ്രതിഭാസംഗമം-അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും മലയാളി സമാജത്തിന്റെ അനുമോദനം

ദോഹ:ശാന്തിനികേതന്‍ ഇന്ത്യന്‍ സ്‌കൂളിലെ അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥി
കള്‍ക്കും മലയാളി സമാജത്തിന്റെ അനുമോദനം. ഖത്തറിലെ ഇന്ത്യന്‍ സ്‌കൂളുകളില്‍ ഇക്കഴിഞ്ഞ 2024-25 അദ്ധ്യയന വര്‍ഷത്തെ സി ബി എസ് ഇ പത്താം തരം പരീക്ഷയില്‍ മലയാളഭാഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കുന്നതിനും വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കിയ അദ്ധ്യാപകരെ ആദരിക്കുന്നതിനുമായി മലയാളി സമാജവും റേഡിയോ മലയാളവും(98.6 എഫ് എം) പ്രതിഭാസംഗമം പരിപാടിയിലായിരുന്നു വിദ്യാര്‍ത്ഥികളേയും അദ്ധ്യാപകരേയും അനുമോദിച്ചത്. ശാന്തിനികേതന്‍ ഇന്ത്യന്‍ സ്‌കൂളിലെ മുഹമ്മദ് ഓടാംമന്നിയില്‍, ഹൈഫ ഷെറിന്‍, തമന്ന ഫാത്തിമ എന്നീ വിദ്യാര്‍ത്ഥികളാണ് മലയാളഭാഷാ പരീക്ഷയിലെ മികച്ച പ്രകടനത്തിന് പ്രത്യേകപുര സ്‌കാരം നേടിയത്. സമര്‍പ്പണബുദ്ധിയോടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി വിദ്യാര്‍ത്ഥികളെ ഉന്നതവിജയം നേടാന്‍ പ്രാപ്തരാക്കിയ മലയാളവിഭാഗം അദ്ധ്യക്ഷന്‍ പ്രസാദ്, അദ്ധ്യാപികയായ ലിനി വര്‍ഗിസ് എന്നിവരെ മലയാളി സമാജം പുരസ്‌കാരം നല്‍കി ആദരിച്ചു.
പ്രതിഭാസംഗമത്തോടനുബന്ധിച്ച് മലയാളഭാഷയും കേരളസംസ്‌കാരവും എന്ന വിഷയത്തെ അടിസ്ഥാനമാക്കി നടന്ന പ്രത്യേക പ്രശ്‌നോത്തരിയില്‍ ശാന്തിനികേതന്‍ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മൂന്നാം സ്ഥാനം ലഭിച്ചു.ഭാഗ്യ ശ്രീബിനു, മിഖ മേരി ജിനീഷ് എന്നീ വിദ്യാര്‍ത്ഥിനികളാണ് പ്രശ്‌നോത്തരിയില്‍ പങ്കെടുത്ത് ഉന്നതവിജയം കരസ്ഥ മാക്കിയത്.വിജയികള്‍ക്ക് മുഖ്യാതിഥി ലോക്‌സഭാംഗം അടൂര്‍ പ്രകാശ് പുരസ്‌കാരങ്ങള്‍ നല്‍കി.