ലോക സമാധാനത്തിന് ഖത്തറിന്റെ ഇടപെടൽ ശ്രദ്ധേയമെന്ന് – ടി പി അബ്ദുല്ല കോയ മദനി

ദോഹ: ഖത്തർ ഇന്ത്യൻ ഇസ്‌ലാഹി സെന്ററിന്റെ നാൽപ്പത്തിയഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ദോഹയിൽ സംഘടിപ്പിച്ച ലീഡേഴ്‌സ് മീറ്റപ്പ് കെ എൻ എം പ്രസിഡന്റ് ടി പി അബ്ദുല്ല കോയ മദനി ഉദ്ഘാടനം ചെയ്തു. സാൽവ റോഡിലെ സയ്‌തൂൺ റസ്റ്റോറന്റിൽ നടന്ന പരിപാടിയിൽ ഖത്തറിലെ വിവിധ സാമൂഹിക, വിദ്യാഭ്യാസ ,രാഷ്ട്രീയ വാണിജ്യ രംഗത്തെ പ്രമുഖർ പങ്കെടുത്തു.
ലോകത്ത് സമാധാനവും സൗഹൃദവും നിലനിർത്തുന്നതിൽ ഖത്തർ സ്വീകരിച്ചുവരുന്ന നിലപാടുകളും നയതന്ത്ര ഇടപെടലുകളും പ്രശംസനീയമാണെന്ന് ടി പി അബ്ദുല്ല കോയ മദനി പറഞ്ഞു. സാമൂഹ്യ സൗഹാർദ്ദവും ഐക്യവും കാത്തുസൂക്ഷിച്ചുകൊണ്ട് മുന്നോട്ട് പോകേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും അദ്ദേഹം പറഞ്ഞു. വിഭാഗീയതയും വെറുപ്പും മനുഷ്യരാശിയുടെ പുരോഗതിക്ക് വലിയ തടസ്സമാണെന്നും, വർഗ്ഗവും വർണ്ണവും അടിസ്ഥാനമാക്കിയുള്ള എല്ലാ വിഭജനങ്ങളെയും ഇസ്‌ലാം ശക്തമായി നിരാകരിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വന്തം വിശ്വാസവും സംസ്കാരവും പിന്തുടരുന്നതിനൊപ്പം മറ്റുള്ളവർക്കും അതിനുള്ള അവകാശമുണ്ടെന്ന ബോധം വളർത്തേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഓർമ്മിപ്പിച്ചു.
ഖത്തർ ഇന്ത്യൻ ഇസ്‌ലാഹി സെന്റർ പ്രസിഡന്റ് സുബൈർ വക്ര അധ്യക്ഷത വഹിച്ചു. കെ എൻ എം ട്രഷറർ നൂർ മുഹമ്മദ് നൂർഷ, കെ എൻ എം സെക്രട്ടറി ഡോ.
എ ഐ. അബ്ദുൽ മജീദ് സ്വലാഹി, എം എം അക്ബർ, അലി ശാക്കിർ മുണ്ടേരി, പ്രോഗ്രാം കമ്മിറ്റി മുഖ്യ രക്ഷാധികാരി എ. പി. ആസാദ്, ഉണ്ണി ഒളകര, സൈനുൽ ആബിദീൻ സഫാരി, അബ്ദുൽ കരീം എം ഇ എസ്, ഹൈദർ ചുങ്കത്തറ, ഹുസൈൻ അൽ മുഫ്ത എന്നിവർ സംസാരിച്ചു.
ജനറൽ സെക്രട്ടറി പി കെ ഷെമീർ സ്വാഗതവും സെക്രട്ടറി മുഹമ്മദ് ലയിസ് കുനിയിൽ നന്ദിയും പറഞ്ഞു. ഖത്തറിലെ സാമൂഹ്യ–സാംസ്കാരിക രംഗത്തെ പ്രമുഖർ, ഇസ്‌ലാഹി സെന്റർ നേതാക്കൾ, പ്രോഗ്രാം കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്ത ലീഡേഴ്‌സ് മീറ്റിന് അക്ബർ കാസിം, സി കെ ശരീഫ്, അബ്ദുല്ല ഹുസൈൻ, ഹനീഫ ആയപ്പള്ളി, നജീബ് അബൂബക്കർ, ഡോ. ഹശ് യത്തുള്ള, ഖല്ലാദ് ഇസ്മായിൽ എന്നിവർ നേതൃത്വം നൽകി.


