144 ദിവസത്തെ ആശുപത്രിവാസവും കോവിഡ് സങ്കീര്‍ണതകളും അതിജീവിച്ച് 65 കാരനായ സ്വദേശി പൗരന്‍ ജീവിതത്തിലേക്ക്
ഡോ. അമാനുല്ല വടക്കാങ്ങര :
ദോഹ: 144 ദിവസത്തെ ആശുപത്രിവാസവും കോവിഡ് സങ്കീര്‍ണതകളും അതിജീവിച്ച് 65 കാരനായ സ്വദേശി പൗരന്‍ ജീവിതത്തിലേക്ക് തിരിച്ചുവരുമ്പോള്‍ ഖത്തറിലെ ആരോഗ്യ പരിചരണത്തിന്റേയും ആതുര സേവനത്തിന്റേയും മികവ് ഒരിക്കല്‍ കൂടി വ്യക്തമാകുന്നു. ഇത്രയുമധികം ദിവസം ആശുപത്രി പരിചരണം നേടിയ കോവിഡ് രോഗിയും ഇദ്ദേഹമാകും.
2020 സപ്തമ്പര്‍ 20 ന് കോവിഡ് ബാധയെ തുടര്‍ന്ന് ശ്വാസകോശ ധമനികളിലെ രക്തസമ്മര്‍ദ്ദവും കടുത്ത ന്യൂമോണിയയും ശക്തമായ വെല്ലുവിളി സൃഷ്ടിച്ച സാഹചര്യത്തിലാണ് ഹസം മെബൈറീക്ക് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശ്വാസകോശത്തിലെ ഫൈബ്രോസിസ്, അക്യൂട്ട് റെസ്പിറേറ്ററി പരാജയം, കരള്‍ പ്രവര്‍ത്തനത്തിലെ പൂര്‍ണ്ണ തകരാറുകള്‍ എന്നിവ വരെ അദ്ദേഹത്തിന്റെ അവസ്ഥ വഷളായി. എന്നാല്‍ വിദഗ്ദമായ ആരോഗ്യ സംവിധാനങ്ങളും പരിചരണവും കാരണം രോഗം പൂര്‍ണമായും ഭേദമായ അദ്ദേഹത്തെ കഴിഞ്ഞ ദിവസം ഡിസ്ചാര്‍ജ് ചെയ്തു.