മിഡില്‍ ഈസ്റ്റിലേക്കുള്ള ഫ്രഞ്ച് ഉല്‍പന്നങ്ങളുടെ കയറ്റുമതിയില്‍ വന്‍ ഇടിവ്
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ: കഴിഞ്ഞ വര്‍ഷം ഇസ്ലാമിനും മുസ്ലിംകള്‍ക്കുമെതിരായ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ മോശം പരാമര്‍ശങ്ങള്‍ക്ക് മറുപടിയായി ഫ്രഞ്ച് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കാനുള്ള ആഹ്വാനത്തെ തുടര്‍ന്ന് മിഡില്‍ ഈസ്റ്റിലേക്ക് വിശിഷ്യ ഖത്തറിലേക്കുള്ള ഫ്രഞ്ച് ഉല്‍പന്നങ്ങളുടെ കയറ്റുമതിയില്‍ വന്‍ ഇടിവുണ്ടായതായി ഇന്റര്‍നാഷണല്‍ ട്രേഡ് സെന്റര്‍ (ഐടിസി) പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.
2020 ല്‍ ഖത്തറിലേക്കുള്ള ഫ്രഞ്ച് കയറ്റുമതി 59 ശതമാനമാണ് ഇടിഞ്ഞത്. മൂല്യം 2019 നെ അപേക്ഷിച്ച് 4.2 മില്യണ്‍ ഡോളറില്‍ നിന്ന് 1.7 മില്യണ്‍ ഡോളറായി കുറഞ്ഞു.
ഫ്രാന്‍സില്‍ ഒരു അധ്യാപകന്റെ കൊലപാതകത്തെയും തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളെയും തുടര്‍ന്ന് ഫ്രഞ്ച് ഉല്‍പ്പന്നങ്ങള്‍ ആഗോള ബഹിഷ്‌കരണത്തില്‍ ഖത്തര്‍ പങ്കെടുത്തിരുന്നു.
കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍, ഖത്തറിലെ ഏറ്റവും വലിയ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ അല്‍ മീരയാണ് ഫ്രഞ്ച് ഉല്‍പ്പന്നങ്ങളെ അതിന്റെ അലമാരയില്‍ നിന്ന് പരസ്യമായി പിന്‍വലിച്ചത്. തുടര്‍ന്ന് നിരവധി സൂപ്പര്‍മാര്‍ക്കറ്റുകളും കമ്പനികളും ഫ്രഞ്ച് ഉല്‍പന്നങ്ങള്‍ ബഹിഷ്‌ക്കരിക്കുവാന്‍ മുന്നോട്ടു വന്നു.
ഫ്രഞ്ച് ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കാനുള്ള കാമ്പയിന്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തതോടെ വമ്പിച്ച പ്രതികരണമാണുണ്ടായത്. ഗള്‍ഫില്‍ കാമ്പെയ്ന്‍ കുവൈത്തിലും ഖത്തറിലും പരമാവധി പിന്തുണക്കാരെ നേടി മുന്നേറി.