അക്റം അഫീഫിന് സസ്പെന്‍ഷനും പിഴയും വിധിച്ച് ഖത്തര്‍ ഫുട്ബോള്‍ അസോസിയേഷന്‍
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. വെള്ളിയാഴ്ച നടന്ന ഖത്തര്‍ കപ്പ് സെമി ഫൈനല്‍ മല്‍സരം സംബന്ധിച്ച അല്‍ ഖാസ് ടെലിവിഷനിലൂടെ നടത്തിയ പരസ്യ പ്രസ്താവനകളെ തുടര്‍ന്ന് അല്‍ സദ്ദ് താരം അക്റം അഫീഫിനെ രണ്ട് മല്‍സരങ്ങളില്‍ നിന്ന് സസ്പെന്റ് ചെയ്ത ഖത്തര്‍ ഫുട്ബോള്‍ അസോസിയേഷന്‍ താരത്തിന് 30,000 റിയാല്‍ പിഴയും വിധിച്ചു.
ഖത്തര്‍ ഫുട്ബോള്‍ അസോസിയേഷന്‍ അച്ചടക്ക സമിതിയുടെ ശുപാര്‍ശയനുസരിച്ചാണ് തീരുമാനം. അടുത്ത ക്യൂ.എന്‍.ബി മല്‍സരത്തിലും ഖത്തര്‍ കപ്പ് ഫൈനല്‍ മല്‍സരത്തിലും അക്റം അഫീഫിന് കളിക്കാനാവില്ല.
അക്രം അഫിഫ് നടത്തിയ മാധ്യമ പ്രസ്താവനകള്‍ 2020-2021 കായിക സീസണിലെ അച്ചടക്ക ചട്ടങ്ങളുടെ ആര്‍ട്ടിക്കിള്‍ നമ്പര്‍ 77/4, 39 / 1 പ്രകാരമാണ് സസ്പെന്‍ഷനും പിഴയുമെന്ന് ഖത്തര്‍ ഫുട്ബോള്‍ അസോസിയേഷന്‍ ട്വിറ്ററില്‍ വ്യക്തമാക്കി.
റഫറിയെ കുറ്റപ്പെടുത്തുന്ന തരത്തില്‍ ഞങ്ങള്‍ പതിനൊന്നര കളിക്കാര്‍ക്കെതിരെ കളിക്കുകയായിരുന്നു എന്ന അഫിഫിന്റെ പ്രസ്താവന സാമൂഹ്യ മാധ്യമങ്ങളില്‍ വന്‍ വിവാദം സൃഷ്ടിച്ചിരുന്നു.