പബ്ലിക്-പ്രൈവറ്റ് പാര്‍ട്ണര്‍ഷിപ്പില്‍ പതിനാല് സ്‌കൂളുകള്‍ നിര്‍മിക്കാന്‍ താല്‍പര്യം ക്ഷണിച്ച് ഖത്തര്‍
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തര്‍ വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്റെയും പൊതുമരാമത്ത് അതോറിറ്റിയുടെയും (അശ്ഗാല്‍) സഹകരണത്തോടെ വാണിജ്യ വ്യവസായ മന്ത്രാലയം പബ്ലിക്-പ്രൈവറ്റ് പാര്‍ട്ണര്‍ഷിപ്പില്‍ (പിപിപി) പതിനാല് സ്‌കൂളുകള്‍ നിര്‍മിക്കാന്‍ താല്‍പര്യം ക്ഷണിച്ചു. പിപിപി മാതൃകയില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന മൂന്നാമത്തെ പദ്ധതിയാണിത്.
മൂന്നാമത്തെ പാക്കേജില്‍ നാല് സെക്കന്‍ഡറി സ്‌കൂളുകള്‍, അഞ്ച് പ്രിപ്പറേറ്ററി സ്‌കൂളുകള്‍, നാല് പ്രൈമറി സ്‌കൂളുകള്‍, പ്രത്യേക ആവശ്യങ്ങളുള്ള വിദ്യാര്‍ത്ഥികള്‍ക്കായി ഒരു സ്‌കൂള്‍ എന്നിവയാണ് ഉള്‍പ്പെടുന്നത്. വിദ്യാഭ്യാസ നിലവാരത്തില്‍ നിരന്തരമായ പുരോഗതി കൈവരിക്കുമ്പോഴും ജനസംഖ്യാ വര്‍ധനയ്ക്കും വിദ്യാര്‍ത്ഥികളുടെ എണ്ണത്തിനും അനുസൃതമായി വിദ്യാഭ്യാസ മേഖലയില്‍ വര്‍ദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റുകയാണ് ലക്ഷ്യം.
14 സ്‌കൂളുകള്‍ രൂപകല്‍പ്പന ചെയ്യുകയും നിര്‍മ്മിക്കുകയും ചെയ്യുക, കുടിയൊഴിപ്പിക്കപ്പെട്ട സ്‌കൂളുകളുടെ പൊളിച്ചുനീക്കല്‍, പദ്ധതിക്ക് ധനസഹായം നല്‍കുക, 25 വര്‍ഷത്തെ ഇളവ് കാലയളവില്‍ പ്രവര്‍ത്തനവും പരിപാലനവും, കാലാവധിയുടെ അവസാനത്തില്‍ സ്വത്ത് അതോറിറ്റിക്ക് കൈമാറുക എന്നിവയാണ് പദ്ധതിയുടെ പരിധിയില്‍ വരിക.
ഇതിന് താല്‍പ്പര്യമുള്ള ഖത്തരിലെ കമ്പനികളേയും അന്താരാഷ്ട്ര കമ്പനികളെയും കണ്‍സോര്‍ഷ്യങ്ങളെയും ക്ഷണിച്ചിട്ടുണ്ട്.
താല്‍പ്പര്യമുള്ള സ്ഥാപനങ്ങള്‍ക്ക് www.ashghal.gov.qa വഴി രേഖകള്‍ സമര്‍പ്പിക്കാം. സാധുവായ കൊമേര്‍സ്യല്‍ രജിസ്ട്രേഷനും മറ്റു രേഖകളും 2021 മാര്‍ച്ച് 9 ന് ദോഹ സമയം 1 മണിക്ക് മുമ്പ് ഇലക്ട്രോണിക് വഴി EOIashghal.gov.qa ലേക്ക് അയയ്ക്കണം.
ഖത്തര്‍ സ്‌കൂളുകളുടെ പൊതു-സ്വകാര്യ പങ്കാളിത്ത വികസന പരിപാടിയില്‍ 47 സ്‌കൂളുകളുടെ വികസനം നാല് പാക്കേജുകളായി ഉള്‍ക്കൊള്ളുന്നു എന്നത് എടുത്തുപറയേണ്ടതാണ്.