ബഷീര്‍ നന്മണ്ട, ശാന്തനായ കലാകാരന്‍
ഡോ. അമാനുല്ല വടക്കാങ്ങര
നിര്‍മലമായ മനസും ശാന്തമായ സ്വഭാവവും പുഞ്ചിരിയോടെയുള്ള സേവന സന്നദ്ധതും കൈമുതലാക്കിയ കലാകാരനാണ് ബഷീര്‍ നന്മണ്ട. കഴിഞ്ഞ മൂന്ന് പതിറ്റാണ്ട് കാലമായി ഖത്തറില്‍ പ്രവാസിയായ സാമൂഹ്യ സാംസ്‌കാരിക ജീവകാരുണ് മേഖലകളിലൊക്കെ സജീവ സാന്നിധ്യമാണ്.
മൈന്റ് ട്യൂണ്‍ ഇക്കോ വേവ്സ്, ഇന്‍കാസ് എന്നിവയാണ് സാമൂഹ്യ പ്രവര്‍ത്തനത്തിന്റെ പ്രധാന തട്ടകങ്ങളെങ്കിലും നന്മണ്ട പ്രവാസി അസോസിയേഷന്‍ എന്ന പ്രാദേശിക കൂട്ടായ്മയുടെ മുന്‍നിരപ്രവര്‍ത്തകനാണ്.
കംപ്യൂട്ടര്‍ ഗ്രാഫിക്സുകള്‍ പ്രചാരത്തിലാകുന്നതിന് മുമ്പ് തിരക്ക് പിടിച്ച ബോര്‍ഡ്, ബാനര്‍ എഴുത്തുകാരനായിരുന്നു അദ്ദേഹം. സാങ്കേതിക വിദ്യ സൃഷ്ടിച്ച പ്രിന്റിംഗ് വിപ്ളവത്തിലൂടെ ഫ്ളക്സിലേക്കും കംപ്യൂട്ടര്‍ ഗ്രാഫിക്സിലേക്കും മാറിയപ്പോള്‍ അദ്ദേഹവും ഹൈടെക് ആയി. 1991 മുതല്‍ ആര്‍ട്ടിസ്റ്റ് എന്നത് ഹോബിയും പ്രൊഫഷനുമായി കൊണ്ടു നടക്കുന്നുവെന്നതാകാം അദ്ദേഹത്തിന്റെ സവിശേഷത.
യൂണിവേര്‍സല്‍ ആര്‍ട്സില്‍ നിന്നാണ് ചിത്ര രചന പഠിച്ചത്. എന്നാല്‍ ആ രംഗത്ത് കാര്യമായെന്നും ചെയ്തില്ലെങ്കിലും ഖത്തര്‍ മലയാളി സമ്മേളനം, ചാലിയാര്‍ ദോഹ എന്നിവ സംഘടിപ്പിച്ച കൂട്ടായ പെയിന്റിംഗ് പരിപാടികളില്‍ ബഷീര്‍ നന്മണ്ട സജീവമാകാറുണ്ട്. കോഴിക്കോട് ജില്ലയിലെ നന്മണ്ട സ്വദേശിയാണ്.
നല്ല മനുഷ്യ സ്നേഹിയായ അദ്ദേഹം പരിചയപ്പെടുന്നവരുടെ ഹൃദയം വളരെ പെട്ടെന്നാണ് കീഴടക്കുക. ലാളിത്യവും വിനയവും അദ്ദേഹത്തിന്റെ മുഖമുദ്രയാണ്.
കോവിഡ് പശ്ചാത്തലത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട സമര്‍ എന്ന ഷോര്‍ട്ട് പിലിമില്‍ അഭിനയിച്ച അദ്ദേഹം പല നാടകങ്ങളിലും വേഷമിട്ടിട്ടുണ്ട്. പാട്ടും കലയുമൊക്കെ നന്നായി ആസ്വദിക്കുന്ന ഒരു സഹൃദയനാണ്. ബഷീറിന്റെ സഹോദരന്മാരും സഹോദര പുത്രരും പാട്ടെഴുത്തിലും സംഗീതത്തിലുമൊക്കെ സജീവമാണ്.
ചെറുപ്പത്തിലേ പിതാവ് മരിച്ചതിനാല്‍ ഉമ്മയാണ് പഠിപ്പിച്ചതും പോറ്റി വളര്‍ത്തിയതും. ഇപ്പോള്‍ ഉമ്മ അദ്ദേഹത്തോടൊപ്പമാണ് താമസം. മൈമൂനയാണ് സഹധര്‍മിണി. അബ്ദുല്‍ ബാസിത്, ബാസില്‍ അമീന്‍, റജാ ഫാത്തിമ എന്നിവരാണ് മക്കള്‍.