IM Special

ഭ്രാന്തന്‍ സെല്ലുകളുടെ കണക്കുപുസ്തകം അഥവാ സുഹാസ് പാറക്കണ്ടിയുടെ കാന്‍സര്‍ അതിജീവനത്തിന്റെ രസതന്ത്രം

ഡോ. അമാനുല്ല വടക്കാങ്ങര

വൈദ്യശാസ്ത്രവും ചികില്‍സാ സൗകര്യങ്ങളും ഏറെ പുരോഗമിക്കുകയും ശാസ്ത്ര സാങ്കേതിക രംഗങ്ങളിലെ മികവ് ജീവിതം കൂടുതല്‍ സൗകര്യപ്രദമാക്കുകയും ചെയ്തിട്ടുണ്ടെങ്കിലും ഇപ്പോഴും ഏത് മനക്കരുത്തുള്ളവനേയും തകര്‍ത്തുകളയുന്ന അതിഭീകരമായ ഒരു രോഗമാണ് കാന്‍സര്‍ .ജീവിതത്തിന്റെ തിരക്ക് പിടിച്ച ഓട്ടങ്ങള്‍ക്കിടയില്‍ എപ്പോഴോ കാന്‍സറിന്റെ ഭ്രാന്തന്‍ സെല്ലുകള്‍ നമ്മെ കാഴ്‌പ്പെടുത്തിയിരിക്കുന്നുവെന്നറിയുന്ന നിമിഷം മുതല്‍ ഒരു കുടംബത്തിന്റെ മൊത്തം ജീവിതത്തിന്റെ താളമാണ് തകരാറിലാകുന്നത്. ജീവിതത്തിനും മരണത്തിനുമിടയിലുള്ള ദൈര്‍ഘ്യം കുറഞ്ഞുപോയതായി അനുഭവപ്പെടുകയും മ്‌ളാനമായ മനസും ശരീരവും ജീവിതം വിരസമാക്കുകയും ചെയ്യുന്ന അത്യന്തം പ്രയാസകരമായ ദിനങ്ങളാണ് പലരേയും കാത്തിരിക്കുക. ഈ പശ്ചാത്തലത്തിലാണ് സുഹാസ് പാറക്കണ്ടി എന്ന യുവ പ്രതിഭയുടെ ഭ്രാന്തന്‍ സെല്ലുകളുടെ കണക്കുപുസ്തകം എന്ന അതിജീവന ഗ്രന്ഥം ശ്രദ്ധേയമാകുന്നത്.

ഖത്തറിലെ കലാസാംസ്‌കാരിക രംഗത്തെ ശ്രദ്ധേയ കൂട്ടായ്മയായ സംസ്‌കൃതിയുടെ നേതൃനിരയില്‍ തിളങ്ങി നിന്ന സജീവ പ്രവര്‍ത്തകനായിരുന്ന സുഹാസ് പാറക്കണ്ടി എന്ന ചെറുപ്പക്കാരനെ ഭ്രാന്തന്‍ സെല്ലുകള്‍ കീഴ്‌പെടുത്തിയപ്പോള്‍ മനക്കരുത്തിന്റയും ആത്മ വിശ്വാസത്തിന്റേയും പിമ്പലത്തോടെ ഖത്തറിലെ ആരോഗ്യ രംഗത്തെ മികച്ച സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തി ജീവിതത്തിലേക്ക് തിരിച്ചു നടന്നതിന്റെ ഹൃദയ സ്പൃക്കായ വിവരണണാണ് ഭ്രാന്തന്‍ സെല്ലുകളുടെ കണക്കുപുസ്തകം എന്ന് സംഗ്രഹിക്കാം. കാന്‍സര്‍ പ്രതിരോധത്തില്‍ ആത്മവിശ്വാസത്തിന്റേയും വൈദ്യ പരിചരണത്തിന്റേയും സൗഹൃദങ്ങളുടേയുമൊക്കെ പ്രാധാന്യവും പ്രസക്തിയുമടയാളപ്പെടുത്തുന്ന ഈ ഗ്രന്ഥം പൊതുസമൂഹത്തിന് പ്രചോദനവും വഴികാട്ടിയുമാണ്.

 

കാന്‍സര്‍ ഇന്നും ഭീകരമായ ഒരു രോഗമാണ് . ആ രോഗവിവരം സ്ഥിരീകരിക്കുന്നതോടെ കുടുംബവും ചുറ്റുപാടും മ്‌ളാനമാകുന്നു. സന്തോഷം അപ്രത്യക്ഷമാകുന്ന ഇരുണ്ട ദിനങ്ങളിലൂടെ സഞ്ചരിക്കേണ്ടിവരുന്നു. ചികില്‍സയുടെ ഭീകരമായ രംഗങ്ങളും ഭീമമായ ചിലവും അനന്തര ഫലങ്ങളുമൊക്കെ ഏവരേയും അസ്വസ്ഥരാക്കും. എന്നാല്‍ ഒറ്റക്കെല്ല നാം എന്ന് നമ്മെ ബോധ്യപ്പെടുത്തുന്ന ഇടപെടലുകളും സാമീപ്യങ്ങളും നമ്മെ കരുത്തരാക്കും. കനല്‍പഥങ്ങളെ താണ്ടി ജീവിതത്തിന്റെ വെള്ളിവെളിച്ചത്തിലേക്ക് നയിക്കും. ഭ്രാന്തന്‍ സെല്ലുകളുടെ വലക്കണ്ണികളെ പൊട്ടിച്ചെറിഞ്ഞ് ജീവിതത്തിന്റെ മനോഹരമായ ഇടങ്ങളിലേക്കുള്ള ഈ ചെറുപ്പക്കാരന്റെ മുന്നേറ്റം തുറന്ന മനസ്സോടെ വരച്ചുകാണിക്കുന്ന ഈ പുസ്‌കത്തിലെ പല പേജുകളെ വായനക്കാരന്റെ കണ്ണുകളെ ഈറനണിയിക്കാതിരിക്കില്ല. കൂടെപ്പിറപ്പുകളും കുടുംബവും കൂട്ടുകാരുമൊക്കെ സ്‌നേഹത്തിന്റെ തണല്‍വിരിക്കുന്ന അനുഗ്രഹീത മുഹൂര്‍ത്തങ്ങളില്‍ അവരെ വേദനിപ്പിക്കാതെ ഭ്രാന്തന്‍സെല്ലുകളോട് പടപൊരുതിയ ധീര യോദ്ധാവായി സുഹാസ് പ്രത്യക്ഷപ്പെടുമ്പോള്‍ ഈ രോഗം ബാധിച്ച് മാനസികമായി തളര്‍ന്നുകിടക്കുന്ന നിരവധി മനുഷ്യരെ പ്രതീക്ഷയിലേക്ക് നടത്തിക്കുവാന്‍ ഈ പുസ്തകത്തിനാകുന്നുവെന്നതാണ് ഏറെ പ്രധാനം.

കാന്‍സറിന്റെ ക്രൂരമായ വിളയാട്ടങ്ങളെ ആധുനിക വൈദ്യ ശാസ്ത്രത്തോടൊപ്പം സ്‌നേഹത്തിന്റേയും ആത്മവിശ്വാസത്തിന്റേയും കരുത്തോടെ തിരിച്ചുപിടിക്കാനാകുമെന്ന കാര്യം സഹജീവികളെ ബോധ്യപ്പെടുത്തുകയാണ് തന്റെ പുസ്തകം ലക്ഷ്യം വെക്കുന്നതെന്ന് സുഹാസ് പറയുമ്പോള്‍ ഈ ചെറുപ്പക്കാരന്റെ മാനവിക സങ്കല്‍പങ്ങളും മനുഷ്യപ്പറ്റും നമ്മെ അത്ഭുതപ്പെടുത്തും. ഒന്നര പതിറ്റാണ്ടോളമായി ഖത്തറിലെ സാമൂഹ്യ സാംസ്‌കാരിക സേവന പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന സുഹാസിന് ചികില്‍സയിലുടനീളം കൂടെപ്പിറപ്പുകളെപ്പോലെ എല്ലാ സഹായവും പരിചരണവും നല്‍കാന്‍ സഹപ്രവര്‍ത്തകരും സഖാക്കളും പരസ്പരം മല്‍സരിക്കുകയായിരുന്നു. ഖത്തറിലെ ഹമദ് ഹോസ്പിറ്റലിലേയും കാന്‍സര്‍ ഹോസ്പിറ്റലിലേയും ചികില്‍സയോടൊപ്പം ലഭിച്ച മാനവ സ്‌നേഹത്തിന്റേയും സാഹോദര്യത്തിന്റേയും പ്രായോഗിക പാഠങ്ങളാണ് ഈ ചെറുപ്പക്കാരനെ ജീവിതത്തിലേക്ക് തിരിച്ച് നടക്കാന്‍ പ്രാപ്തനാക്കിയത്. പുസ്‌കത്തിന്റെ തുടക്കത്തില്‍ ജി.എസ്. പ്രദീപ് കുറിച്ചതുപോലെ കൊടുംകാലുകളുപയോഗിച്ച് വളഞ്ഞുപിടിക്കുന്ന ഞങ്ങുകളുടെ ഗറില്ല യുദ്ധത്തെ ഉറച്ച ശുഭാപ്തി വിശ്വാസത്തിന്റെ കരുത്തോടെ സുഹാസ് പരാജയപ്പെടുത്തി. പൂര്‍ണനിലാവിന്റെ തെളിവുള്ള പുഞ്ചിരിയുമായി ജീവിതത്തിന്റെ വയലുകളില്‍ നവധാന്യങ്ങള്‍ കൊയ്യാന്‍ സ്‌നേഹ സൗഹൃദങ്ങളുടെ ആ കൊയ്ത്തുകാരന്‍ വീണ്ടുമെത്തിയത് സ്വയം ജീവിക്കുന്നതോടൊപ്പം മറ്റു പലരേയും ജീവിപ്പിക്കാന്‍ കൂടിയാണെന്ന് ബോധ്യപ്പെടുത്തുന്ന സൃഷ്ടിയാണ് ഈ പുസ്തകം. കാന്‍സര്‍ രോഗം മലയാളി സമൂഹത്തില്‍ വ്യാപകമാകുന്ന സമകാലിക ലോകത്ത് ഏറെ പ്രധാനവും പ്രസക്തവുമായ ചിന്തകളും സന്ദേശങ്ങളും ഈ പുസ്തകം പ്രബുദ്ധ സമൂഹത്തിന് മുന്നില്‍ അവതരിപ്പിക്കുണ്ട് .

അതിജീവനം സാധ്യമാണെന്ന ബോധം സൃഷ്ടിക്കുന്നതോടൊപ്പം രോഗിയെ പരിചരിക്കുന്നവരോടും സമൂഹത്തോടും സുഹാസിന് പറയാനുള്ളത് , രോഗിക്കാവശ്യം മറ്റുള്ളവരുടെ സഹതാപമോ ദുരന്തകഥകളോ അല്ല. മറിച്ച് പ്രതീക്ഷയും പ്രത്യാശയും ജനിപ്പിക്കുന്ന അതിജീവന കഥകളാണ് . അതുപോലെ തന്നെ മുഖത്ത് വിരിയുന്ന നിഷ്‌കളങ്കമായ പുഞ്ചിരിയാണ് തിരിച്ചുവരവിനുള്ള ഊര്‍ജം സമ്മാനിക്കുക.


ജീവിതത്തിലെ തീവ്രമായ അഗ്നി പരീക്ഷയിലൂടെ കടന്നുപോകുമ്പോഴും പ്രതിസന്ധികളെ അനുഭൂതിയായി സ്വീകരിക്കാന്‍ കഴിയുക അത്ര എളുപ്പമല്ല. സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റേയും പൂക്കള്‍ മെത്തവിരിക്കുന്ന സുന്ദരമായ പശ്ചാത്തലവും ചികില്‍സാ രംഗത്തെ വിദഗ്ധരായ ഡോക്ടര്‍മാരും നഴ്‌സുമാരുമൊക്കെ തീര്‍ത്ത ആരോഗ്യകരമായ അന്തരീക്ഷവുമൊക്കെയാവാം മാനവ സ്‌നേഹത്തിന്റേയും സൗഹൃദത്തിന്റേയും തോഴനായ സുഹാസിനെ കാന്‍സറിനെ പുഞ്ചിരിയോടെ നേരിടാന്‍ സഹായിച്ചത്. അതിജീവനത്തിന്റെ പേരാണ് ജീവിതമെന്ന് സ്വന്തം ജീവിതാനുഭവങ്ങളിലൂടെ വരച്ചുവെക്കുന്നുവെന്നതാണ് ഭ്രാന്തന്‍സെല്ലുകളുടെ കണക്കുപുസ്തകം എന്ന സൃഷ്ടിയുടെ ആകെത്തുക. പ്രശശ്ത ഫ്രഞ്ച് നോവലിസ്റ്റ് ആല്‍ബര്‍ട്ട് കമു തന്റെ പ്‌ളേഗ് എന്ന നോവലില്‍ പറയുന്നതുപോലെ എന്തൊക്കെ സംഭവിക്കുമെന്നതിനെക്കുറിച്ച് വ്യക്തമായ ധാരണകളൊന്നുമില്ലെങ്കിലും ജീവനുള്ള കാലത്തോളം അതിജീവനമാണ് ജീവിതമെന്ന തിരിച്ചറിവോടെ സമാധാനമായി കഴിയുക.കാന്‍സര്‍ രോഗത്തിന്റെ അതിഭീകരമായ കടന്നാക്രമണങ്ങളെ പ്രതിരോധിക്കുവാന്‍ രണ്ട് വര്‍ഷത്തെ ചികില്‍സാകാലയളവില്‍ നിരവധി കീമോതെറാപ്പികളും 4 സര്‍ജറികളും അതിജീവിച്ചതിന്റെ അനുഭവ പാഠങ്ങളാണ് അദ്ദേഹം ഈ കൃതിയില്‍ വരച്ചുവെക്കുന്നത്. മനുഷ്യപറ്റുളള സഹപ്രവര്‍ത്തകരില്‍ നിന്നും കൂടെപ്പിറപ്പുകളില്‍ നിന്നും സഹജീവികളില്‍ നിന്നും ലഭിക്കുന്ന സ്‌നേഹമാണ് ഏറ്റവും വലിയ അതിജീവനത്തിന്റെ രസതന്ത്രം. രോഗത്തിന്റെ മൂര്‍ദ്ധന്യ ഘട്ടത്തില്‍ ആ സ്‌നേഹം പകര്‍ന്നുകൊടുക്കാനെത്തിയ സഹോദരന്മാരേയും ഓരോ ഘട്ടത്തിലും ധൈര്യം പകര്‍ന്നുനല്‍കിയ സഖാക്കളേയും പ്രത്യേകം പേരെടുത്ത് തന്നെ സുഹാസ് ഓര്‍ക്കുന്നത് നന്ദിയുള്ള ഹൃദയത്തോടെയാണ് . പ്രിയപ്പെട്ട ഖത്തര്‍ , ദയനീയമായൊരു നോട്ടം കൊണ്ടുപോലുമെന്നെ തളര്‍ത്താതിരുന്നതിന് , ഒരു തുള്ളി കണ്ണുനീരുകൊണ്ടുപോലുമെന്നെ സങ്കടപ്പെടുത്താതിരുന്നതിന് , നിങ്ങളില്ലായിരുന്നെങ്കില്‍ ഞാനില്ലെന്ന ഭംഗിവാക്കുകള്‍പ്പുറത്തെ സത്യത്തിന് സമര്‍പ്പിച്ച ഭ്രാന്തന്‍ സെല്ലുകളുടെ കണക്കുപുസ്തകം കേരളത്തില്‍ വടകരക്കടുത്ത പേരാമ്പ്രക്കും ഖത്തറെന്ന ഈ കൊച്ചുരാജ്യത്തിനുമിടയില്‍ ഒഴുകിയ സ്‌നേഹത്തിന്റെ നീരൊഴുക്കും അതിജീവനത്തിന്റെ വിജയഗാഥയുമാണ് .

ജീവിതഗതി മാറ്റി മറിച്ച കാന്‍സറിന്റെ വിവിധ ഘട്ടങ്ങളില്‍ മനസ്സാന്നിധ്യം കൊണ്ട് പിടിച്ചുനില്‍ക്കുകയും പ്രിയപ്പെട്ടവരുടെ കരുത്ത് പകരുന്ന സാന്നിധ്യം നല്‍കിയ ഊര്‍ജവും ഖത്തറിലെ ഹമദ് ആശുപത്രിയിലെ മികച്ച ചികില്‍സയും കൊണ്ട് അതിജീവിക്കുകയും ചെയ്തതിന്റെ സന്തോഷം വായനക്കാരുമായി പങ്കുവെക്കുന്നത് മരുന്നിനെ വിശ്വസിച്ച് , ഡോക്ടറെ വിശ്വസിച്ച് ഭയപ്പെടാതെ ആധുനിക ചികില്‍സ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തണമെന്ന സുപ്രധാനമായ സന്ദേശം സമൂഹത്തിന് നല്‍കാനാണ്. പലപ്പോഴും രോഗത്തിന്റെ വിവിധ സന്ദര്‍ഭങ്ങളില്‍ ഫേസ് ബുക്കിലൂടെ അദ്ദേഹം പങ്കുവെച്ച കുറിപ്പുകളാണ് 28 അധ്യായങ്ങളിലായി പുസ്‌കത്തിലുള്ളത്.

ഏത് തരം അസുഖവും ഏത് ഘട്ടത്തിലും ആര്‍ക്കും വരാമെന്നതിനാല്‍ ഇടക്കൊരു പരിശോധനയും ജാഗ്രതയുമൊക്കെ ഫലം ചെയ്യുമെന്നും സുഹാസ് സൂചിപ്പിക്കുന്നു. ഏത് രോഗവും തുടക്കത്തിലേ കണ്ടുപിടിച്ചാല്‍ ചികില്‍സ കൂടുതല്‍ ഫല പ്രദമാകുമെന്നതിനാല്‍ ഈ നിര്‍ദേശം വളരെ പ്രധാനമാണ് .

പുസ്തകം സമര്‍പ്പിച്ച് സുഹാസ് എഴുതുന്നു.

ശരീരത്തിലെ ചില കോശങ്ങള്‍ക്ക് ഭ്രാന്തുപിടിച്ചുവെന്നറിഞ്ഞിട്ടും ഒട്ടും പതറാതെ ചെറുപുഞ്ചിരിയോടെ സ്വീകരിച്ച ഒരു നിമിഷമുണ്ട് ജീവിതത്തില്‍. കാലുകള്‍ ഒന്നുകൂടെ മണ്ണില്‍ അമര്‍ത്തിച്ചവിട്ടി പൊരുതാനുറച്ച നിമിഷം. സ്വതവേ ദുര്‍ബലനായ നിനക്കെവിടെ നിന്നാണ് ഈ ആത്മധൈര്യം ലഭിച്ചതെന്നാണ് ചോദ്യമെങ്കില്‍ , മെയ് തളരുമ്പോള്‍ താങ്ങായ് , മനം തളരുമ്പോല്‍ കുളിരായി എനിക്കൊപ്പം നിന്ന കുറേ പേരുടെ കരുത്ത് പകര്‍ന്ന സാന്നിധ്യം തന്നെ . ഒറ്റക്കെല്ലെന്ന തോന്നല്‍, കൂടെ നില്‍ക്കാന്‍ എന്തിനും തയ്യാറായി കുറേ പേര്‍ ചുറ്റിലുമുള്ളപ്പോള്‍ എന്തിന് ഭയക്കണം. അവിടെ നിന്ന് തുടങ്ങിയ യാത്ര പരീക്ഷണങ്ങളുടെ പുതിയ കാലങ്ങളിലേക്കുള്ള യാത്രയായിരുന്നു. ഈ പുസ്തകം ജീവിതത്തില്‍ പ്രതീക്ഷ നഷ്ടപ്പെട്ട ഏതെങ്കിലുമൊരു കാന്‍സര്‍ പോരാളിക്കോ, അവരെ അറിയുന്ന ആര്‍ക്കെങ്കിലുമൊക്കെ ആത്മവിശ്വാസത്തിന്റെ ഒരു കണികയെങ്കിലും പകര്‍ന്ന് നല്‍കിയാല്‍ ഈ എഴുത്ത് സാര്‍ഥകമായി .

ടെലിപതിയുടേയും ആത്മബന്ധങ്ങളുടേയും വികാരങ്ങളടയാളപ്പെടുത്തുന്ന രണ്ടാമധ്യായവും രോഗം പിടിപ്പെട്ട ആശുപത്രിക്കിടക്കയില്‍ കിടക്കുന്ന മനുഷ്യന്റെ നിസ്സഹായവസ്ഥ വരച്ചുകാണിക്കുന്ന മൂന്നാമധ്യായവുമൊക്കെ വായനക്കാര്‍ക്ക് പല തിരിച്ചറിവുകളും നല്‍കുമെന്നുറപ്പാണ് . വേദനകൊണ്ട് പുളയുന്ന മനുഷ്യന് പരിസരം ബോധം പോലും നഷ്ടപ്പെടുന്ന നിരവധി രംഗങ്ങളാണ് രോഗങ്ങള്‍ സമ്മാനിക്കുന്നത്.

ശരിയായ രോഗവും രോഗവിവരങ്ങളും സത്യസന്ധമായി അറിയിക്കുകയും അതിനെ അതിജീവിക്കാനുള്ള മാനസിക കരുത്ത് നല്‍കുകയും ചെയ്ത ഡോക്ടര്‍മാരുടെ പക്വതയാര്‍ന്ന പെരുമാറ്റം ഏറെ സഹായകമായി . എങ്കിലും രോഗ വിവരം അച്ഛനുമായി പങ്കുവെച്ചപ്പോള്‍ ഇരു ഹൃദയങ്ങളുടേയും മിടിപ്പ് കൂടുന്നത് വായനക്കാരന് വരികല്‍ക്കിടയിലൂടെ വായിക്കാം. ജീവിത പങ്കാളിയോട് തല്‍ക്കാലം അള്‍സറെന്ന് പറഞ്ഞ് രോഗത്തെ ലളിതവല്‍ക്കരിക്കുമ്പോഴും ഇണകള്‍ തമ്മിലുളള പരസ്പര ആശ്വസിപ്പിക്കലിന്റേയും കരുതലിന്റേയും മാതൃകയാണ് കാണാനാവുക.

സുനീതി ചേച്ചിയും ഡോ. കാക്കിലും സീനിയര്‍ കോളോ റക്ടല്‍ സര്‍ജന്‍ ഡോ. ഐമനും ജോലി ചെയ്യുന്ന സ്ഥാപനാധികാരികളുമൊക്കെ മനുഷ്യപറ്റിന്റെ പുതിയ പാഠങ്ങള്‍ പകര്‍ന്നുനല്‍കിയപ്പോള്‍ സുഹാസിന് അതിജീവനം അനായാസമാവുകയായിരുന്നു.

സംസ്‌കൃതിയിലും നേതാക്കളും സഹപ്രവര്‍ത്തകരും സ്‌നേഹത്തിന്റേയും സംരക്ഷണത്തിന്റേയും കവചം തീര്‍ത്തപ്പോള്‍ പുതുജന്മത്തിലേക്കാണ് സുഹാസ് ഓടിക്കയറിയത്.

സുഹാസിന്റെ ആറ്റിറ്റിയൂഡ് ഓഫ് ഗ്രാറ്റിറ്റിയൂഡ് പ്രത്യേകം പരാമര്‍ശമര്‍ഹിക്കുന്നു. രോഗ ചികില്‍സാ പരിചരണ ഘട്ടത്തില്‍ കൂടെ നിന്ന നിരവധി പേരെ പേരെടുത്ത് തന്നെ പരാമര്‍ശിച്ചും മറ്റു പലരേയും പേര് പറയാതെയും അനുസ്മരിക്കുന്ന സുഹാസ് ആശുപത്രി സേവനങ്ങളെക്കുറിച്ച ഫീഡ് ബാക്ക് കൊടുത്തതും ഏറെ ചാരിതാര്‍ഥ്യത്തോടെയായിരുന്നു. മുഴുവന്‍ ചോദ്യങ്ങള്‍ക്കും എക്‌സലന്റ് ഗ്രേഡ് കൊടുത്ത അദ്ദേഹം എഴുതി


ഇവിടം സ്വര്‍ഗമാണ് . മാലാഖമാര്‍ ജനിക്കുകയും ജീവിക്കുകയും ചെയ്യുന്ന ഇടം. അവര്‍ ഇവിടെയെത്തുന്ന വാടിയ പുഷ്പങ്ങള്‍ക്ക് പുഞ്ചിരിയുടെ സ്‌നേഹസ്പര്‍ശവും കരുതലിന്റെ ഊര്‍ജവും അതിജീവനത്തിന്റെ വെളിച്ചവും നല്‍കി ജീവിതത്തിലേക്ക് തിരിച്ച് നടത്തുന്നു.

കീമോ തെറാപ്പിയിലും റേഡിയോ തെറാപ്പിയിലുമൊക്കെ ജോലി ചെയ്യുന്ന നഴ്‌സുമാരും ജീവനക്കാരും മന്ദസ്മിതത്തോടെ വീട്ടിലെ ഒരംഗത്തെ പോലം പരിചരിക്കുകയും പെരുമാറുകയും ചെയ്തുവെന്നത് നല്‍കിയ ആശ്വാസം ചെറുതല്ല. സീനിയര്‍ ഓങ്കോളജി കണ്‍സല്‍ട്ടന്റ് ഡോ. കാക്കില്‍ മുതല്‍ റേഡിയേഷന്‍ ഓങ്കോളജിസ്റ്റ് ഡോ. സജുകുമാര്‍ വരെ എല്ലാവരും ചികില്‍സയോടൊപ്പം പകര്‍ന്ന സ്‌നേഹവും കരുതലും തന്നെയാണ് തന്റെ രോഗം ഭേദമാക്കിയതെന്നാണ് സുഹാസ് കരുതുന്നത്.

റെക്ടത്തില്‍ നിന്നും കരളിലേക്ക് പകര്‍ന്ന കാന്‍സറിന്റെ കോശങ്ങളെ മുറിച്ചുമാറ്റുകയെന്ന സാഹസിക കൃത്യവും വളരെ വിജയകരമായി പൂര്‍ത്തിയാക്കിയത് ഹമദിലെ ചികില്‍സാ സൗകര്യങ്ങളും എന്നെ ചേര്‍ത്തുപിടിച്ച സ്‌നേഹ സൗഹൃദങ്ങളും തന്നെയായിരുന്നു.

ശരീരം കീറിമുറിച്ച സര്‍ജറികളുടെ വേദന പോലും സ്വന്തം വേദനകളായി ഏറ്റെടുത്ത കൂടെപ്പിറപ്പുകളും കൂട്ടുകാരും ആശുപത്രി ജീവനക്കാരുമാണ് എല്ലാ പ്രയാസങ്ങളേയും അതിജീവിക്കാന്‍ സഹായിച്ചത്.

ഏറെ കഠിനമായ ഈ അതിജീവന യാത്രയില്‍ ഒപ്പം നടന്ന ചിലരുടെ ഓര്‍മകുറിപ്പുകളിലൂടെ സഞ്ചരിച്ചാണ് സുഹാസ് തന്റെ പുസ്തകം അവസാനിപ്പിക്കുന്നത്. സുഹാസ് എഴുതുന്നു.
ഏറെ കഠിനമായ ഒരു യാത്രയില്‍ ഒപ്പം നടന്ന ചിലരുണ്ട്, കൈ ചേര്‍ത്തുപിടിച്ചു, തരിവെട്ടത്തിന്റെ നാളമണയാതെ കാത്തവര്‍, തളര്‍ച്ചയില്‍ താങങ്ങായി , തണലായി ആത്മവിശ്വാസം പകര്‍ന്നവര്‍. അവരില്‍ ചിലരുടെ ഓര്‍മകള്‍ പങ്കുവെക്കാതെ ഈ കണക്കു പുസ്തകം പൂര്‍ത്തിയാകില്ല.

ഖത്തര്‍ സംസ്‌കൃതിയുടെ പ്രസിഡണ്ടായിരുന്ന സുനിലേട്ടന്റെ ഭാര്യ സുനീതി ചേച്ചി, സംസ്‌കൃതി നേതാവും ഐ.സി.ബിഎഫ് പ്രസിഡണ്ടും നിവലിലെ ഐ.സി.സി. പ്രസിഡണ്ടുമായ പി. എന്‍. ബാബുരാജന്‍, ജീവിത സമരത്തില്‍ ആദ്യാവസാനം കൂടെയുണ്ടായിരുന്ന ശിവദാസ് ഏലംകുളം എന്നിവരുടെ കുറിപ്പുകളാണ് പുസ്‌കത്തില്‍ സ്ഥലം പിടിച്ചിരിക്കുന്നത്.

കീമോ കാലത്തിന്റെ ശേഷിപ്പുകളായി ഞണ്ടുകള്‍ ഇഴഞ്ഞു നീങ്ങിയ വഴികളില്‍ പിറവികൊണ്ട വരികള്‍ ചില കര്‍ക്കിടക കവിതകള്‍ എന്ന ശീര്‍ഷകത്തില്‍ പുസ്‌കത്തിന്റെ അവസാന ഭാഗത്തുണ്ട്. യുദ്ധകാണ്ഡം, കീമോ കാലത്തെ പകലുകള്‍, യാത്ര, പെണ്ണൊലി, സ്വപ്‌നക്കൂട്ടിലെ പക്ഷി എന്നിവയാണവ.

ഖത്തറെന്ന പുണ്യ രാജ്യത്തിനും ഇവിടുത്തെ മികച്ച ആരോഗ്യ സംവിധാനത്തിനും സര്‍വോപരി മാനവികതയുടെ കാവലാളുകളായ ജീവനക്കാര്‍ക്കും സഹജീവികള്‍ക്കും ഹൃദയരക്തത്തില്‍ ചാലിച്ചെഴുതിയ സമര്‍പ്പണമാണ് ഭ്രാന്തന്‍ സെല്ലുകളുടെ കണക്കുപുസ്തകം.

കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയില്‍ കണാരന്‍ മാഷിന്റേയും ചന്ദ്രികയുടേയും മകനായ സുഹാസ് 2006 മുതല്‍ പ്രവാസിയാണ് . 2 വര്‍ഷത്തെ ദുബൈ വാസത്തിന് ശേഷമാണ് ഖത്തറിലെത്തിയത്. ഖത്തര്‍ സംസ്‌കൃതിയുടെ ജോ. സെക്രട്ടറിയാണ് . ആനുകാലികങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും ചെറുകഥകളും കവിതകളും എഴുതാറുള്ള സുഹാസിന്റെ കന്നി പുസ്തകമാണ് ഭ്രാന്തന്‍ സെല്ലുകളുടെ കണക്കുപുസ്തകം. കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇങ്ക് ബുക്‌സാണ് പ്രസാധകര്‍. സുഹാസിന്റെ സഹോദരന്‍ സുഭീഷാണ് പുസ്തകത്തിന്റെ കവറും ലേ ഔട്ടും നിര്‍വഹിച്ചിരിക്കുന്നത്. ശിഭിനയാണ് ഭാര്യ. സത് ചിന്ത്, സായൂജ് എന്നിവര്‍ മക്കളാണ് .

Related Articles

Back to top button
error: Content is protected !!