വേനലവധിക്ക് അധ്യാപകര്‍ യാത്ര ചെയ്യുന്നതിന് നിയന്ത്രണങ്ങളില്ല
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. വേനലവധിക്ക് അധ്യാപകര്‍ യാത്ര ചെയ്യുന്നതിന് നിയന്ത്രണങ്ങളില്ലെന്ന് വിദ്യാഭ്യാസ മന്ത്രാലയം സ്ഥിരീകരിച്ചു. നേരത്തെ മിഡ് ടേം ഹോളിഡേയ്‌സില്‍ യാത്ര ഒഴിവാക്കണമെന്ന മന്ത്രാലയത്തിന്റെ ഉപദേശം വ്യാപകമായി തെറ്റിദ്ധരിക്കപ്പെട്ടിരുന്നു. മിഡ് ടേം രണ്ടിലെ പരീക്ഷകള്‍ മാര്‍ച്ച് 11 ന് തീര്‍ന്നാല്‍ പിന്നീട് മാര്‍ച്ച് 21 നാണ് ക്ളാസുകള്‍ തുടങ്ങുക. ഈ സമയത്ത് വാക്സിനേഷന്‍ ഫോര്‍മാലിറ്റികള്‍ പൂര്‍ത്തിയാകാത്തവര്‍ യാത്ര ചെയ്യുമ്പോഴുണ്ടായേക്കാവുന്ന പ്രയാസങ്ങള്‍ ഒഴിവാക്കാനാണ് മന്ത്രാലയം അധ്യാപകരോട് അഭ്യര്‍ഥിച്ചിരുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.
മാര്‍ച്ച് 21 നകം എല്ലാ അധ്യാപകരും സ്‌ക്കൂള്‍ ജീവനക്കാരും കോവിഡ് വാക്സിനെടുക്കണമെന്ന് മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്. ഓരോ സ്‌ക്കൂളിലേയും അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും ഖത്തര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വാക്സിനേഷന്‍ പുരോഗമിക്കുകയാണ്.
കോവിഡ് വാക്സിനേഷന്‍ പ്രൂഫ് അല്ലെങ്കില്‍ ആഴ്ചതോറും നടത്തുന്ന കോവിഡ് ടെസ്റ്റ് ഇല്ലാതെ ഒരു ജീവനക്കാരനെയും മാര്‍ച്ച് 21 ന് ശേഷം സ്‌കൂളില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്നും ക്വാറന്റൈന്‍ പോവേണ്ടി വന്നാല്‍ ശമ്പളം ലഭിക്കില്ലെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അക്കാദമിക് കലണ്ടര്‍ പ്രകാരം ജൂണ്‍ 20 മുതല്‍ ആഗസ്ത് 21 വരെ വേനലവധിയാണ്. മാര്‍ച്ചില്‍ വാക്സിനെടുത്തവര്‍ക്ക് ആഗസ്റ്റില്‍ തിരിച്ചുവരുമ്പോള്‍ ക്വാറന്റൈന്‍ വേണ്ടിവരുമോ എന്ന ആശങ്കയിലാണ് പല അധ്യാപകരും.
വാക്സിനെടുത്ത് മൂന്നര മാസത്തിനുള്ളില്‍ തിരിച്ചുവരുന്നവര്‍ക്കാണ് നിലവിലെ വ്യവസ്ഥ പ്രകാരം ക്വാറന്റൈന്‍ ഇളവ് ലഭിക്കുക. ഈ കാര്യങ്ങള്‍ പൊതുജനാരോഗ്യ മന്ത്രാലയം പഠിച്ചുകൊണ്ടിരിക്കുകയാണെന്നും മൂന്നരമാസം എന്നത് നീട്ടിയേക്കുമെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പ്രത്യാശ പ്രകടിപ്പിച്ചിരുന്നു. ഈ വിഷയത്തിലെ തീരുമാനം കാത്തിരിക്കുകയാണ് അധ്യാപക സമൂഹം.