Breaking News

ഫിഫ അറബ് കപ്പ് , സേവന സമയം ദീര്‍ഘിപ്പിച്ച് ദോഹ മെട്രോ

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ: നവംബര്‍ 30 മുതല്‍ ഡിസംബര്‍ 18 വരെ ഖത്തര്‍ ആതിഥ്യമരുളുന്ന ഫിഫ അറബ് കപ്പ് 2021 ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സമയത്ത് സേവന സമയം ദീര്‍ഘിപ്പിക്കുമെന്ന് ദോഹ മെട്രോ അറിയിച്ചു. കളിക്കെത്തുന്നവരുടെ സൗകര്യം പരിഗണിച്ച് ് ശനി മുതല്‍ വ്യാഴം വരെ രാവിലെ 6 മണി മുതല്‍ പുലര്‍ച്ചെ 3 മണിവരെയും വെള്ളിയാഴ്ചകളില്‍ രാവിലെ 9 മണി മുതല്‍ പുലര്‍ച്ചെ 3 മണിവരെയും മെട്രോ സര്‍വീസ് നടത്തും.
സേവനത്തിനുള്ള അധിക ആവശ്യം നിറവേറ്റുന്നതിനായി റെഡ് ലൈനില്‍ 6 കാര്‍ ട്രെയിനുകള്‍ ആദ്യമായി സര്‍വീസ് നടത്തും. 110 ട്രെയിനുകള്‍ ഉള്‍പ്പെടുന്ന ദോഹ മെട്രോ ട്രെയിന്‍ ഫ്‌ലീറ്റും പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാകുമെന്നും ഖത്തര്‍ റെയില്‍ അറിയിച്ചു.

ദോഹ മെട്രോ ഫുട്‌ബോള്‍ ആരാധകര്‍ക്ക് തടസ്സമില്ലാത്ത ഗതാഗത അനുഭവമാണ് സമ്മാനിക്കുക. ഇത് ഗതാഗതക്കുരുക്കില്‍പ്പെടാതെ സ്റ്റേഡിയത്തിലേക്ക് എളുപ്പത്തില്‍ എത്താന്‍ സഹായിക്കും. പൊതുജനങ്ങള്‍ക്ക് മൂന്ന് സ്റ്റേഡിയങ്ങളിലേക്ക് മെട്രോ സ്‌റ്റേഷനില്‍ നിന്ന് നടന്നുപോകാം. റാസ് ബു അബൗദ് സ്റ്റേഷന്‍ വഴി സ്റ്റേഡിയം 974 ലേക്കും എജ്യുക്കേഷന്‍ സിറ്റി സ്റ്റേഷന്‍ വഴി എജ്യുക്കേഷന്‍ സിറ്റി സ്റ്റേഡിയം, റിഫ സ്റ്റേഷന്‍ വഴി അഹമ്മദ് ബിന്‍ അലി സ്റ്റേഡിയം എന്നിവിടങ്ങളിലേക്ക് പോകാമെന്നത് ഏറെ സഹായകരമാകും.

അടുത്തുള്ള മെട്രോ സ്റ്റേഷനില്‍ നിന്ന് നടക്കാവുന്ന ദൂരത്തില്‍ മെട്രോ ശൃംഖലയുമായി നേരിട്ട് ബന്ധമില്ലാത്ത സ്റ്റേഷനുകളില്‍ നിന്ന് സ്റ്റേഡിയങ്ങളിലേക്ക് ആരാധകരെ എത്തിക്കുന്നതിന് ടൂര്‍ണമെന്റിന്റെ സംഘാടക സമിതി ഷട്ടില്‍ സേവനങ്ങള്‍ നല്‍കും. ലുസൈല്‍ ക്യുഎന്‍ബി സ്റ്റേഷന്‍ വഴി അല്‍ ബൈത്ത് സ്റ്റേഡിയത്തിലേക്കും ഫ്രീ സിറ്റി സ്റ്റേഷന്‍ വഴി അല്‍ തുമാമ സ്റ്റേഡിയത്തിലേക്കും അല്‍ വക്ര സ്റ്റേഷന്‍ വഴി അല്‍ ജനൂബ് സ്റ്റേഡിയത്തിലേക്കും ആരാധകര്‍ക്ക് പോകാം.

ടൂര്‍ണമെന്റിനിടെ, നവംബര്‍ 29 നും ഡിസംബര്‍ 19 നും ഇടയില്‍ സ്റ്റാന്‍ഡേര്‍ഡ് ക്ലാസില്‍ ടൂര്‍ണമെന്റിലുടനീളം യാത്ര ചെയ്യാന്‍ ആരാധകര്‍ക്ക് ഹയ്യ കാര്‍ഡ് (ഫാന്‍ ഐഡി) വഴി മെട്രോ സേവനങ്ങള്‍ ഉപയോഗിക്കാനാകും.

ഖത്തര്‍ റെയില്‍ അടുത്തിടെ സ്റ്റേഡിയങ്ങളിലേക്കുള്ള മെട്രോ ട്രാവല്‍ ഗൈഡും പുറത്തിറക്കിയിട്ടുണ്ട്, ഇത് മെട്രോ വഴി സ്റ്റേഡിയങ്ങളില്‍ എങ്ങനെ എത്തിച്ചേരാം എന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്ന ഡിജിറ്റല്‍ ഗൈഡാണ്. ഷെഡ്യൂള്‍ അനുസരിച്ച് മത്സരങ്ങളുടെ തീയതികളെ അടിസ്ഥാനമാക്കിയാണ് ഗൈഡ് ചെയ്യുന്നത്. മെട്രോ സ്റ്റേഷനുകളിലും സ്റ്റേഷനുകള്‍ക്കുള്ളിലെ ഡിജിറ്റല്‍ സ്‌ക്രീനുകളിലും ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ ഗൈഡ് ലഭിക്കും.

മെട്രോ സ്റ്റേഷനുകളിലേക്കുള്ള പൊതുജനങ്ങളുടെ പ്രവേശനം സുഗമമാക്കുന്ന മെട്രോ ലിങ്ക്, മെട്രോ എക്സ്പ്രസ് തുടങ്ങിയ ഫസ്റ്റ് മൈല്‍, ലാസ്റ്റ് മൈല്‍ ട്രാന്‍സ്പോര്‍ട്ട് സൊല്യൂഷനുകള്‍ ഉപയോഗിച്ച് തടസ്സങ്ങളില്ലാത്ത യാത്രാ അനുഭവം നല്‍കാനാണ് ഖത്തര്‍ റെയില്‍ ലക്ഷ്യമിടുന്നത്. മെട്രോ സ്റ്റേഷനുകള്‍ക്ക് ചുറ്റും ‘പാര്‍ക്ക് ആന്‍ഡ് റൈഡ്’ സൗകര്യങ്ങള്‍ ഒരുക്കുന്നതിന് പുറമെയാണ്, ഈ സേവനങ്ങള്‍ ലഭ്യമാകുന്ന സ്റ്റേഷനുകളില്‍ പൊതുജനങ്ങള്‍ക്ക് അവരുടെ കാറുകള്‍ പാര്‍ക്ക് ചെയ്യാനും മെട്രോയില്‍ യാത്ര തുടരാനും സാധിക്കും.

Related Articles

Back to top button
error: Content is protected !!