വൈറസിന്റെ രണ്ടാം തരംഗം ഭീഷണിയുയര്‍ത്തുന്നു അടുത്ത രണ്ടാഴ്ചകളില്‍ കേസുകള്‍ കൂടാം അതീവ ജാഗ്രതയോടെ പ്രതിരോധിക്കണം
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ കോവിഡ് വൈറസിന്റെ രണ്ടാം തരംഗം ഭീഷണിയുയര്‍ത്തുന്നുവെന്നും അടുത്ത രണ്ടാഴ്ചകളില്‍ കേസുകള്‍ കൂടാന്‍ സാധ്യതയുണ്ടെന്നും കോവിഡിനെ നിയന്ത്രിക്കുന്നതിനുള്ള നാഷണല്‍ സ്ട്രാറ്റജിക് കമ്മറ്റി അധ്യക്ഷന്‍ ഡോ. അബ്ദുല്‍ ലത്തീഫ് അല്‍ ഖാല്‍ അഭിപ്രായപ്പെട്ടു. രാജ്യത്ത് പ്രതിദിന കേസുകള്‍ കൂടിയ സാഹചര്യത്തില്‍ ഇന്നലെ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോവിഡിന്റെ യു.കെ. വകഭേദവും സൗത്ത് ആഫ്രിക്കന്‍ വകഭേദവുമാണ് ഖത്തറില്‍ സ്ഥിതിഗതികള്‍ ഗുരുതരമാക്കുന്നത്. ഈ വകഭേദങ്ങള്‍ വേഗത്തില്‍ പടരുന്നതും കൂടുതല്‍ അപകടകാരികളുമാണ് . മിക്ക കേസുകളും നീണ്ടുനില്ക്കുന്നതും ആശുപത്രിയില്‍ അഡ്മിറ്റ് ആവശ്യമുള്ളതുമാകുന്നു. എല്ലാവരും ശ്രദ്ധിക്കാതിരുന്നാല്‍ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാകും.
നിത്യവും കോവിഡ് കേസുകള്‍ കൂടുന്നു . കഴിഞ്ഞ ആഴ്ചയില്‍ മാത്രം 7 മരണങ്ങള് സംഭവിച്ചു. എല്ലാവരും നിയന്ത്രണങ്ങള്‍ കണിശമായി പാലിക്കുകയും പ്രതിരോധ നടപടികള്‍ സ്വീകരിക്കുകയും വേണം.
അടുത്ത രണ്ട് മൂന്നാഴ്ചകള്‍ വളരെ പ്രധാനമാണ് . കൂട്ടായ പരിശ്രമങ്ങളിലൂടെ കോവിഡിനെ നിയന്ത്രണവിധേയയമാക്കിയാല് നോമ്പും പെരുന്നാളുമൊക്കെ ആഘോഷിക്കാനാകും.