Breaking News

ഖത്തറില്‍ നിലവിലെ കോവിഡ് നിയന്ത്രണങ്ങളുമായി മുന്നോട്ടുപോകുവാന്‍ മന്ത്രി സഭ തീരുമാനം

ഡോ.അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ നിലവിലെ കോവിഡ് നിയന്ത്രണങ്ങളുമായി മുന്നോട്ടുപോകുവാന്‍ മന്ത്രി സഭ തീരുമാനം. പ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍ ഥാനിയുടെ അധ്യക്ഷതയില്‍ ദീവാന്‍ അമീരിയില്‍ നടന്ന മന്ത്രി സഭയുടെ പ്രതിവാരയോഗമാണ് നിലവിലെ കോവിഡ് നിയന്ത്രണങ്ങള്‍ തുടരുവാന്‍ തീരുമാനിച്ചത്.

രാജ്യത്തെ കോവിഡ് സ്ഥിതിഗതികളും അവ നേരിടുന്നതിന് സ്വീകരിച്ച നടപടികളും സംബന്ധിച്ച പൊതുജനാരോഗ്യ വകുപ്പ് മന്ത്രി ഡോ. ഹനാന്‍ മുഹമ്മദ് അല്‍ കുവാരിയുടെ വിശദീകരണത്തെ തുടര്‍ന്നാണ് നിലവിലെ കോവിഡ് നിയന്ത്രണങ്ങളുമായി മുന്നോട്ടുപോകുവാന്‍ മന്ത്രി സഭ തീരുമാനിച്ചതെന്ന് ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

രാജ്യത്തെ വാക്‌സിനേഷന്‍ കാമ്പയില്‍ ഊര്‍ജിതമായി മുന്നോട്ടുപോകുന്നതില്‍ മന്ത്രി സഭ സംതൃപ്തി പ്രകടിപ്പിച്ചു.
കഴിഞ്ഞ കുറേ നാളുകളായി കോവിഡ് രോഗികളുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധന ആരോഗ്യ പ്രവര്‍ത്തകരേയും പൊതുസമൂഹത്തേയും ആശങ്കാകുലരാക്കിയിട്ടുണ്ട്. കൂടുതല്‍ കുടുത്ത നിയന്ത്രണങ്ങളുണ്ടാകുമോ എന്ന ഭീതിയാണ് മന്ത്രി സഭ തീരുമാനത്തോടെ താല്‍ക്കാലികമായി ഒഴിവായത്.