കോവിഡ് പ്രതിരോധത്തില്‍ പുതിയ നാഴികക്കല്ല് പിന്നിട്ട് ഖത്തര്‍, വാക്സിനേഷന് പൂര്‍ത്തീകരിച്ചവര്‍ 20 ലക്ഷം കവിഞ്ഞു
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : കോവിഡ് പ്രതിരോധത്തില്‍ പുതിയ നാഴികക്കല്ല് പിന്നിട്ട് ഖത്തര്‍, വാക്സിനേഷന് പൂര്‍ത്തീകരിച്ചവര്‍ 20 ലക്ഷം കവിഞ്ഞു. ദേശീയ കോവിഡ് -19 വാക്സിനേഷന് പ്രോഗ്രാമില്‍ സഹകരിക്കുകയും വാക്സിനെടുക്കുകയും ചെയ്ത എല്ലാവര്ക്കും നന്ദി അറിയിച്ചുകൊണ്ട് പൊതുജനാരോഗ്യ മന്ത്രാലയം ട്വിറ്റര്‍ അക്കൗണ്ടിലാണ് ഇക്കാര്യം അറിയിച്ചത്.
വിവിധ കാരണങ്ങളാല്‍ ഇതുവരേയും വാക്സിനെടുക്കാത്തവര്‍ എത്രയും വേഗം വാക്സിനെടുത്ത് തങ്ങളെയും കുടുംബാംഗങ്ങളെയും സംരക്ഷിക്കുകയും അങ്ങനെ രാജ്യം സാധാരണ ജീവിതത്തിലേക്ക് മടങ്ങാന്‍ സഹായിക്കുകയും ചെയ്യണമെന്ന് മന്ത്രാലയം അഭ്യര്‍ത്ഥിച്ചു.
ഖത്തറില്‍ ഇന്നലെവരെ 4,287,922 ഡോസ് വാക്സിനുകളാണ് നല്‍കിയത്. യോഗ്യരായ ജനസംഖ്യയുടെ 92.8% പേര്‍ക്കും (12 വയസും അതില്‍ കൂടുതലുമുള്ളവര്‍) കോവിഡ് -19 വാക്സിന് ഒരു ഡോസ് എങ്കിലും ലഭിച്ചിട്ടുണ്ട്. അതേസമയം, യോഗ്യതയുള്ള ജനസംഖ്യയുടെ 81.6 % പേര്‍ക്കും രണ്ട് ഡോസ് വാക്സിന് ലഭിച്ചിട്ടുണ്ട്.
കൂടാതെ, മൊത്തം ജനസംഖ്യയുടെ 80.5% പേര്‍ക്ക് ഇപ്പോള്‍ കുറഞ്ഞത് ഒരു ഡോസ് കോവിഡ് -19 വാക്സിന് ലഭിച്ചിട്ടുണ്ട്, മൊത്തം ജനസംഖ്യയുടെ 70.8% പേര്‍ക്ക് രണ്ട് വാക്സിന് ഡോസുകള്‍ ലഭിച്ചതായും മന്ത്രാലയം വ്യക്തമാക്കി.