Archived Articles

അറബ് കപ്പ് സമയത്ത് 25 ലക്ഷത്തിലധികം പേര്‍ ദോഹ മെട്രോ പ്രയോജനപ്പെടുത്തി

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. നവംബര്‍ 30 മുതല്‍ ഡിസംബര്‍ 18 വരെ ഖത്തര്‍ ആതിഥേയത്വം വഹിച്ച അറബ് കപ്പ് സമയത്ത് ദോഹ മെട്രോ ഉപയോഗിച്ച മൊത്തം യാത്രക്കാരുടെ എണ്ണം 25 ലക്ഷത്തിലധികമാണെന്ന് ഖത്തര്‍ റെയില്‍ അറിയിച്ചു. ഈ കാലയളവില്‍ പ്രതിദിനം ശരാശരി 130,000 യാത്രക്കാരാണ് മെട്രോ സേവനങ്ങള്‍ പ്രയോജനപ്പെടുത്തിയത്.

2022 ലോകകപ്പിന്റെ ട്രയല്‍ പതിപ്പായി കണക്കാക്കപ്പെടുന്ന ടൂര്‍ണമെന്റിന്റെ ആരാധകരെ സേവിക്കുന്നതിനായി ഖത്തര്‍ റെയില്‍ ദോഹ മെട്രോയ്ക്കായി അഭൂതപൂര്‍വമായ പ്രവര്‍ത്തന പദ്ധതികള്‍ നടപ്പിലാക്കിയതിനാല്‍, അറബ് കപ്പിന്റെ ആരാധകര്‍ക്ക് ലോകോത്തര ഗതാഗത അനുഭവം ദോഹ മെട്രോ നല്‍കി.

ടൂര്‍ണമെന്റില്‍ ദോഹ മെട്രോ 50,000 ട്രിപ്പുകളാണ് നടത്തിയത്. ഏകദേശം 885,000 കിലോമീറ്റര്‍ ദൂരമാണ് മൊത്തം സഞ്ചരിച്ചത്. ട്രെയിനുകള്‍ക്കിടയിലുള്ള ശരാശരി സമയം ഒരു ദിശയില്‍ ഒരു ലൈനില്‍ 2.5 മിനിറ്റായിരുന്നു.

ഖത്തറിന്റെ ദേശീയ ദിനമായ ഡിസംബര്‍ 18 ന് മാത്രം ഏകദേശം 250,000 യാത്രക്കാര്‍ മെട്രോ ഉപയോഗിച്ചു. ഫിഫ അറബ് കപ്പ് ഫൈനല്‍ മത്സരങ്ങളും മൂന്നാമത്തെയും നാലാമത്തെയും സ്ഥാനം നിര്‍ണയിക്കുന്ന ലൂസേര്‍സ് ഫൈനല്‍ കാണുന്നതിനുമൊക്കെ ജനങ്ങള്‍ ഈ സേവനം പ്രയോജനപ്പെടുത്തി.

3 ആഴ്ചയ്ക്കുള്ളില്‍ എല്ലാ പങ്കാളികളുടെയും പരിശ്രമത്തോടെ 210,000 ഹയ്യ കാര്‍ഡുകള്‍ (ഫാന്‍ ഐഡി) അപ്ലോഡ് ചെയ്യുകയും പരീക്ഷിക്കുകയും ചെയ്തതാണ് അറബ് കപ്പിനുള്ള തയ്യാറെടുപ്പുകളിലെ ഏറ്റവും പ്രധാനപ്പെട്ട നേട്ടങ്ങളിലൊന്ന്. ടൂര്‍ണമെന്റ് കാലയളവില്‍ ദോഹ മെട്രോയില്‍ ടൂര്‍ണമെന്റ് ആരാധകര്‍ പരിധിയില്ലാത്ത യാത്ര ആസ്വദിക്കുവാന്‍ ഇത് സഹായകമായി.

ടൂര്‍ണമെന്റിനിടെ ഖത്തര്‍ റെയില്‍ തങ്ങളുടെ ഖത്തറി ജീവനക്കാരുടെ വൈദഗ്ധ്യം വളര്‍ത്തിയെടുക്കാനുള്ള അവസരം പ്രയോജനപ്പെടുത്തുന്നത് ഉറപ്പാക്കിയതായും ഖത്തര്‍ റെയില്‍ അറിയിച്ചു. മത്സര ദിവസങ്ങളില്‍ സ്റ്റേഷനുകളിലെ ക്രൗഡ് മാനേജ്‌മെന്റിനും സുരക്ഷയ്ക്കും ഉത്തരവാദികളായ സില്‍വര്‍ കമാന്‍ഡ് ടീമിന് കീഴിലുള്ള സ്റ്റേഷനുകളില്‍ അവരെ നിയോഗിച്ചു. കൂടാതെ, ടൂര്‍ണമെന്റിലെ എല്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓപ്പറേറ്റര്‍മാരെയും ഒരുമിച്ച് കൊണ്ടുവരുന്ന ‘ടൂര്‍ണമെന്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍ഡിനേഷന്‍ സെന്ററില്‍’ (ടിടിസിസി) ഖത്തര്‍ റെയിലിന്റെ നിരവധി ജീവനക്കാരെ വിന്യസിച്ചുമാണ് മികച്ച രീതിയിലുള്ള സേവനം ഉറപ്പാക്കിയത്.

Related Articles

Back to top button
error: Content is protected !!