ഖത്തറില്‍ 20 ശതമാനം പേരും വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നു. സര്‍വേ
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറില്‍ 20 ശതമാനം പേരും വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതായി സര്‍വേ. ഖത്തര്‍ യൂണിവേഴ്സിറ്റിയിലെ ഖത്തര്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ ആന്‍ഡ് ട്രാഫിക് സേഫ്റ്റി സെന്റര്‍ നടത്തിയ സര്‍വേയാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുകൊണ്ടുവന്നത്.
സര്‍വേയില്‍ പങ്കെടുത്ത 256 പേരില്‍ 13 ശതമാനം പേര്‍ മാത്രമാണ് തങ്ങളുടെ അവസാന 10 ഡ്രൈവിംഗ് യാത്രകളില്‍ കോളുകള്‍ക്കായി മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിട്ടില്ലെന്ന് പറഞ്ഞത്. നേരെമറിച്ച്, ‘അഞ്ചില്‍ ഒരാള്‍ അവരുടെ യാത്രകളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതായി സ്ഥിരീകരിച്ചു.
ലോകമെമ്പാടുമുള്ള മരണകാരണങ്ങളിലൊന്നാണ് റോഡപകടങ്ങള്‍. ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) കണക്കനുസരിച്ച്, അമിത വേഗത കൂടാതെ, മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന ഡ്രൈവര്‍മാര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്ത ഡ്രൈവര്‍മാരെ അപേക്ഷിച്ച് അപകടത്തില്‍ ഏര്‍പ്പെടാനുള്ള സാധ്യത ഏകദേശം നാലിരട്ടി കൂടുതലാണ്.ലോകത്തിലെ റോഡുകളില്‍ 1.35 ദശലക്ഷത്തിലധികം ആളുകള്‍ മരിക്കുന്നുവെന്നും ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് പ്രതിവര്‍ഷം ഗുരുതരമായി പരിക്കേല്‍ക്കുന്നുവെന്നും കണക്കാക്കപ്പെടുന്നു.
കഴിഞ്ഞ വര്‍ഷം ഖത്തറിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ഉദ്യോഗസ്ഥന്‍, ഒരു വെബിനാറിനെ അഭിസംബോധന ചെയ്തുകൊണ്ട്, ട്രാഫിക് അപകടങ്ങളില്‍ 80 മുതല്‍ 90 ശതമാനം വരെ വാഹനമോടിക്കുമ്പോള്‍, പ്രത്യേകിച്ച് ഹൈവേകളില്‍ മൊബൈല്‍ ഫോണുകള്‍ മൂലമാണെന്ന് നിരീക്ഷിച്ചിരുന്നു.
മികച്ച റോഡ് ശൃംഖലകള്‍, സ്പീഡ് ക്യാമറകള്‍, ലംഘനങ്ങള്‍ക്കുള്ള കൃത്യമായ ശിക്ഷകള്‍ എന്നിവയിലൂടെ ട്രാഫിക് നിയമലംഘനങ്ങള്‍ നിയന്ത്രിക്കുക വഴി റോഡപകടങ്ങള്‍ കുറക്കുവാന്‍ ഖത്തറിന് സാധിച്ചിട്ടുണ്ട്. ആഗോളാടിസ്ഥാനത്തില്‍ റോഡപകടങ്ങള്‍ മൂലമുള്ള രാജ്യത്തിന്റെ മരണനിരക്ക് പോലും ലോകത്തിന്റെ മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് ഏറ്റവും താഴ്ന്നതാണ്. എന്നിരുന്നാലും, ശരിയായ റോഡ് നൈതികത അധികാരികളെ സംബന്ധിച്ചിടത്തോളം ഒരു പ്രധാന പ്രശ്‌നമായി തുടരുന്നു.
ടെക്സ്റ്റിംഗ്, കോളുകള്‍ എന്നിവയ്ക്ക് പുറമെ നാവിഗേഷന്‍ മാപ്പില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതില്‍ മിക്ക ഡ്രൈവര്‍മാരും കുറ്റക്കാരാണെന്ന് ഖത്തര്‍ യൂണിവേഴ്സിറ്റിയിലെ ഖത്തര്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ ആന്‍ഡ് ട്രാഫിക് സേഫ്റ്റി സെന്റര്‍ ഡയറക്ടര്‍ ഡോ. മുഹമ്മദ് വൈ അല്‍ ഖറദാവി ദി പെനിന്‍സുലയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.