Breaking News

ഈദിന്റെ രണ്ടാം ദിവസം ദോഹ മെട്രോ ഉപയോഗിച്ചത് രണ്ടര ലക്ഷം യാത്രക്കാര്‍

അമാനുല്ല വടക്കാങ്ങര

ദോഹ. ഈദ് അല്‍ ഫിത്വറിന്റെ രണ്ടാം ദിവസമായ ചൊവ്വാഴ്ച ദോഹ മെട്രോ ഉപയോഗിച്ചത് രണ്ടര ലക്ഷം യാത്രക്കാര്‍ .കാര്യമായ സുരക്ഷ പ്രശ്‌നങ്ങളൊന്നുമില്ലാതെ ചൊവ്വാഴ്ച 250,000 യാത്രക്കാരെ സേവിക്കാനായതില്‍ അഭിമാനമുണ്ടെന്ന് ഖത്തര്‍ റെയില്‍ ട്വീറ്റ് ചെയ്തു.

ഈദ് ഉത്സവം ആസ്വദിക്കാന്‍ കോര്‍ണിഷില്‍ വാഹനഗതാഗതം അടച്ചിട്ടതോടെ വിവിധ കോര്‍ണിഷ് സ്റ്റേഷനുകളിലേക്ക് പൊതുജനങ്ങളെ എത്തിക്കുന്നതില്‍ ദോഹ മെട്രോ റെക്കോര്‍ഡ് സൃഷ്ടിച്ചു.കതാറയിലും ദോഹ കോര്‍ണിഷിലും നടന്ന പരിപാടികള്‍ക്ക് പുറമേ ലുസൈലിലേക്കും നിരവധി പേരാണ് ദോഹ മെട്രോ പ്രയോജനപ്പെടുത്തിയത്.

ഈദിന്റെ ആദ്യ ദിനം മുതല്‍ തന്നെ മെട്രോകളില്‍ നല്ല തിരക്കായിരുന്നു. ഇന്നലെയും ആയിരങ്ങളാണ് മെട്രോയിലൂടെ കോര്‍ണിഷിലേക്കും കതാറയിലേക്കും ഒഴുകിയത്.