Breaking News

ഫിഫ ലോക കപ്പ് ട്രോഫിയുടെ ഖത്തര്‍ ടൂര്‍ ഇന്നു മുതല്‍

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറിലുള്ള കളിയാരാധകര്‍ക്ക് ലോക കപ്പ് ട്രോഫി നേരില്‍ കാണാന്‍ അവസരമൊരുക്കുന്ന ഫിഫ ലോക കപ്പ് ട്രോഫിയുടെ ഖത്തര്‍ ടൂര്‍ ഇന്നുമുതല്‍ ആരംഭിക്കും.

ഖത്തറിലെ സുപ്രധാന ടൂറിസ്റ്റ് ആകര്‍ഷണങ്ങളായ ആസ്പയര്‍ പാര്‍ക്ക്, ലുസൈല്‍ മറീന, സൂഖ് വാഖിഫ്, മുഷൈരിബ് ഡൗണ്‍ടൗണ്‍ ദോഹ എന്നിവിടങ്ങളിലാണ് ഫിഫ ലോക കപ്പ് ട്രോഫി പ്രദര്‍ശിപ്പിക്കുക.

ഇന്ന് ആസ്പയര്‍ പാര്‍ക്ക്, മെയ് 6 വെള്ളിയാഴ്ച ഇന്‍ഡസ്ട്രിയല്‍ ഏരിയ – ക്രിക്കറ്റ് സ്റ്റേഡിയം, മെയ് 7 ശനിയാഴ്ച ലുസൈല്‍ മറീന, മെയ് 8 ഞായറാഴ്ച സൂഖ് വാഖിഫ് , മെയ് 9 തിങ്കള്‍ ദോഹയിലെ മുഷൈറിബ് ഡൗണ്‍ടൗണ്‍ എന്നിവിടങ്ങളിലാണ് ട്രോഫി പ്രദര്‍ശിപ്പിക്കുക.

വൈകുന്നേരം 6 മണി മുതല്‍ രാത്രി 9 മണി വരെ യാണ് ഫിഫ ലോകകപ്പിന്റെ ഒറിജിനല്‍ ട്രോഫി പ്രദര്‍ശിപ്പിക്കുക. പകല്‍സമയത്ത് ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിലേതുള്‍പ്പെടെ വിവിധ വ്യാപാര സ്ഥാപനങ്ങളിലേക്കും സംഘടനകളിലേക്കും ട്രോഫി എത്തിക്കും.

പിന്നീട് വേള്‍ഡ് ടൂറിന് പോകുന്ന ട്രോഫി ആദ്യ മത്സര ദിവസമായ നവംബര്‍ 21 ന് ദോഹയില്‍ മടങ്ങിയെത്തും.

നിരവധി ഫുട്ബാള്‍ താരങ്ങളും പ്രത്യേക അതിഥികളും ട്രോഫി പ്രദര്‍ശിപ്പിക്കുന്ന ചടങ്ങില്‍ സന്നിഹിതരായിരിക്കും. വേള്‍ഡ് ടൂറിന് പോകുന്ന ട്രോഫിക്ക് മെയ് 10 ന് കത്താറയില്‍ പ്രത്യേകം സെന്റ് ഓഫ് സംഘടിപ്പിക്കും.

മിഡില്‍ ഈസ്റ്റിലും അറബ് ലോകത്തും ആദ്യമായി നടക്കുന്ന ഫിഫ ലോകകപ്പിന്റെ 22-ാം പതിപ്പിന് മുന്നോടിയായി കാല്‍പന്തുകളിലോകത്ത് ആവേശം വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്ന് സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഖാലിദ് അല്‍ മൗലവി പറഞ്ഞു. ലോകമെമ്പാടുമുള്ള അതിന്റെ അത്ഭുതകരമായ യാത്ര ആരംഭിക്കുന്നതിന് മുമ്പ് യഥാര്‍ത്ഥ ട്രോഫിയെ അടുത്ത് നിന്ന് കാണാാനുള്ള അവസരം പ്രയോജനപ്പെടുത്താന്‍ ഖത്തറിലെ കായിക പ്രേമികളെ ക്ഷണിക്കുന്നതായി സംഘാടകര്‍ പറഞ്ഞു.

Related Articles

Back to top button
error: Content is protected !!