Breaking News

ഖത്തറിലെ പ്രഥമ പി.പി.പി. മലിനജല സംസ്‌കരണ പ്ലാന്റ് പദ്ധതി വകറയിലും വുകൈറിലും

അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തറിലെ പ്രഥമ പി.പി.പി. മലിനജല സംസ്‌കരണ പ്ലാന്റ് പദ്ധതി അല്‍ വക്ര, അല്‍ വുകൈര്‍ നഗരങ്ങളില്‍ ആരംഭിക്കും. മലിനജല സംസ്‌കരണ പ്ലാന്റ് പദ്ധതി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട പൊതു-സ്വകാര്യ പങ്കാളിത്ത കരാറില്‍ കഴിഞ്ഞ ദിവസം ഷെറാട്ടണ്‍ ദോഹ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ഒപ്പുവെച്ചു. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍താനിയടക്കം നിരവധി പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു.

പദ്ധതി നടപ്പാക്കുന്നതിന് പൊതുമരാമത്ത് അതോറിറ്റി (അശ്ഗാല്‍), അല്‍ അത്തിയ മോട്ടോഴ്സ് ആന്‍ഡ് ട്രേഡിംഗ് കമ്പനി, മെറ്റിറ്റോ യൂട്ടിലിറ്റീസ് ലിമിറ്റഡ് (മെറ്റിറ്റോ), ഗള്‍ഫ് ഇന്‍വെസ്റ്റ്മെന്റ് കോര്‍പ്പറേഷന്റെ (ജിഐസി) ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് ഗ്രൂപ്പ് എന്നിവയാണ് പൊതു-സ്വകാര്യ പങ്കാളിത്ത കരാറില്‍ ഒപ്പുവെച്ചത്.

മലിനജല സംസ്‌കരണ പ്ലാന്റ്, സംസ്‌കരിച്ച മലിനജല ശൃംഖലകള്‍, രാജ്യവ്യാപകമായി സുസ്ഥിര മലിനജല സംസ്‌കരണ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന്റെ ഘട്ടങ്ങള്‍ എന്നിവയെക്കുറിച്ചുള്ള ഡോക്യുമെന്ററിയും തന്ത്രപരമായ പങ്കാളിയെന്ന നിലയില്‍ ഖത്തറിലെ സാമ്പത്തിക വളര്‍ച്ചയുടെ ചക്രം മുന്നോട്ട് കൊണ്ടുപോകുന്നതില്‍ സ്വകാര്യമേഖല വഹിക്കുന്ന പങ്കിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള ദൃശ്യ അവതരണവും ഒപ്പിടല്‍ ചടങ്ങില്‍ നടന്നു.

നിരവധി ശൈഖുമാരും മന്ത്രിമാരും അംബാസഡര്‍മാരും കമ്പനികളുടെ ഉന്നത ഉദ്യോഗസ്ഥരുമടക്കം നിരവധി പ്രമുഖര്‍ ഒപ്പിടല്‍ ചടങ്ങില്‍ പങ്കെടുത്തു.

ഖത്തറില്‍ പൊതു-സ്വകാര്യ പങ്കാളിത്തത്തിന് കീഴില്‍ ഏറ്റെടുക്കുന്ന ആദ്യത്തെ മലിനജല ശുദ്ധീകരണ പദ്ധതിയും ഊര്‍ജ മേഖലയ്ക്ക് പുറമെ സ്വകാര്യ മേഖലയുമായി സഹകരിച്ച് നടപ്പിലാക്കുന്ന എക്കാലത്തെയും വലിയ പദ്ധതിയുമാണിത്.

Related Articles

Back to top button
error: Content is protected !!