Breaking News

ഖത്തറിനാശ്വാസം, കോവിഡ് പ്രതിദിന ശരാശരി കുറയുന്നു

അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തറിനാശ്വാസം, കോവിഡ് പ്രതിദിന ശരാശരി കുറയുന്നു. കഴിഞ്ഞ രണ്ടാഴ്ചയായി കോവിഡ് പ്രതിദിന ശരാശരി കുറയുന്നതായാണ് പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ പ്രതിവാര റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.

ഒക്ടോബര്‍ 3 മുതല്‍ ഒക്ടോബര്‍ 9 ആഴ്ചയിലെ പ്രതിദിന ശരാശരി 637 കമ്മ്യൂണിറ്റി കേസുകളും 62 യാത്രക്കാര്‍ക്കിടയിലെ കേസുകളുമടക്കം 699 ആയി കുറഞ്ഞു. സെപ്തംബര്‍ 26 ഒക്ടോബര്‍ 2 ആഴ്ചയിലെ പ്രതിദിന ശരാശരി 697 കമ്മ്യൂണിറ്റി കേസുകളും 74 യാത്രക്കാര്‍ക്കിടയിലെ കേസുകളുമടക്കം 771 ആയിരുന്നു.

രാജ്യത്തെ മൊത്തം കോവിഡ് രോഗികള്‍ കഴിഞ്ഞ ആഴ്ചയില്‍ 6060 ആയിരുന്നത് ഈ ആഴ്ചയില്‍ 3239 ആയി കുറഞ്ഞിട്ടുണ്ട്.

പ്രതിദിന ശരാശരി രോഗമുക്തി 1102 ആയി ഉയര്‍ന്നതായും പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞ ഏഴ് ദിവസത്തിനുള്ളില്‍ കോവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഖത്തറില്‍ ഇതുവരെ 682 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.