Breaking News

ഫിഫ 2022 ആരാധകര്‍ക്ക് ഹയ്യ സിമ്മും നിലവിലെ ഉപഭോക്താക്കള്‍ക്ക് ആകര്‍ഷകമായ ഓഫറുകളുമായി ഉരീദു

ഫിഫ 2022 ആരാധകര്‍ക്ക് ഹയ്യ സിമ്മും നിലവിലെ ഉപഭോക്താക്കള്‍ക്ക് ആകര്‍ഷകമായ ഓഫറുകളുമായി ഉരീദു
അമാനുല്ല വടക്കാങ്ങര

ദോഹ. ഫിഫ 2022 ലോകകപ്പിനായി ഖത്തറിലേക്ക് വരുന്ന ഫുട്‌ബോള്‍ ആരാധകര്‍ക്ക് ഹയ്യ സിമ്മും നിലവിലെ ഉപഭോക്താക്കള്‍ക്ക് ആകര്‍ഷകമായ ഓഫറുകളുമായി ലോകകപ്പിന്റെ മിഡില്‍ ഈസ്റ്റ് & ആഫ്രിക്ക ടെലികമ്മ്യൂണിക്കേഷന്‍സ് ഓപ്പറേറ്ററായ ഉരീദു രംഗത്ത്.

ഹയ്യ സിമ്മിന്റെ ആസൂത്രിത ലോഞ്ചും ലോകത്തിലെ ഏറ്റവും വലിയ കായിക മത്സരത്തില്‍ പങ്കെടുക്കുന്ന ആരാധകര്‍ക്കുള്ള പ്രത്യേക സമ്മാനവും ദോഹയിലെ ഉരീദു ആസ്ഥാനത്ത് നടന്ന വാര്‍ത്താസമ്മേളനത്തിലാണ് പ്രഖ്യാപിച്ചത്.

ഫിഫ ലോകകപ്പ് വേളയില്‍ ആരാധകര്‍ക്ക് സമാനതകളില്ലാത്ത അനുഭവമാണ് ഞങ്ങള്‍ വാഗ്ദാനം ചെയ്തിരിക്കുന്നതെന്നും ചരിത്രത്തിലെ ഏറ്റവും വലിയ ഓഫറുമായി ടെലികോം കമ്പനികളില്‍ നിന്നുള്ള ഏറ്റവും വലിയ വാഗ്ദാനമാണ് ഞങ്ങള്‍ നിറവേറ്റുന്നതെന്നും ഉരീദു ചീഫ് കൊമേഴ്സ്യല്‍ ഓഫീസര്‍ ശൈഖ് നാസര്‍ ബിന്‍ ഹമദ് ബിന്‍ നാസര്‍ അല്‍താനി പറഞ്ഞു. നിങ്ങള്‍ ഖത്തറില്‍ താമസിക്കുകയാണെങ്കിലും സന്ദര്‍ശിക്കുകയാണെങ്കിലും, ഒരു ഉരീദു ഉപഭോക്താവ് എന്ന നിലയില്‍, ഞങ്ങള്‍ എങ്ങനെയാണ് ഉപഭോക്തൃ അനുഭവത്തിന് മുന്‍ഗണന നല്‍കുന്നതെന്ന് നിങ്ങള്‍ക്ക് നേരിട്ട് കാണാനാകുമെന്ന് അദ്ദേഹം പറഞ്ഞു.

നവംബര്‍ 1 മുതല്‍ ലഭ്യമായ ഹയ്യ സിം കാര്‍ഡുകള്‍ ഖത്തറിലേക്കുള്ള സന്ദര്‍ശകര്‍ക്ക് 2022 പ്രാദേശിക മിനിറ്റുകള്‍, 2022 പ്രാദേശിക എസ്.എം.എസ്, 2022 എംബി ഡാറ്റ എന്നിവ വാഗ്ദാനം ചെയ്യും. ഈ ലൈന്‍ മൂന്ന് ദിവസത്തേക്ക് സാധുതയുള്ളതാണ്. മൂന്ന് ദിവസത്തിനകം റീചാര്‍ജ് ചെയ്താല്‍ തുടര്‍ന്നുപയോഗിക്കാം.

ഹയ്യ കാര്‍ഡ് ഉപയോഗിച്ച് ഖത്തറിലേക്ക് വരുന്ന ആരാധകര്‍ക്ക് എയര്‍പോര്‍ട്ടുകള്‍, തുറമുഖങ്ങള്‍, കര അതിര്‍ത്തികള്‍ എന്നിവിടങ്ങളില്‍ സൗകര്യപ്രദമായി ലഭ്യമാകുന്ന നിരവധി ഡിസ്‌പെന്‍സിങ് മെഷീനുകളില്‍ നിന്നും ടാക്‌സികളില്‍, മെട്രോ സ്റ്റേഷനുകള്‍ , ഹോട്ടലുകള്‍,ഫിഫ ആരാധകരുടെ ഔദ്യോഗിക താമസസ്ഥലങ്ങള്‍, ഫാന്‍ സോണുകളില്‍ തുടങ്ങിയിവിടങ്ങളിലെല്ലാം ഹയ്യ സിം ലഭിക്കും. കൂടാതെ ഉരീദു കടകള്‍, ഫ്രാഞ്ചൈസികള്‍, ഡീലര്‍മാര്‍ എന്നിവരില്‍ നിന്നും ഹയ്യ സിം സ്വന്തമാക്കാം. ഉരീദു ഇ ഷോപ്പിലൂടെ സന്ദര്‍ശകര്‍ക്ക് ഹയ്യ സിം ഓണ്‍ലൈനായും ലഭിക്കും.

ഹയ്യ സിം ഫിസിക്കല്‍ സിം കാര്‍ഡായും ഇസിമ്മായും ലഭ്യമാണ്. ഉരീദു ഇ സ്റ്റോറില്‍ നിന്നും ഹയ്യ സിം സബ്സ്‌ക്രൈബ് ചെയ്യുന്ന സന്ദര്‍ശകര്‍ക്ക് ഖത്തറില്‍ എവിടെയും സിം ഡെലിവര്‍ ചെയ്യും. എന്നാല്‍ ഇ സിം തെരഞ്ഞെടുക്കുന്നവര്‍ക്ക് അത് ഇമെയില്‍ വഴി ലഭിക്കും.

ഹയ്യ സിം ആക്ടിവേറ്റ് ചെയ്യാന്‍ എളുപ്പമാണ് . ഉപഭോക്താവ് ഉരീദു നെറ്റ്വര്‍ക്കിലേക്ക് കണക്റ്റ് ചെയ്താല്‍ ഉടന്‍ തന്നെ ഇ സിം ആക്ടിവേറ്റാകും. ഉരീദു ആപ്പ് വഴിയോ ഉരീദു ഇ ഷോപ്പ് വഴിയോ ഫിസിക്കല്‍ സിം കാര്‍ഡുകള്‍ അക്ടിവേറ്റാക്കാം.

ഒരു സ്മാര്‍ട്ട് ഓപ്പറേറ്റര്‍ എന്ന നിലയിലും നൂതനമായ ടെലികോം കമ്പനി എന്ന നിലയിലും ലോകത്തിലെ ഏറ്റവും വലിയ കായിക ഈവന്റായ ലോകകപ്പുമായി സഹകരിക്കുന്നതില്‍ ഉരീദുവിന് അഭിമാനമുണ്ടെന്ന് ഉറീദുവിലെ മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ സാറ അല്‍-ദോറാനി കൂട്ടിച്ചേര്‍ത്തു. ഖത്തറിലുളളവര്‍ക്കും ലോകകപ്പിനായി ഖത്തറിലേക്ക് വരുന്നവര്‍ക്കും അവിശ്വസനീയമായ 2022 റിവാര്‍ഡുകള്‍ വാഗ്ദാനം ചെയ്യുന്നതിലൂടെ ഞങ്ങള്‍ ‘നിങ്ങളുടെ ലോകം നവീകരിക്കുന്നത്’ തുടരുകയാണെന്ന് അവര്‍ പറഞ്ഞു.

ഖത്തറില്‍ താമസിക്കുന്ന ഉരീദുവിന്റെ പ്രീപെയ്ഡ്, പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കെല്ലാം 2022 ഗിഫ്റ്റ് ഓഫര്‍ ബാധകമാണ് . അതിനായി ഉരീദു ആപ്പ് വഴി 2022 ഗിഫ്റ്റ് ഓഫര്‍ ആക്ടിവേറ്റ് ചെയ്യണം.

വാര്‍ത്താസമ്മേളനത്തില്‍ ഉരീദൂ സിഇഒ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ താനി, സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി & ലെഗസി പ്രതിനിധികള്‍, ഉരീദൂവിന്റെ ബ്രാന്‍ഡ് അംബാസഡര്‍ മുതാസ് ബര്‍ഷാം തുടങ്ങി നിരവധിപേര്‍ സംബന്ധിച്ചു.