Breaking NewsUncategorized

ഖത്തര്‍ എയര്‍വേയ്സ് ഗ്രൂപ്പിന് 2023/2024 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 3.736 ബില്യണ്‍ റിയാല്‍ അറ്റാദായം


അമാനുല്ല വടക്കാങ്ങര

ദോഹ: വ്യോമയാന സേവന രംഗത്തെ വമ്പന്മാരായ ഖത്തറിന്റെ ദേശീയ വിമാന കമ്പനി ഖത്തര്‍ എയര്‍വേയ്സ് ഗ്രൂപ്പ് 2023/2024 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 3.736 ബില്യണ്‍ റിയാല്‍ അറ്റാദായം നേടി. കഴിഞ്ഞ വര്‍ഷം (2022/2023) ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ ലാഭത്തില്‍ 113.8 ശതമാനം വര്‍ധനവാണ് ഇത് കാണിക്കുന്നത്. മികച്ച സേവനങ്ങളും വിട്ടുവീഴ്ചയില്ലാത്ത ഗുണനിലവാരവുമായി ലോകത്തിന്റെ നൂറ്റി അറുപതോളം ഡെസ്റ്റിനേഷനുകളിലേക്ക് പറക്കുന്ന ഖത്തര്‍ എയര്‍വേയ്‌സ് പുരോഗതിയില്‍ നിന്നും പുരോഗതിയിലേക്കുള്ള പ്രയാണം തുടരുന്നുവെന്നാണ് ഈ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ഗുണനിലവാരത്തിനുള്ള നിരവധി പുരസ്‌കാരങ്ങളും അംഗീകാരങ്ങളും സ്വന്തമാക്കിയ ഖത്തര്‍ എയര്‍വേയ്‌സ് വ്യോമയാന വ്യവസായ രംഗത്ത് തന്നെ മാതൃകാപരമായ മുന്നേറ്റമാണ് നടത്തുന്നത്.

ഖത്തര്‍ എയര്‍വേയ്‌സിനും ആഗോള പങ്കാളികള്‍ക്കും ദീര്‍ഘകാല സാമ്പത്തിക മൂല്യം നല്‍കുന്ന സുസ്ഥിരവുമായ വളര്‍ച്ചയാണ് ഈ വര്‍ഷത്തെ സവിശേഷത. എയര്‍ലൈനിന്റെ ഭൂരിഭാഗം എ 350 ഫ്‌ലീറ്റുകളുടെയും സേവനത്തിലേക്കുള്ള തിരിച്ചുവരവ് ഏതാണ്ട് പൂര്‍ത്തിയായിക്കഴിഞ്ഞു, കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് മൊത്തത്തില്‍ ലഭ്യമായ സീറ്റ് കിലോമീറ്റര്‍ ഈ വര്‍ഷം 18% കൂടുതലാണ്.വിമാനങ്ങളില്‍ 83.3% ലോഡ് വര്‍ദ്ധിച്ചതിനാല്‍ യാത്രക്കാരില്‍ നിന്നുള്ള വരുമാനം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 28.5% വര്‍ദ്ധിച്ചു. ഇത് 3.6% ഉയര്‍ന്ന ആദായം സൃഷ്ടിച്ചു.
2023/2024 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയിലെ ഗ്രൂപ്പിന്റെ മൊത്ത വരുമാനം 40.126 ബില്യണ്‍ റിയാല്‍ ആയി ഉയര്‍ന്നു, 2022/2023 ഇതേ കാലയളവിനെ അപേക്ഷിച്ച് 7.4 ശതമാനം കൂടുതലാണിത്.

2023 സെപ്റ്റംബറില്‍ അവസാനിച്ച ആദ്യ ആറ് മാസങ്ങളില്‍ ഖത്തര്‍ എയര്‍വേയ്സിന്റെ മൊത്തം യാത്രക്കാരുടെ എണ്ണം 19.078 മില്ല്യണായി വര്‍ധിച്ചു, ഇത് മുന്‍ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 22.5% കൂടുതലാണ്. വണ്‍ വേള്‍ഡ് അലയന്‍സും ഓസ്ട്രേലിയ, യൂറോപ്പ്, ചൈന എന്നിവിടങ്ങളിലെ തന്ത്രപരമായ സഖ്യങ്ങളും ഖത്തര്‍ എയര്‍വേയ്‌സിന്റെ വാണിജ്യ വിജയമെളുപ്പമാക്കിയ ഘടകങ്ങളാണ് . ഫ്‌ലീറ്റ് വിപുലീകരണവും ലോയല്‍റ്റി പ്രോഗ്രാമുകളും വളര്‍ച്ചയ്ക്ക് ആക്കം കൂട്ടി. യാത്രക്കാരുടെയും ചരക്ക് ഗതാഗതത്തിന്റെയും വര്‍ദ്ധിച്ചുവരുന്ന ഈ ആവശ്യം നിറവേറ്റുന്നതിനായി ഖത്തര്‍ എയര്‍വേയ്സ് ഗ്രൂപ്പിന് ഏകദേശം 150 വിമാനങ്ങളുണ്ട്. പ്രവര്‍ത്തനക്ഷമത, ഇന്നൊവേഷന്‍ പ്രോഗ്രാമുകള്‍, സ്റ്റാഫ് വികസനം എന്നിവയിലും ഗുണപരമായ മാറ്റങ്ങളോടെയാണ് ഖത്തര്‍ എയര്‍വേയ്‌സ് ജൈത്രയാത്ര തുടരുന്നത്.

Related Articles

Back to top button
error: Content is protected !!