IM SpecialUncategorized

പിതാവിന്റെ പാതയില്‍ വേദികള്‍ കീഴടക്കി അമീന സുല്‍ത്താന


അമാനുല്ല വടക്കാങ്ങര

മാപ്പിളപ്പാട്ട് രംഗത്ത് ശ്രദ്ധേയനായ സി.വി.എ. കുട്ടി ചെറുവാടിയുടെ മകള്‍ അമീന സുല്‍ത്താന പിതാവിന്റെ പാതയില്‍ വേദികള്‍ കീഴടക്കി മുന്നേറുകയാണ്. മലയാളത്തിലും അറബിയിലുമായി നിരവധി പാട്ടുകള്‍ പാടിയും അഞ്ഞൂറോളം പാട്ടുകള്‍ റിക്കോര്‍ഡ് ചെയ്തുമാണ് അമീന സുല്‍ത്താന എന്ന യുവഗായിക സംഗീതാസ്വാദകരുടെ ശ്രദ്ധ നേടുന്നത്. ആകാശവാണി ആര്‍ട്ടിസ്റ്റായും വേദികളുടെ ഹരമായും പിതാവ് സി.വി.എ. കുട്ടിയും സംഘവും സജീവമായ കാലത്താണ് അമീന സുല്‍ത്താന ജനിക്കുന്നത്. സ്വാഭാവികമായും പാട്ടുപരിസരത്ത് ജനിച്ച് വളര്‍ന്ന അമീനയും പാട്ടുകാരിയായി മാറുകയായിരുന്നു.

ഉപ്പ പഠിപ്പിക്കുന്ന സ്‌കൂളില്‍ ഒന്നാം ക്ലാസ് തെട്ടേ പാട്ട് പാടാന്‍ തുടങ്ങി. സ്‌കൂള്‍ സബ്ജില്ല – ജില്ലാ -സംസ്ഥാന തലങ്ങളില്‍ പങ്കെടുത്ത് വിജയം കൈവരിച്ചു. തുടക്കത്തില്‍ അറബി – മാപ്പിളപ്പാട്ട് ഇനങ്ങളിലാണ് പങ്കെടുത്തിരുന്നതെങ്കിലും പിന്നീട് ഉര്‍ദു ഗസലിലാണ് കൂടുതല്‍ ശ്രദ്ധപതിപ്പിച്ചത്. നഴ്‌സിംഗ് വിദ്യാര്‍ത്ഥിയായിരിക്കെ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള സംസ്ഥാന തല മത്സരത്തില്‍ ഉര്‍ദു ഗസലിന് ഒന്നാം സ്ഥാനം ലഭിച്ചത് പാട്ട് ജീവിതത്തിലെ സുവര്‍ണ്ണ നേട്ടമായി അമീന സുല്‍ത്താന ഓര്‍ത്തെടുക്കുന്നു. ‘അഞ്ചുമന്‍ തര്‍ഖി കേരള ‘ യുടെ പ്രത്യേക അവാര്‍ഡ് എം.പി.അബ്ദുസമദ് സമദാനി യില്‍ നിന്നും സ്വീകരിച്ചതും ഈ ഗായികയുടെ ജീവിതത്തിലെ അവിസ്മരണീയമായ ഓര്‍മയാണ്.

സ്‌കൂള്‍ പാഠപുസ്തകങ്ങളിലെ ഒന്ന് മുതല്‍ 10 വരെ ക്ലാസുകളിലെ അറബി കവിതകള്‍, ഉര്‍ദു കവിതകള്‍, ഹിന്ദി കവിതകള്‍ എന്നിവയുടെ കാസറ്റുകളിലും സി.ഡി.കളിലുമായി പ്രശസ്ത ഗായകരായ സിദ്‌റത്തുല്‍ മുന്‍തഹ, റുബീന ഖാലിദ് മൈ മൂണ്‍, ഹര്‍ഫ എടവണ്ണ, സ്വഫ കുഞ്ഞീന്‍, റസീന ഖാലിദ് മൈ മൂണ്‍ (5 പേരും ഇപ്പോള്‍ ഡോക്ടര്‍മാരാണ് ) ഷഹനാസ് റഊഫ് കടവത്തൂര്‍, അബ്ദുല്ല തിരൂര്‍ക്കാട് , ഹുസ്‌ന അഴിയൂര്‍ എന്നിവരോടൊപ്പം കാസറ്റുകള്‍ക്കും, സിഡികള്‍ക്കുമായി പാടിയിട്ടുണ്ട്.

ഇപ്പോള്‍ പിതാവ് സി.വി.എ. കുട്ടി ചെറുവാടിയുടെ ഗായക സംഘത്തിലെ മുഖ്യ ഗായികയാണ് അമീന സുല്‍ത്താന . കേരളത്തിലെ വിവിധ വേദികള്‍ക്കൊപ്പം ദുബായ് നെല്ലറ വില്ലയില്‍ നടന്ന തനത് മാപ്പിള കലാ സാഹിത്യ വേദിയുടെ വാര്‍ഷിക പരിപാടിയില്‍ വി യം. കുട്ടി മാഷിനും ഫസീല താത്തയോടുമൊപ്പം പരിപാടി നടത്താന്‍ സാധിച്ചതും ജീവിതത്തിലെ നല്ല ഓര്‍മ്മയാണ്.

കോഴിക്കോട് അബൂബക്കറും, അരീക്കോട് മുഹമ്മദ് കുട്ടിയുമാണ് ഇഷ്ട സംഗീതജ്ഞര്‍ .

ഒ.എം.കരുവാരക്കുണ്ട്, എസ്.എ. ജമീല്‍ , പക്കര്‍ പന്നൂര്‍, ബാപ്പു വെള്ളി പറമ്പ്, ഹസന്‍ നെടിയനാട്, അശ്‌റഫ് പാലപ്പെട്ടി, മജീദ് കൂളിമാട്, മൊയ്തു മാസ്റ്റര്‍ വാണിമേല്‍, ടി.പി അബ്ദുല്ല, അശ്‌റഫ് പാലപ്പെട്ടി. ഇ.കെ.എം. പന്നൂര്‍, ചെറിയമുണ്ടം അബ്ദുറസാഖ് മൗലവി, നസ്‌റുദ്ദീന്‍ മണ്ണാര്‍ക്കാട്, പി.കെ.അബ്ദുല്ല മാസ്റ്റര്‍, കെ.എസ്. ഖാദര്‍, നസീര്‍ ചെറുവാടി, റഹ്‌മത്തുല്ല മഗ് രിബി, എന്‍.കെ.എം. കൊടിയത്തൂര്‍,ജി.പി. കുഞ്ഞബ്ദുല്ല ചാലപ്പുറം, ബദറുദ്ദീന്‍ പാറന്നൂര്‍ , അശ്‌റഫ് സഅദി തുടങ്ങി പ്രഗത്ഭ രചയിതാക്കളുടെയെല്ലാം പാട്ടുകള്‍ വേദികളിലും, റിക്കാര്‍ഡിലും പാടിയിട്ടുണ്ട്.

കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം ജില്ലകളിലെ റിക്കാര്‍ഡിംഗ് സ്റ്റുഡിയോകളില്‍ കൊച്ചുന്നാള്‍ തൊട്ടേ റിക്കാര്‍ഡിംഗിന് വേണ്ടി പോയിരുന്നെങ്കിലും ഇപ്പോള്‍ ചെറുവാടിയില്‍’സുല്‍ത്താന റിക്കാര്‍ഡിംഗ് സ്റ്റുഡിയോവിലാണ് കൂടുതലായും റിക്കാര്‍ഡിംഗ് നടക്കുന്നത്.

ഉപ്പയുടെയും, ഉമ്മയുടെയും, ഭര്‍ത്താവിന്റെയും സഹോദരങ്ങളുടെയും മറ്റ് കൂട്ട് കുടുംബാംഗങ്ങളുടെയുമൊക്കെ പൂര്‍ണ പ്രോത്സാഹനത്തിലാണ് നാലാം വയസ്സ് മുതല്‍ ഉപ്പയുടെ കൈയില്‍ തൂങ്ങിപ്പിടിച്ച് തുടങ്ങിയ പാട്ട് യാത്ര ഇന്നും തുടരുന്നത്.

കെ.എസ് ഖാദര്‍ രചിച്ച കഷ്ടങ്ങള്‍ തീര്‍ക്കാന്‍ അല്ലാഹു മാത്രം…..
എസ്. എ. ജയിലിന്റെ ഈ ദുനിയാവെന്ന മസ്ജിദ് –……
സലാം ഫോക്കസ് മാളിന്റെ ഇഹലോക ജീവിതമില്‍……
ഹസന്‍ നെടിയനാടിന്റെ
മൗത്തായ് മറഞ്ഞുപോയ് അമീര്‍ മില്ലത്ത് ……..
ചെറിയമുണ്ടം റസാഖ് മൗലവിയുടെ തളിരിടും കാലത്ത് ……
നസ്‌റുദ്ദീന്‍ മണ്ണാര്‍ക്കാടിന്റെ അലിയാര്‍ മനം നൊന്ത് കരച്ചിലായി…..
തുടങ്ങിയവയാണ് ഇഷ്ട ഗാനങ്ങള്‍ .
സ്റ്റേജില്‍ ആടിപ്പാടുന്നതില്‍ നിന്നും വ്യത്യസ്ഥമായി നിന്ന് പാടാനാണ് തനിക്ക് താല്‍പര്യമെന്നാണ് ഈ ഗായിക പറയുന്നത്. പാട്ടിന്റെ വരികളും സംഗീതവുമാണ് പ്രധാനം.

ഖത്തറിലെ വക്ര ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്ന മൂത്ത സഹോദരി ആബിദ അഹ്‌മദിനേയും ഭര്‍ത്താവിനേയും സന്ദര്‍ശിക്കാനാണ് ബി.എസ്.സി നഴ്‌സിംഗ് കോഴ്‌സ് കഴിഞ്ഞ അമീന സുല്‍ത്താന മാതാപിതാക്കളോടും ഭര്‍ത്താവ് മുഹമ്മദ് ആദിലിനുമൊപ്പം ഖത്തറില്‍ എത്തിയത്. ഒരു വയസ്സിലേക്കെത്തുന്ന മകള്‍ ലുജൈന്‍ ഖയാലും കൂടെയുണ്ട്.

ലോകകപ്പിനോടനുബന്ധിച്ച് ഖത്തർ ടീമിനെക്കുറിച്ച് പാടിയ അറബി ഗാനം വൈറലായിരുന്നു.

https://youtu.be/rXw1dGd9YGQ?si=fWZiwiSNwsQL93IM


വരും ദിവസങ്ങളില്‍ ഖത്തറിലെ വിവിധ വേദികളില്‍ പിതാവും മകളും അണി നിരക്കുന്ന സംഗീത നിശകള്‍ പ്രതീക്ഷിക്കാമെന്നാണ് മാപ്പിളപ്പാട്ടാസ്വാദകര്‍ കണക്കുകൂട്ടുന്നത്.

Related Articles

Back to top button
error: Content is protected !!