അബീര്‍ മെഡിക്കല്‍ സെന്റര്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയ ബ്രാഞ്ചില്‍ മെഗാ സൗജന്യ മെഡിക്കല്‍ ക്യാമ്പ്
ദോഹ. അന്താരാഷ്ട്ര തൊഴിലാളി ദിനത്തോടനുബന്ധിച്ച് ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ താമസിക്കുന്ന ജീവനക്കാര്‍ക്കായി, അബീര്‍ മെഡിക്കല്‍ സെന്റര്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയ ബ്രാഞ്ച്, അലിഗഡ് മുസ് ലിം യൂണിവേഴ്സിറ്റി പൂര്‍വ്വ വിദ്യാര്‍ത്ഥി അസോസിയേഷന്, ഓവര്‍സീസ് ഫ്രണ്ട്സ് വെല്‍ഫെയര്‍ അസോസിയേഷന്, നേപ്പാള്‍ വര്‍ക്കേഴ്സ് വെല്‍ഫെയര്‍ അസോസിയേഷന്, സിംഗ് സേവ ഗ്രൂപ്പ്, ബംഗ്ലാദേശ് കമ്മ്യൂണിറ്റി എന്നിവരുടെ പങ്കാളിത്തത്തോടെ അബീര്‍ മെഡിക്കല്‍ സെന്റര്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയ ശാഖയില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. 2023 മെയ് മാസത്തില്‍ എല്ലാ വെള്ളിയാഴ്ചകളിലും (12, 19, 26 തീയതികളിലും) മെഡിക്കല്‍ ക്യാമ്പ് തുടരാനും തീരുമാനിച്ചു.
ബിപി മോണിറ്ററിംഗ്, ജിആര്‍ബിഎസ്, ടോട്ടല്‍ കൊളസ്ട്രോള്‍, യൂറിക് ആസിഡ് തുടങ്ങിയ പ്രധാന പരിശോധനകള്‍ സൗജന്യ ക്യാമ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജനറല്‍ വിഭാഗം, ഋചഠ വിഭാഗം, എല്ലുരോഗവിദഗ്ദ്ധന്, ദന്തരോഗവിദഗ്ദ്ധന് തുടങ്ങിയ ഡോക്ടര്‍മാരുടെ സൗജന്യ സേവനവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
തൊഴില്‍ മന്ത്രാലയത്തിലെ ഓഫീസ് ഓഫ് അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറിയുടെ നിയമോപദേശകന് ഡോ. അബ്ദുല്ല അഹമ്മദ് അല്‍ മോഹന്നാദി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഡോ. അബ്ദുല്ല അഹമ്മദ് തൊഴിലാളികളുടെ ആരോഗ്യം പരിപാലിക്കുന്നതിന്റെ പ്രധാന്യത്തെക്കുറിച്ച് ഊന്നിപ്പറഞ്ഞു. അതോടൊപ്പം അബീര്‍ മെഡിക്കല്‍ സെന്ററും മറ്റ് അസോസിയേഷനുകളും തൊഴിലാളികളുടെ ക്ഷേമത്തിനായി നടത്തുന്ന ശ്രമങ്ങളെയും, വിജയകരമായി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചതിനെയും പൂര്‍ണ്ണഹൃദയത്തോടെ അഭിനന്ദിക്കുകയും ചെയ്തു.
250 ഓളം പേര്‍ക്ക് സൗജന്യ മെഡിക്കല്‍ ക്യാമ്പിന്റെ പ്രയോജനം ലഭിച്ചു. ക്യാമ്പില്‍ പങ്കെടുത്തഎല്ലാവര്ക്കും ഒരു പ്രിവിലേജ് കാര്‍ഡ് സമ്മാനമായി നല്‍കുകയും, അതിലൂടെ കാര്‍ഡ് ഉടമയ്ക്ക് അല്‍ അബീര്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയ ബ്രാഞ്ചില്‍ നിന്നും ഒന്നിലധികം ആനുകൂല്യങ്ങള്‍ ലഭിക്കുകയും ചെയ്യും.
സമൂഹത്തിന്റെ ക്ഷേമത്തിനായി അബീര്‍ മെഡിക്കല്‍ സെന്റര്‍ വരാനിരിക്കുന്ന വര്‍ഷങ്ങളിലും ഇത്തരം നിരവധി സാമൂഹിക സേവന സംരംഭങ്ങള്‍ക്ക് പ്രതിജ്ഞാബദ്ധമാണെന്ന് അബീര്‍ മെഡിക്കല്‍ സെന്റര്‍ ഗ്രൂപ്പ് മേധാവി ഡോ നിത്യാനന്ദ് കൂട്ടിച്ചേര്‍ത്തു.