കാലം മാറി, കഥ മാറണം : പി. സുരേന്ദ്രന്‍
ദോഹ: ഒരു കാലത്ത് ഏറെ ജനകീയമായിരുന്ന കലകള്‍ പലതും ഇനിയൊരു തിരിച്ച് വരവ് പ്രതീക്ഷിക്കാനാകാത്ത വിധം കാലഹരണപ്പെട്ടതായും ഗൗരവപൂര്‍വ്വമായ വായനകളും രചനകളും കുറഞ്ഞു വരുന്നതായും പ്രമുഖ സാഹിത്യകാരന്‍ പി. സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു. ഹ്രസ്വ സന്ദര്‍ശനാര്‍ഥം ദോഹയിലെത്തിയപ്പോള്‍ ഖത്തര്‍ ഇന്ത്യന്‍ ഓതേഴ്‌സ് ഫോറം നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതികൂല കാലാവസ്ഥയില്‍ പോലും സമൂഹത്തെ ഹഠാതാകര്‍ഷിച്ചിരുന്ന കഥാപ്രസംഗം എന്ന ജനകീയ കല ഇന്ന് പരിഹാസരൂപേണ ഓര്‍മ്മിച്ചെടുക്കുവോളം ആസ്വാദകലോകം മാറിക്കഴിഞ്ഞു .
തിരുത്താനൊരുങ്ങാത്തവരും തിരുത്തിയാല്‍ പോലും അംഗീകരിക്കാന്‍ കൂട്ടാക്കത്തവരുമൊക്കെയായി ലോകം മാറി. മാത്രമല്ല തിരുത്താനൊരുങ്ങുന്ന രക്ഷകര്‍ത്താക്കള്‍ പോലും ഒരുവേള നിയമനടപടിക്ക് വിധേയമാകാന്‍ സാധ്യതയുള്ള കാലമാണിത്. ആത്മാര്‍ഥയില്ലാത്ത അധ്യാപകരും കടമ്പ കടക്കുക എന്ന മിനിമം അജണ്ടയിലൊതുങ്ങുന്ന രക്ഷിതാക്കളും വിദ്യാര്‍ഥികളും പുതിയ കാലത്തെ ജീര്‍ണ്ണതകളെയാണ് പ്രതിഫലിപ്പിക്കുന്നത്.
എഴുത്തുകാരന്‍ അലഞ്ഞു കൊണ്ടിരിക്കുന്ന ഒരു അക്ഷരത്തിന്റെ, വാചകത്തിന്റെ വേവും നോവും മനസ്സിലാക്കാന്‍ കഴിയാത്ത ലോകമാണ് വാര്‍ത്തമാന ലോകം. സാഹിത്യകാരന്റെ തൂലികയിലൂടെ അനശ്വരമാകുന്ന പ്രണയവും പ്രക്ഷോഭവും അധികാര ദാര്‍ഷ്ട്യത്തോടുള്ള സമരമുദ്രകളും സന്നിവേശിക്കപ്പെടാന്‍ പാകമാകാത്ത പുതിയ ആസ്വാദകലോകം സത്യത്തില്‍ പ്രതീക്ഷകള്‍ ഒട്ടും നല്‍കുന്നില്ല. ഒരു കാലത്ത് അരക്ഷിതരായ അടിസ്ഥാന വര്‍ഗങ്ങള്‍ വിപ്ലവ രാഷ്ട്രീയ സമരമുറകളുടെ ഉയിരും ഉശിരുമായിരുന്നു. ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ, പ്രസ്തുത വര്‍ഗങ്ങള്‍ മതേതര സാമൂഹ്യ രാഷ്ട്രീയ ജനാധിപത്യ സംജ്ഞകളെ തച്ചുതകര്‍ക്കുന്നവരുടെ ചട്ടുകങ്ങളായി മാറി എന്നത് രാജ്യം നേരിടുന്ന വലിയ ദുരന്തമത്രെ.
കാപട്യം എല്ലായിടത്തുമുണ്ട്. അത് എഴുത്ത് ലോകത്തും ഉണ്ട്. ഇത്തരം കാപട്യങ്ങളുടെ മറവില്‍ എണ്ണിയാലൊടുങ്ങാത്ത ജീവിതങ്ങളും അവരുടെ തങ്കക്കിനാക്കളും തകര്‍ന്നു പോയിട്ടുണ്ട്. തുറന്നെഴുത്തിന്റെ ജാലകങ്ങളിലൂടെ വെളിച്ചം കിട്ടിയവരുണ്ട്. എന്നാല്‍ കിട്ടാതെ പോയ ദുരന്ത കഥാപാത്രങ്ങള്‍ എണ്ണമറ്റമതത്രെ..അദ്ദേഹം പരിതപിച്ചു.
പുരുഷനും സ്ത്രീയും അടങ്ങുന്ന എഴുത്തുകാര്‍ എന്ന് ഒറ്റവാക്കില്‍ പറയുന്നുണ്ടെങ്കിലും തുറന്നെഴുത്തുകാരികള്‍ ഏറെ വിരളമായി തുടരുന്നു.
ലോകവും ലോകരും കാഴ്ചപ്പാടുകളും മാറിക്കൊണ്ടിരിക്കുന്നുണ്ട്. ഇവിടെ കലയും സാഹിത്യവും രചനാ രീതികളും മാത്രം മാറാതിരിക്കാന്‍ നിര്‍വാഹമില്ല. പുതിയ ആസ്വാദകലോകത്തെ വിലയിരുത്താതെ എഴുത്തുകാരന് തന്റെ ദൗത്യം പൂര്‍ത്തീകരിക്കാനാകില്ല.
ധൃതിയുടെ ഭൂമികയിലാണ് വര്‍ത്തമാനലോകം വിഹരിക്കുന്നത്. ഇതിന്നനുസൃതമായി ദൈര്‍ഘ്യം കുറഞ്ഞ ആവിഷ്‌ക്കാരങ്ങള്‍ സര്‍ഗ പ്രതിഭകള്‍ സ്വായത്തമാക്കേണ്ടതുണ്ട്. ആഭാസങ്ങളെ അഭ്യാസമാക്കിയവരെ ആദരിക്കാനും ആരാധിക്കാനും തയാറുള്ള ഒരു സമൂഹത്തെ അന്തസ്സുള്ള ഒരു വിതാനത്തിലെത്തിക്കാന്‍ അത്യധ്വാനം ആവശ്യമാണ്.
മീഡിയാരാംഗത്ത് റീല്‍ നിര്‍മ്മാണം പോലുള്ള പുതിയ സാധ്യതകളെ സര്‍ഗാത്മകമായി ഉപയോഗിക്കാനാവണം.
മഹാന്മാരുടെ സാന്നിധ്യം കൊണ്ട് ധന്യമായ വേദിയിലും പദവിയിലും അര്‍ഹതയില്ലാതവര്‍ മലീമസമാക്കിയതിന്റെ ഭൂമികയില്‍ തൂലികപടവാളാക്കുന്നതിന്റെ തീഷ്ണമായ സാഹചര്യം നിലനില്‍ക്കുന്നുണ്ട്. പട്ടും വളയും നേടാന്‍ അധികാരികളുടെ മുന്നില്‍ ഓഛാനിച്ച് നില്‍ക്കുന്ന ഖേദകരമായ അവസ്ഥയിലും പ്രതീക്ഷയുടെ ചെറിയ കിരണമെങ്കിലും ബാക്കിയുണ്ടാകാം. വെറുക്കപ്പെട്ട പുഴു മനുഷ്യന്റെ മുഖത്ത് നോക്കി പറഞ്ഞത് നമുക്കും ആവര്‍ത്തിക്കാം.ചിത്രശലഭങ്ങളായി ഞങ്ങള്‍ തിരിച്ചു വരും.
ഫോറം വൈസ് പ്രസിഡന്റ് അഷ്‌റഫ് മടിയാരി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഹുസൈന്‍ കടന്നമണ്ണ സ്വാഗതം പറഞ്ഞു.