റമദാനില്‍ ഔഖാഫിന്റെ ഭക്ഷണ കിറ്റ് വിതരണം നാലായിരത്തിലധികം കുടുംബങ്ങള്‍ക്ക് പ്രയോജനപ്പെടും
ദോഹ. എന്‍ഡോവ്മെന്റ് ആന്‍ഡ് ഇസ്ലാമിക് അഫയേഴ്സ് മന്ത്രാലയത്തിലെ (ഔഖാഫ്) ജനറല്‍ അഡ്മിനിസ്ട്രേഷന് ഓഫ് എന്‍ഡോവ്മെന്റ് റമദാനില്‍ നാലായിരത്തിലധികം കുടുംബങ്ങള്‍ക്ക് ഭക്ഷണ കിറ്റുകള്‍ വിതരണം ചെയ്യും. ഹിഫ്സ് അല്‍ നേമ സെന്ററിന്റെ സഹകരണത്തോടെയാണ് ഈ സംരംഭം നടപ്പിലാക്കുന്നത്. ജനറല്‍ അഡ്മിനിസ്ട്രേഷന് ഓഫ് എന്‍ഡോവ്മെന്റ് ഡയറക്ടര്‍ ജനറല്‍ ഡോ. ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ ഗാനേം അല്‍താനി, ഹിഫ്സ് അല്‍നേമ സെന്റര്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ അലി അയ്ദ് അല്‍ ഖഹ്താനി, ഡിപ്പാര്‍ട്ട്മെന്റിലെ നിരവധി ഡയറക്ടര്‍മാരും സെക്ഷന്‍ മേധാവികളും പങ്കെടുത്ത വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഡിപ്പാര്‍ട്ട്മെന്റിന്റെ മുന്‍നിര പദ്ധതികളിലൊന്നാണ് ഈ സംരംഭമെന്നും നിര്‍ദ്ധനരായ കുടുംബങ്ങള്‍ക്ക് ഭക്ഷണ കിറ്റുകള്‍ വിതരണം ചെയ്യുന്നതിനായി കോവിഡ് -19 ന്റെ തുടക്കം മുതല്‍ ഇത് പ്രവര്‍ത്തനക്ഷമമാണെന്നും അല്‍താനി പറഞ്ഞു. ‘നിര്‍ധനരായ ഒരു വലിയ കൂട്ടം കുടുംബങ്ങള്‍ക്ക് പ്രയോജനം ചെയ്യുന്ന സംരംഭങ്ങളുടെ തുടര്‍ച്ച ഞങ്ങള്‍ പ്രഖ്യാപിക്കുന്നു.’ പദ്ധതി നടപ്പാക്കുന്നതിനും കേന്ദ്രവുമായി സഹകരിച്ചതിനും ജനറല്‍ അഡ്മിനിസ്ട്രേഷന് ഓഫ് എന്‍ഡോവ്മെന്റിന് അല്‍ ഖഹ്താനി നന്ദി അറിയിച്ചു. അഭ്യുദയകാംക്ഷികള്‍ ഈ ഉദ്യമത്തില്‍ പങ്കാളികളാകാനും വിവിധ എന്‍ഡോവ്മെന്റ് രീതികളിലൂടെ ഈ ചാരിറ്റിയിലേക്ക് സംഭാവന നല്‍കാനും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ഈ സംരംഭം ഗുണഭോക്താക്കളില്‍ നല്ല സ്വാധീനം ചെലുത്തിയിട്ടുണ്ട്. സമൂഹത്തിലെ വിവിധ വിഭാഗങ്ങളില്‍ കാരുണ്യത്തിന്റെ ചൈതന്യം നല്‍കുന്നതിനും പ്രചരിപ്പിക്കുന്നതിനുമുള്ള സംസ്കാരം പ്രോത്സാഹിപ്പിക്കുക, ദാനത്തിന്റെ മാസമായ റമദാനില്‍ നിര്‍ദ്ധനരായ കുടുംബങ്ങളുമായി ദാനം പങ്കിടുക എന്നിവയാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം.