നോബിള്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിന്റെ പുതിയ അത്യാധുനിക കാമ്പസ് ഉദ്ഘാടനത്തിനൊരുങ്ങി
ദോഹ: കഴിഞ്ഞ 17 വര്‍ഷമായി ദോഹയിലെ വിദ്യാഭ്യാസ രംഗത്ത് സ്തുത്യര്‍ഹമായ സേവനം നല്‍കിവരുന്ന നോബിള്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിന്റെ അത്യാധുനിക രീതിയില്‍ നിര്‍മ്മിച്ച പുതിയ കാമ്പസിന്റെ ഉദ്ഘാടനം അല്‍ – വുകൈറില്‍ ഡിസംബര്‍ 13 വെള്ളിയാഴ്ച വൈകുന്നേരം 5:00 മണിക്ക് നടക്കും
ഖത്തറിലെ വിവിധ മന്ത്രാലയങ്ങളിലെ വിശിഷ്ട വ്യക്തികളുടെയും ഇന്ത്യന്‍ അംബാസഡറുടെയും മഹനീയ സാന്നിധ്യം ഈ ചടങ്ങിനെ സവിശേഷമാക്കും.
ദോഹയിലെ വിദ്യാര്‍ഥികള്‍ക്ക് അത്യാധുനികമായ വിദ്യാഭ്യാസാന്തരീക്ഷം പ്രദാനം ചെയ്യുന്ന രീതിയിലാണ് പുതിയ കാമ്പസ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്, കൂടാതെ മെച്ചപ്പെട്ട പഠനാനുഭവങ്ങള്‍ക്കായുള്ള സ്മാര്‍ട്ട് ക്ലാസ്‌റൂമുകള്‍, ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും നവീകരണത്തിനായുള്ള വിപുലമായ ലബോറട്ടറികള്‍, വായനയിലും ഗവേഷണത്തിലും താല്പര്യം വളര്‍ത്തുന്നതിനുള്ള വിശാലമായ ലൈബ്രറികള്‍ എന്നിവയും വിദ്യാര്‍ഥികള്‍ക്കായി സജ്ജീകരിച്ചിരിക്കുന്നു. ശാരീരികവും മാനസികവുമായ വികസനത്തിനുള്ള സൗകര്യങ്ങളും, കായിക പരിശീലനത്തിനുള്ള ഗ്രൗണ്ട്, അത് ലറ്റിക് ട്രാക്ക്,സ്വിമ്മിംഗ് പൂള്‍ എന്നിവയും ഇവന്റുകള്‍ക്കും സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള മള്‍ട്ടിപര്‍പ്പസ് ഹാള്‍ എന്നിവയും ആകര്‍ഷകങ്ങളാണ്.
ഉദ്ഘാടന ചടങ്ങില്‍ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന വര്‍ണ്ണോജ്ജ്വലമായ കലാസാംസ്‌കാരിക പരിപാടികളും ഉണ്ടായിരിക്കും. അവിസ്മരണീയമായ ദൃശ്യാനുഭവം പകര്‍ന്നു തരുന്ന ഈ സുപ്രധാന ചടങ്ങില്‍ പങ്കെടുക്കാന്‍ രക്ഷിതാക്കളെയും പൊതുജനങ്ങളെയും ക്ഷണിക്കുന്നതായി മാനേജ്‌മെന്റ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
വിദ്യാര്‍ത്ഥികളുടെ അക്കാദമികവും വ്യക്തിപരവുമായ വികസനത്തിനായുള്ള നോബിള്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിന്റെ പ്രതിബദ്ധതയില്‍ ആവേശകരമായ ഒരു പുതിയ അധ്യായം ആരംഭിക്കുമ്പോള്‍ താങ്കളുടെ മഹനീയ സാന്നിധ്യം ഈ അസുലഭ അവസരത്തില്‍ ഉണ്ടാകണം എന്ന് ആത്മാര്‍ഥമായും ആഗ്രഹിക്കുന്നു.
നോബിള്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ അല്‍ – വുകൈറില്‍ വച്ച് നടന്ന വാര്‍ത്താസമ്മേളനത്തില്‍ നോബിള്‍ സ്‌കൂള്‍ രക്ഷാധികാരി അലി ജാസിം അല്‍ മാല്‍ക്കി, ചെയര്‍മാന്‍ ഹുസൈന്‍ മുഹമ്മദ് യു , ജനറല്‍ സെക്രട്ടറി ബഷീര്‍ കെ പി, ഫിനാന്‍സ് ഡയറക്ടര്‍ ഷൗക്കത്തലി താജ്, വൈസ് ചെയര്‍മാന്‍ അഡ്വ. അബ്ദുള്‍ റഹീം കുന്നുമ്മല്‍, പ്രിന്‍സിപ്പല്‍ ഷിബു അബ്ദുള്‍ റഷീദ്, വൈസ് പ്രിന്‍സിപ്പല്‍ ജയമോന്‍ ജോയ് എന്നിവര്‍ സംബന്ധിച്ചു.