Local News

യുഎംഎഐ നാല്പതാം വാര്‍ഷികാഘോഷം ദോഹയില്‍

ദോഹ:മാര്‍ഷ്യല്‍ ആര്‍ട്‌സ് രംഗത്ത് പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള യുഎംഎഐ (യുനൈറ്റഡ് മാര്‍ഷ്യല്‍ ആര്‍ട്‌സ് അക്കാദമി ഇന്റര്‍നാഷണല്‍) നാല്‍പതാം വാര്‍ഷികാഘോഷം ദോഹയില്‍ വെച്ച് നടക്കും.

ഹമദ് മെഡിക്കല്‍ കോര്‍പറേഷനുമായി സഹകരിച്ചു കൊണ്ട് മെയ് 30 വെള്ളിയാഴ്ച ഉച്ചക്ക് 2 മണി മുതല്‍ നടത്തുന്ന രക്ത ദാന ക്യാമ്പോടു കൂടിയാണ് വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കമാവുക.

2025 ഡിസംബര്‍ ആദ്യ വാരം വരെ നീണ്ടു നില്‍ക്കുന്ന വാര്‍ഷികാഘോഷ പരിപാടിയില്‍ പൊതുജനങ്ങള്‍ക്കും കുട്ടികള്‍ക്കുമുള്‍പ്പെടെ വിവിധ മത്സര പരിപാടികളും സംഘടിപ്പിക്കും. കരാട്ടെ, കളരി, കുങ്ഫു ചാംപ്യന്‍ഷിപ്പുകള്‍ക്ക് പുറമെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ്, വടംവലി, ചെസ്സ് മത്സരം, പഞ്ച ഗുസ്തി മത്സരം, സ്‌കൂള്‍ തലങ്ങളില്‍ കലാ കായിക മത്സരങ്ങള്‍, കലാ സാംസ്‌കാരിക സദസ്സുകള്‍, ലഹരി ബോധവല്‍ക്കരണ ക്ലാസുകള്‍, ആരോഗ്യ സെമിനാറുകള്‍ തുടങ്ങിയവ സംഘടിപ്പിക്കും.

ഗ്രാന്‍ഡ് മാസ്റ്റര്‍ സിഫു ഡോ. ആരിഫ് സി പിയുടെ നേതൃത്വത്തില്‍ 1985ല്‍ കോഴിക്കോട് പാലാഴിലാണ് യുഎംഎഐ അക്കാദമിക്ക് തുടക്കം കുറിച്ചത്.
ടെക്നിക്കല്‍ ഡയറക്ടര്‍ ഷിഹാന്‍ നൗഷാദ് കെ മണ്ണോളിയുടെ നേതൃത്വത്തില്‍ 1999 മുതല്‍ ദോഹയിലും യുഎംഎഐ സജീവമായി പ്രവര്‍ത്തിച്ചു വരുന്നു.
യുഎഇ , ഒമാന്‍ കുവൈത്ത് തുടങ്ങി ജി സി സി രാജ്യങ്ങള്‍ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ പ്രവര്‍ത്തിച്ചു വരുന്ന യുഎംഎഐ നാല്‍പ്പത്തി രണ്ടോളം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് കായികാഭ്യാസ പരിശീലനം നല്‍കി വരുന്നുണ്ട്.

കായിക പരിശീലനത്തോടൊപ്പം ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളും യുഎംഎഐയുടെ മുഖമുദ്രയാണ്.