Local News

എ ഐ യുഗത്തില്‍ ഭാഷയും സാങ്കേതികവിദ്യയും തമ്മിലുള്ള ബന്ധം പ്രധാനം – ശൈഖ മൗസ

ദോഹ. എ ഐ യുഗത്തില്‍ ഭാഷയും സാങ്കേതികവിദ്യയും തമ്മിലുള്ള ബന്ധം പ്രധാനമാണെന്ന് ഖത്തര്‍ ഫൗണ്ടേഷന്‍ ഫോര്‍ എഡ്യൂക്കേഷന്‍, സയന്‍സ് ആന്‍ഡ് കമ്മ്യൂണിറ്റി ഡെവലപ്മെന്റ് ചെയര്‍പേഴ്സണ്‍ ശൈഖ മൗസ ബിന്‍ത് നാസര്‍ അഭിപ്രായപ്പെട്ടു. ദോഹയില്‍ നടന്നുവരുന്ന വെബ് സമ്മിറ്റ് ഖത്തര്‍ 2026 ന്റെ ഉദ്ഘാടന സെഷനില്‍ സംസാരിക്കുകയായിരുന്നു അവര്‍. ദ്രുതഗതിയിലുള്ള ഡിജിറ്റല്‍ പരിവര്‍ത്തനത്തിനിടയില്‍ മനുഷ്യ മൂല്യങ്ങള്‍ ഉള്‍ച്ചേര്‍ക്കേണ്ടതിന്റെ പ്രാധാന്യം അവര്‍ അടിവരയിട്ടു.

അവബോധവും മൂല്യങ്ങളും രൂപപ്പെടുത്തുന്നതില്‍ അറബി ഭാഷയുടെ പങ്ക് വ്യക്തമാക്കിയ അവര്‍ അറബി ഭാഷയിലും അത് യുഗങ്ങളായി പ്രാപ്തമാക്കിയ സൃഷ്ടിപരമായ ശക്തിയിലും വിശ്വാസം വളര്‍ത്തിയെടുക്കണമെന്നാവശ്യപ്പെട്ടു. ഇന്ന് അറബി ഭാഷ സാങ്കേതികവിദ്യയുടെ മുന്‍നിരയില്‍ നിര്‍ണായക പോരാട്ടം നടത്തുന്നുവെന്ന സത്യത്തെ വിസ്മരിക്കാനാവില്ല. ഈ പോരാട്ടം ഉപകരണങ്ങള്‍ക്ക് വേണ്ടിയല്ല, മറിച്ച് അര്‍ത്ഥത്തിനും സ്വത്വത്തിനും നിലനില്‍ക്കാനുള്ള ശക്തിക്കും വേണ്ടിയാണ്.”ഈ സാഹചര്യത്തില്‍, അറബി ഭാഷയുടെ നിലനില്‍പ്പും തുടര്‍ച്ചയും ഉറപ്പാക്കുന്ന സാഹചര്യങ്ങളെക്കുറിച്ച് ചിന്തിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു .

‘ഖത്തറില്‍ കാണുന്നത് എണ്ണ, വാതകം എന്നിവയില്‍ നിന്ന് വിജ്ഞാനാധിഷ്ഠിത സമ്പദ്വ്യവസ്ഥയിലേക്കുള്ള പരിവര്‍ത്തനമാണെന്ന് അവര്‍ പറഞ്ഞു. വിദ്യാഭ്യാസത്തിലും ശാസ്ത്ര ഗവേഷണത്തിലും നിക്ഷേപം നടത്തിയതിലൂടെ ഖത്തര്‍ ലോകത്തിന്റെ വിശ്വാസം നേടുകയും പ്രാദേശിക, അന്തര്‍ദേശീയ തലങ്ങളില്‍ അതിന്റെ വിശ്വാസ്യതയും നിഷ്പക്ഷതയും പ്രകടമാക്കിയിട്ടുണ്ട്. മാനുഷികവും ഭൗതികവുമായ ശേഷികള്‍, സുതാര്യവുമായ നിയമ ചട്ടക്കൂട്, വ്യക്തമായ ധാര്‍മ്മിക മാനദണ്ഡങ്ങള്‍ എന്നിവയാണ് ഖത്തറിനെ മുന്നോട്ടുനയിക്കുന്നത്.