IM Special

ഖത്തറിലെ വിസ്മയങ്ങള്‍ (3)- പേള്‍ ഖത്തര്‍

ഡോ. അമാനുല്ല വടക്കാങ്ങര

ഗള്‍ഫിലെ അത്ഭുത ദ്വീപാണ് ഖത്തറിലുള്ള പേള്‍ ഖത്തര്‍ . മധ്യ പൗരസ്ത്യ ദേശത്ത് തന്നെ നിര്‍മാണ ചാതുരിയിലും ഡിസൈനിലും സവിശേഷമായ ഈ മനുഷ്യ നിര്‍മിത ദ്വീപില്‍ നിരവധി വിദേശികളാണ് ഇതിനകം തന്നെ വില്ലകളും അപ്പാര്‍ട്ട്്മെന്റുകളും സ്വന്തമാക്കിയിരിക്കുന്നത്. ലോകത്തെ ഏറ്റവും സുരക്ഷിതവും സമാധാനപരവുമായ രാജ്യമെന്നതും പുരോഗതിയില്‍ നിന്ന് പുരോഗതിയിലേക്ക് കുതിക്കുന്ന രാജ്യമെന്നതുമൊക്കെ പേള്‍ ഖത്തറിലേക്ക് നിക്ഷേപകരെയും താമസക്കാരേയും ആകര്‍ഷിക്കുന്ന ഘടകങ്ങളാണ്.

ഖത്തറില്‍ കടല്‍ നികത്തിയെടുത്ത് കൃത്രിമമായി നിര്‍മ്മിച്ച ആദ്യ ദ്വീപാണ് പേള്‍ ഖത്തര്‍ . ഖത്തറില്‍ വിദേശരാജ്യക്കാര്‍ക്ക് സ്വതന്ത്ര അവകാശം ആദ്യമായി നല്‍കിയത് ഈ ദ്വീപിലാണ്. ഇപ്പോള്‍ ഇരുപത്തഞ്ചോളം ഏരിയകളില്‍ വിദേശ നിക്ഷേപം അനുവദിക്കുന്നുണ്ട്.

അബ്രാജ് ക്വര്‍ട്ടിയെര്‍, ബീച്ച് വില്ലകള്‍, കോസ്റ്റ മലസ്, ഫ്ലോറെസ്റ്റ ഗാര്‍ഡന്‍സ്, ജിയാര്‍ഡിനോ വില്ലേജ്, ഐലോള ഡാന, ലാ പ്ലാജ് സൗത്ത്, മദീന സെന്‍ട്രലേ, പേര്‍ലിറ്റ ഗാര്‍ഡന്‍സ് പോര്‍ട്ടോ അറേബ്യ, ക്വനത് ക്വര്‍ട്ടിയെര്‍, വിവ ബഹ്‌റിയ എന്നിങ്ങനെ പേള്‍ ഖത്തറിനെ പന്ത്രണ്ട് പ്രൊവിന്‍സുകളായി തിരിച്ചിരിക്കുന്നു

ഖത്തറിലെ ഏറ്റവും വലിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലൊന്നായ പേള്‍ ഖത്തറിന്റെ നിര്‍മാണം 2004 ല്‍ ആണ് ആരംഭിച്ചത്. 2006 ല്‍ നിര്‍മാണം പൂര്‍ത്തിയായി . ദ്വീപ് നിര്‍മാണശേഷം വൈവിധ്യമാര്‍ന്ന കെട്ടിട സമുച്ഛയങ്ങളും സൗകര്യങ്ങളും ദ്വീപിനെ മനോഹരമാക്കുകയായിരുന്നു. ഈ കൃത്രിമദ്വീപ് പൂര്‍ണസജ്ജമായതോടെ അമ്പതിനായിരത്തിലധികം പേര്‍ക്കു താമസിക്കാനുള്ള സൗകര്യങ്ങള്‍ക്കൊപ്പം വലിയ ഷോപ്പിംഗ് സെന്ററുകളും അത്യാധുനിക ജീവിത സൗകര്യങ്ങളുമൊക്കെ ഉള്‍കൊള്ളുന്ന വിശാലമായ ലോകമായി പേള്‍ ഖത്തര്‍ മാറിയിരിക്കുന്നു.

32 കിലോമീറ്റര്‍ കടല്‍ത്തീരം നികത്തിയാണ് ഈ ക്രിത്രിമ ദ്വീപ് നിര്‍മ്മിച്ചത്. ഓരോ വീട്ടിലേക്കും കടലില്‍ നിന്നും കരയില്‍ നിന്നും പ്രവേശനം ലഭിക്കുന്ന രീതിയിലാണു ഇതിന്റെ നിര്‍മ്മാണം നടത്തിയിട്ടുള്ളത്. പ്രമുഖ നിര്‍മാണ കമ്പനിയായ യുനൈറ്റഡ് ഡവപല്മെന്റ് കമ്പനിയാണ് ഈ കൃത്രിമ ദ്വീപ് നിര്‍മിച്ചത്. പരമ്പരാഗത അറബ് സംസ്‌കാരവും മുത്തുവാരലുമൊക്കെ അനുസ്മരിച്ചാണ് ഈ സ്വപ്ന പദ്ധതിക്ക് പേള്‍ ഖത്തര്‍ എന്ന നാമകരണം ചെയ്തത്.
ഖത്തറിലെത്തുന്ന മിക്കവാറും ടൂറിസ്റ്റുകളൊക്കെ സന്ദര്‍ശിക്കാറുള്ള പേള്‍ ഖത്തറില്‍ നിരവധി മലയാളികള്‍ക്ക് സ്വന്തമായി വീടുകളുണ്ട്.

പേള്‍ ദ്വീപിനെ ഒരു സമ്പൂര്‍ണ സേവന കമ്മ്യൂണിറ്റിയായി മാറ്റുന്നതിന്റെ ഭാഗമായി വിശാലമായ ആശുപത്രി. നൂതനമായ ജീവിത സംവിധാനങ്ങള്‍, ആകര്‍ഷകമായ പള്ളി തുടങ്ങി നിരവധി സൗകര്യങ്ങളാണ് ഇവിടെ സജ്ജീകരിച്ചിരിക്കുന്നത്.
15 ബില്യണ്‍ ഡോളറാണ് പേള്‍ ഖത്തര്‍ പ്രൊജക്ട് കോസ്റ്റ് എന്നാണ് കണക്ക്.