Local News

ലാലേട്ടന്റെ പിറന്നാളില്‍ ഖത്തറില്‍ ‘ജോര്‍ജുകുട്ടി’ തരംഗം


അമാനുല്ല വടക്കാങ്ങര

ദോഹയെ ഇളക്കിമറിച്ച് ദൃശ്യം 3 ഫാന്‍സ് ഷോ; മോഹന്‍ലാല്‍ ഫാന്‍സ് കള്‍ച്ചറല്‍ & വെല്‍ഫെയര്‍ അസോസിയേഷന്‍ ഖത്തര്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ‘ദൃശ്യം 3’ ഫാന്‍സ് ഷോ സംഘടിപ്പിച്ചു. മുഷൈരിബ് ഡൗണ്‍ ടൗണ്‍ ഗലേറിയയിലെ നോവോ സിനിമയില്‍ വെച്ചായിരുന്നു പ്രദര്‍ശനം.

മലയാള സിനിമയിലെ എക്കാലത്തെയും വലിയ ക്രൈം ത്രില്ലറിന്റെ മൂന്നാം ഭാഗമായ ചിത്രത്തിന്റെ പ്രദര്‍ശനത്തിന് മുന്നോടിയായി ലാലേട്ടന് ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ട് കേക്ക് മുറിച്ച് ആരാധകര്‍ ആശംസകള്‍ നേര്‍ന്നു. മോഹന്‍ലാല്‍ ചിത്രങ്ങളിലെ ജനപ്രിയ ഗാനങ്ങള്‍ കോര്‍ത്തിണക്കി അവതരിപ്പിച്ച നൃത്തച്ചുവടുകള്‍ ചടങ്ങിന് മാറ്റുകൂട്ടി.

മോഹന്‍ലാല്‍-ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ‘ദൃശ്യം 3’ ഖത്തറിലെ പ്രവാസി പ്രേക്ഷകര്‍ക്കിടയില്‍ മികച്ച പ്രതികരണമാണ് നേടുന്നത്. പതിറ്റാണ്ടുകളായി ആരാധക ഹൃദയങ്ങളില്‍ കുടിയേറിയ ജോര്‍ജുകുട്ടി എന്ന കഥാപാത്രത്തിന്റെ ദൃശ്യവിസ്മയം പ്രേക്ഷകര്‍ ആവേശത്തോടെയാണ് വരവേറ്റത്. പ്രദര്‍ശനത്തിന് മുന്നോടിയായി നടന്ന സാംസ്‌കാരിക ചടങ്ങില്‍ ഫാല്‍ക്കണ്‍ ജിം മാനേജിങ് ഡയറക്ടര്‍ റസാഖ് , മോഹന്‍ലാലിന്റെ സുഹൃത്തും ഖത്തറിലെ പ്രമുഖ വ്യവസായിയുമായ ജോണ്‍ തോമസ് എന്നിവര്‍ അതിഥികളായിരുന്നു. ഫാന്‍സ് ഷോയുടെ പ്രായോജകരായ വിവിധ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍, ഇന്ത്യന്‍ മീഡിയ ഫോറം പ്രസിഡന്റ് ഒ. കെ. പരുമല, തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.