Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ദൈവത്തിന്റെ സ്വന്തം നാട്

മുബാറക്ക് നെല്ലിയാളി

ഉറക്കമുണര്‍ന്ന് വരുന്ന ഓരോ പ്രഭാതവും ഹൃദയം തകര്‍ക്കുന്ന വാര്‍ത്തകളാണ് നമ്മെ തേടിയെത്തുന്നത്.

നെടുമങ്ങാട്ടെ ഒന്നര വയസ്സുകാരന്റെ മരണവാര്‍ത്ത കേള്‍ക്കുമ്പോള്‍ മനുഷ്യത്വം മരവിച്ചുപോകുന്നതുപോലെ തോന്നുന്നു. അഷ്‌കര്‍ എന്ന മനുഷ്യരൂപം പൂണ്ട ക്രൂരനും, അമ്മ എന്ന വിശുദ്ധ വാക്കിന് അപമാനമായ അഖിലയും ചേര്‍ന്ന് ഒരു പിഞ്ചുകുഞ്ഞിനോട് ചെയ്ത പീഡനങ്ങള്‍ കേള്‍ക്കുമ്പോള്‍ മനസ്സാക്ഷി പോലും വിറങ്ങലിച്ചുപോകുന്നു.

ഒന്നര വയസ്സു മാത്രം പ്രായമുള്ള ആ കുഞ്ഞിന്റെ ശരീരത്തിലുണ്ടായ മുറിവുകളുടെ എണ്ണം വാര്‍ത്താമാധ്യമങ്ങള്‍ വിവരിക്കുമ്പോള്‍ കേട്ടുനില്‍ക്കാനാകാതെ കണ്ണീരൊഴുക്കുന്ന അനേകം അമ്മമാരുണ്ട്. ഈ ലോകത്തിന്റെ കാപട്യങ്ങള്‍ ഒന്നും തിരിച്ചറിയാത്ത ആ കുഞ്ഞ് എത്രമാത്രം വേദനിച്ചിട്ടുണ്ടാകും? ഒരു സ്‌നേഹത്തിനായി, ഒരു കരുതലിനായി ആ കുഞ്ഞുമനം എത്ര കൊതിച്ചിട്ടുണ്ടാകും?

ഓരോ ദിവസവും ആ കുഞ്ഞുശരീരം എത്രയോ വേദനകള്‍ സഹിച്ചിട്ടുണ്ടാകും. ഉപദ്രവിക്കാന്‍ വരുന്നവരുടെ മുന്നില്‍ ആ കണ്ണുകള്‍ ദയനീയമായി യാചിച്ചിട്ടുണ്ടാകും ‘എന്നെ തല്ലരുതേ…” എന്ന്.

ഒരു അമ്മയുടെ സാന്നിധ്യത്തില്‍ പോലും ആ കുഞ്ഞ് അനുഭവിച്ച യാതനകള്‍ മനുഷ്യ മനസ്സിന് ചിന്തിക്കാനാവുന്നതിലും അപ്പുറമാണ്. കുഞ്ഞിക്കൈകള്‍ തല്ലിയൊടിച്ചും, സിഗരറ്റുകൊണ്ട് പൊള്ളിച്ചും, ശരീരത്തിന്റെ അതീവ സ്വകാര്യ ഭാഗങ്ങളില്‍ പോലും മുറിവേല്‍പ്പിച്ചും അവര്‍ എന്ത് ആനന്ദമാണ് കണ്ടെത്തിയത്?

അമ്മത്തൊട്ടിലുകള്‍ സുലഭമായ നാട്ടാണിത്. സ്വന്തമായി കുഞ്ഞുങ്ങളില്ലെങ്കിലും ഒരു കുഞ്ഞിനെ ദത്തെടുക്കാന്‍ വര്‍ഷങ്ങളോളം കാത്തുനില്‍ക്കുന്ന നല്ല മനുഷ്യര്‍ ഇവിടെ അനേകരുണ്ട്. അങ്ങനെയുള്ള ഒരു സമൂഹത്തില്‍ എന്തിനാണ് ഈ ക്രൂരത?

ഇനി പറയാനുള്ളത് നമ്മുടെ സമൂഹത്തോടാണ്. ഇത്തരക്കാരെ വളരാന്‍ അനുവദിക്കുന്നതില്‍ സമൂഹത്തിനും ഉത്തരവാദിത്വമുണ്ട്. മുമ്പ് ഒരു സ്ത്രീയെ ക്രൂരമായി ഉപദ്രവിച്ച് കോമയിലാക്കിയപ്പോഴും, പിന്നീട് മറ്റൊരു സ്ത്രീയോടൊപ്പം ജീവിച്ചപ്പോഴും, സമൂഹം ശക്തമായി പ്രതികരിച്ചിരുന്നെങ്കില്‍ ഇന്ന് ഈ കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനായേനെ.

നിയമത്തിന്റെ വഴിക്ക് കാര്യങ്ങള്‍ പോകുമ്പോള്‍ നിയമപാലകരെ പോലും തടസ്സപ്പെടുത്തുന്ന സമീപനങ്ങള്‍ അംഗീകരിക്കാനാവില്ല. നമ്മുടെ നിയമവ്യവസ്ഥ കൂടുതല്‍ ശക്തമാവുകയും, ഈ ക്രൂരതയില്‍ പങ്കാളികളായ എല്ലാവര്‍ക്കും മാതൃകാപരമായ ശിക്ഷ ലഭിക്കുകയും വേണം. എങ്കില്‍ മാത്രമേ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കൂ.

കുഞ്ഞേ, മാപ്പ്…

നിന്നെ സംരക്ഷിക്കേണ്ടവരാണ് നിന്നെ വേദനിപ്പിച്ചത്. നിന്നെ സ്‌നേഹത്തോടെ ചേര്‍ത്തുപിടിക്കേണ്ടവരാണ് നിന്നെ ഒറ്റപ്പെടുത്തിയത്.

ഇനി സ്വര്‍ഗ്ഗത്തിലെ വര്‍ണ്ണചിറകുള്ള മാലാഖമാര്‍ സ്‌നേഹത്തോടെയും കരുതലോടെയും നിന്നെ ചേര്‍ത്തുപിടിക്കട്ടെ.

ആദരാഞ്ജലികള്‍..

Related Articles

Back to top button