Local News

ഡോം ഖത്തര്‍ സംഘടിപ്പിച്ച ഫിഫ വേള്‍ഡ് കപ്പ് ഫൈനല്‍ ലൈവ് സ്‌ക്രീനിംഗ് ശ്രദ്ധേയമായി

ദോഹ: ഡയസ്‌പോറ ഓഫ് മലപ്പുറം സംഘടിപ്പിച്ച ഫിഫ വേള്‍ഡ് കപ്പ് 2026 ഫൈനല്‍ മത്സരത്തിന്റെ ലൈവ് സ്‌ക്രീനിംഗ് ബര്‍വ വില്ലേജിലെ റൊട്ടാന ഹോട്ടല്‍ ഹാളില്‍ നടന്നു. ഫുട്‌ബോള്‍ പ്രേമികളുടെ വലിയ പങ്കാളിത്തത്തോടെയും ആവേശകരമായ അന്തരീക്ഷത്തിലുമാണ് പരിപാടി അരങ്ങേറിയത്.
കാണികള്‍ക്കായി വേള്‍ഡ് കപ്പ് ലൈവ് ക്വിസ് മത്സരവും റാഫിള്‍ ഡ്രോയും സംഘടിപ്പിച്ചു. വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ വിതരണം ചെയ്തു.
പരിപാടിയുടെ ഉദ്ഘാടനം ഡോം ഖത്തര്‍ ജനറല്‍ സെക്രട്ടറി സിദ്ദീഖ് വാഴക്കാട് നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് അബ്ദുല്‍ അസീസ് സി.കെ. അധ്യക്ഷത വഹിച്ചു.

ഡോം ഖത്തറിന്റെ ആറുമാസത്തെ ലഹരിവിരുദ്ധ ബോധവത്കരണ പദ്ധതിയായ അമല്‍ ക്യാമ്പയിന്റെ ഭാഗമായി, ഹെല്‍ത്ത് വിംഗിന്റെ നേതൃത്വത്തില്‍ ലഹരി മരുന്നുകളെക്കുറിച്ചുള്ള അവബോധം വളര്‍ത്തുന്നതിനായി മരുന്നുകളുടെ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഫാം ലീഫ് പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് വിതരണം ചെയ്തു. കായികവേദികളെ സാമൂഹിക ബോധവത്കരണത്തിനുള്ള ഇടമാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ് ഈ പ്രവര്‍ത്തനവും സംഘടിപ്പിച്ചത്.
ഡോം ഖത്തര്‍ സ്‌പോര്‍ട്‌സ് വിംഗ് ചെയര്‍മാന്‍ രതീഷ് കക്കോവ്, കണ്‍വീനര്‍മാരായ ഇര്‍ഫാന്‍ ഖാലിദ്, അനീഷ് പി.കെ., റസീന, സെക്രട്ടേറിയറ്റ് അംഗങ്ങളായ യൂസഫ് പഞ്ചിളി, പിസി നൗഫല്‍ കട്ടുപ്പാറ, സുരേഷ് ബാബു, രാഹുല്‍ ശങ്കര്‍, ഡോ. ഷഫീഖ് താപ്പി, സലീം റോസ്, ,ഷംല ജഹ്ഫര്‍ ,ശരത് ചന്ദ്രന്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
മത്സരത്തിന്റെ ആവേശം പങ്കുവെച്ച് വിവിധ ടീമുകളുടെ ജേഴ്‌സികള്‍ അണിഞ്ഞ് ഫുട്‌ബോള്‍ ആരാധകര്‍ ഒരുമിച്ചുകൂടിയ ഈ ലൈവ് സ്‌ക്രീനിംഗ്, കായിക ആഘോഷത്തോടൊപ്പം സാമൂഹിക ഉത്തരവാദിത്തത്തിന്റെ സന്ദേശവും പകര്‍ന്ന ഡോം ഖത്തറിന്റെ ശ്രദ്ധേയമായ പരിപാടികളിലൊന്നായി മാറി.