മതപാരസ്പര്യവും സംഭാഷണവും സാധ്യമാവണം : ഫാദര്‍ ഡേവിഡ് ജോയ്
അമാനുല്ല വടക്കാങ്ങര
ദോഹ : സ്വന്തം വിശ്വാസങ്ങള്‍ മുറുകെപ്പിടിച്ച് ജീവിക്കുന്നതോടൊപ്പം വ്യത്യസ്ഥ മതവിഭാഗങ്ങള്‍ തമ്മില്‍ ആശയ കൈമാറ്റങ്ങളും സമൂഹിക ഇടപെടലും സാധ്യമാക്കുന്നതിലൂടെ മാത്രമേ കേരളീയ സമൂഹത്തില്‍ ബോധപൂര്‍വ്വം സൃഷ്ടിക്കപ്പെടുന്ന പരമത വിദ്വേഷത്തെ അതിജയിക്കാന്‍ സാധിക്കുകയുള്ളൂ എന്ന് ഫാദര്‍ ഡേവിഡ് ജോയ് പറഞ്ഞു. ദോഹ ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ഇന്റര്‍ ഫൈത്ത് ഡയലോഗ് രണ്ട് ദിവസങ്ങളായി നടത്തിയ ഇന്റര്‍ ഫൈത്ത് ഡയലോഗില്‍ ഇന്ത്യയില്‍ നിന്നുള്ള അതിഥികളായി എത്തിയ ഫാദര്‍ ഡേവിഡ് ജോയ്, ഫാദര്‍ മിഥുന്‍ ഫ്രാന്‍സിസ് എന്നിവര്‍ക്ക് സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്യൂണിറ്റി നടത്തിയ സ്നേഹവിരുന്നില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു.
സോഷ്യല്‍ മീഡിയയുടെ കാലത്ത് വ്യാപകമായി പ്രചരിച്ച് കൊണ്ടിരിക്കുന്ന വ്യാജവാര്‍ത്തകളെ സമൂഹം ഒറ്റക്കെട്ടായി നേരിടുകയും മത സമൂഹങ്ങള്‍ക്കിടയിലെ ബോധപൂര്‍വ്വമായ ഇടപെടല്‍ സാധ്യമാക്കി അതിജയിക്കുകയും ചെയ്യണം. വ്യത്യസ്ഥ സമൂഹങ്ങള്‍ തമ്മില്‍ സംഭാഷങ്ങള്‍ സാധ്യമാവുന്ന പൊതു ഇടങ്ങള്‍ വ്യാപകമാക്കണം. വിശേഷ ദിവസങ്ങളിലും ആഘോഷങ്ങളിലും പരസ്പരം പങ്ക് ചേര്‍ന്ന് അറിയാനും അടുക്കാനുമുള്ള സാഹചര്യം സൃഷ്ടിക്കുന്നതിലൂടെ മാത്രമേ വെറുപ്പിന്റെ ശക്തികളെ പരാജയപ്പെടുത്താന്‍ സാധിക്കുകയുളൂ എന്ന് അദ്ദേഹം പറഞ്ഞു. ദൈവശാസ്ത്രത്തിലും , നരവംശശാസ്ത്രത്തിലും ഗവേഷകനും ഗ്രന്ഥകാരനുമായ ഫാദര്‍ ഡേവിഡ് ജോയ് ബാംഗ്ലൂര്‍ യുനൈറ്റഡ് തിയോളജിക്കല്‍ കോളേജ് പ്രഫസറാണ്.
തുടര്‍ന്ന് സംസാരിച്ച ഫാദര്‍ മിഥുന്‍ ഫ്രാന്‍സിസ് ചരിത്ര പരമായും വിശ്വാസപരമായും ബന്ധവും സമാനതകളുമുള്ള മുസ്ലിം ക്രിസ്ത്യന്‍ സമൂഹങ്ങള്‍ തമ്മില്‍ സ്നേഹവും ഐക്യവും വളരണമെന്ന് ആവശ്യപ്പെട്ടു. ഇസ്ലാം മത വിശ്വാസത്തിന്റെ ആചാരങ്ങളും ചിഹ്നങ്ങളും വ്യാപകമായി തെറ്റിദ്ധരിപ്പിക്കപ്പെട്ട് കൊണ്ടിരിക്കുകയാണ്. രാഷ്ട്രീയവും സാമൂഹികവുമായ കാരണങ്ങള്‍ ഇതിനുണ്ട്. ജാഗ്രതയോടെയുള്ള കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ മാത്രമേ സമൂഹത്തില്‍ വിഭജനമുണ്ടാക്കുന്ന ഇത്തരം ശ്രമങ്ങളെ അതിജയിക്കാന്‍ സാധിക്കൂ. മത നേതൃത്വങ്ങള്‍ ഇതിന് വേണ്ടിയുള്ള പരിശ്രമങ്ങള്‍ നടത്തണമെന്ന് അദ്ദേഹം പറഞ്ഞു. ‘ക്രിസ്ത്യന്‍ മുസ്ലിം വ്യവഹാരവും പാരസ്പര്യവും’ എന്ന വിഷയത്തില്‍ റോമിലെ ജോര്‍ജിയന്‍ യൂണിവേര്‍സിറ്റിയില്‍ റിസേര്‍ച്ച് സ്‌കോളറാണ് ഫാദര്‍ മിഥുന്‍.
വ്യത്യസ്തങ്ങളായ സമൂഹങ്ങളെയും വിശ്വാസികളെയും സ്വാഗതം ചെയ്ത് കൊണ്ട് പരസ്പര സ്നേഹത്തിന്റെയും സംവാദത്തിന്റെയും സഹായത്തിന്റെയും മാതൃക സൃഷ്ടിക്കുന്ന ഖത്തര്‍ ലോകരാജ്യങ്ങള്‍ക്ക് മാതൃകയാണെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച് കൊണ്ട് സംസാരിച്ച സി.ഐ.സി വൈസ് പ്രസിഡന്റ് കെ.സി അബ്ദുല്‍ ലത്തീഫ് പറഞ്ഞു. വ്യത്യസ്ഥ സമൂഹങ്ങളുടെയും രാജ്യങ്ങളുടെയും പാരസ്പര്യത്തിനും ഐക്യത്തിനും വേണ്ടി നിലകൊള്ളുക എന്ന ഖത്തറിന്റെ നിലപാടിന്റെ പ്രായാഗിക വല്‍ക്കരണമാണ് ദോഹ ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ഇന്റര്‍ ഫൈത്ത് ഡയലോഗ് നടത്തുന്ന സംവാദങ്ങളെന്ന് അദ്ദേഹം പറഞ്ഞു.
ലോക കേരള സഭ അംഗവും സാമൂഹ്യ പ്രവര്‍ത്തകനുമായ അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, ഇന്‍കാസ് പ്രസിഡണ്ട് സമീര്‍ ഏറാമല, ഖത്തര്‍ ഇന്ത്യന്‍ ഓതേര്‍സ് ഫോറം പ്രസിഡണ്ട് ഡോ. കെ.സി സാബു, ഫ്രന്‍ഡ്സ് കള്‍ചറല്‍ സെന്റര്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഹബീബ് റഹ്‌മാന്‍ കിഴിശ്ശേരി, കള്‍ചറല്‍ ഫോറം മുന്‍ പ്രസിഡണ്ട് ഡോ. താജ് ആലുവ, ജൂട്ടാസ് പോള്‍, ഖലീല്‍ എ.പി, ഷീല ടോമി, മുഹമ്മദ് അലി ഖാസിമി, അര്‍ഷദ് ഇ എന്നിവര്‍ സംസാരിച്ചു.