Archived ArticlesUncategorized

നാടക സൗഹൃദം ദോഹ എട്ടാം വാര്‍ഷികവും ലോക നാടക ദിനാഘോഷവും മാര്‍ച്ച് 18 ന്

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറിലെ നാടക പ്രേമികളുടെ കൂട്ടായ്മയായ നാടക സൗഹൃദം ദോഹ എട്ടാം വാര്‍ഷികവും ലോക നാടക ദിനാഘോഷവും മാര്‍ച്ച് 18 ന് അബൂ ഹമൂറിലെ ഖത്തര്‍ സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്സ് അസോസിയേഷന്‍ ഹാളില്‍ നടക്കും. ചക്കരപ്പന്തല്‍ എന്ന പേരിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.

പരിപാടിയില്‍ പ്രമുഖ നാടക പ്രവര്‍ത്തകനും നടനുമായ അപ്പുണ്ണി ശശി പങ്കെടുക്കും. നാടക രംഗത്തും സിനിമ രംഗത്തും ശ്രദ്ധേയനായ ഇദ്ദേഹം ഏകാംഗ നാടകങ്ങളിലൂടൊയാണ് കലാരംഗത്ത് സ്ഥാനം പിടിച്ചത്. പല അന്താരാഷ്ട്ര നാടക മേളകളിലും ഇദ്ദേഹം പങ്കെടുത്തിട്ടുണ്ട്. അപ്പുണ്ണികള്‍ എന്ന രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഇദ്ദേഹത്തിന്റെ നാടകം ഇതിനോടകം തന്നെ 4000 വേദികള്‍ പിന്നിട്ടു കഴിഞ്ഞു. 1500 വേദികള്‍ കളിച്ച തിരഞ്ഞെടുപ്പ് എന്ന നാടകവും ഏറെ ശ്രദ്ധയാര്‍ജ്ജിച്ചതാണ്.

ചക്കരപ്പന്തല്‍ ശശിയുടെ അഭിനയത്തികവിന്റെ പ്രകാശനമാകും. ഒറ്റക്കണ്ണനായ ആങ്ങള, വെട്ടുകാരന്‍ കരുണന്‍, 90 വയസ്സുള്ള മാളുഅമ്മ, ചക്കര എന്ന യുവതി എന്നീ വേഷങ്ങളില്‍ ഉള്ള അദ്ദേഹത്തിന്റെ ഒറ്റയാള്‍ പ്രകടനം. പാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ ,ഇന്ത്യന്‍ റുപ്പി , പുഴു ‘ എന്നീ മലയാള സിനിമകളില്‍ അവിസ്മരണീയ വേഷങ്ങള്‍ ചെയ്ത അദ്ദേഹത്തിന്റെ സാന്നിധ്യവും ആവിഷ്‌കാരവും സഹൃദയര്‍ക്ക് അവിസ്മരണീയമായ അനുഭവമായിരിക്കും.

ദോഹ കോറസ് അവതരിപ്പിച്ച ‘ലൈലാ മജ്‌നു ‘ , സിംഫണി ദോഹയുടെ ‘മിസിരിലെ രാജന്‍ ‘ , ‘മുത്തശ്ശിമാവിന്റെ തളിരിലക്കൈകളിലേക്ക് ‘ , ‘സ്വാതി തിരുനാള്‍ ‘ തുടങ്ങി ഒട്ടനവധി നാടകരചനകള്‍ക്കു പുറമെ വിദ്യാര്‍ഥികള്‍ക്കായും നിരവധി നാടകങ്ങള്‍ എഴുതുകയും സംവിധാനം ചെയ്യുകയും ചെയ്ത അധ്യാപകനും എഴുത്തുകാരനുമായ പി.എ.അബ്ദുല്‍ കരീം ലോക നാടക ദിനത്തോടനുബന്ധിച്ചുള്ള പ്രഭാഷണം നിര്‍വ്വഹിക്കും

കൂടാതെ നാടകസൗഹൃദം അംഗങ്ങള്‍ അവതരിപ്പിക്കുന്ന മനോഹരമായ കലാപരിപാടികള്‍ കൂടെ കോര്‍ത്തിണക്കി ഈ ആഘോഷം മനോഹരമാക്കാന്‍ നാടകസൗഹൃദം ഒരുങ്ങിക്കഴിഞ്ഞു.
പരിപാടി നടക്കുന്ന ഹാളിലെ ഇരിപ്പിട സൗകര്യങ്ങള്‍, തിരക്ക് എന്നിവ പരിഗണിച്ചു പ്രവേശനം നിയന്ത്രിക്കുന്നതാണ്. പാസുകള്‍ക്കും നിങ്ങളുടെ സഹകരണങ്ങള്‍ക്കും മൊബൈല്‍ 55817475, 55534825, 55982274 എന്നീ ഏതെങ്കിലും നമ്പറുകളില്‍ വിളിച്ചു ഉറപ്പുവരുത്തണമെന്ന് സംഘാടകര്‍ ആവശ്യപ്പെട്ടു.

Related Articles

Back to top button
error: Content is protected !!