Breaking News

ലോക കപ്പ് സമയത്ത് ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ആതിഥ്യമരുളുന്നവര്‍ക്കുള്ള നിര്‍ദേശങ്ങളുമായി സുപ്രീം കമ്മറ്റി

അമാനുല്ല വടക്കാങ്ങര

ദോഹ. കാല്‍പന്തുകളിലോകം കാത്തിരിക്കുന്ന കായിക മാമാങ്കത്തിന് വിസിലുയരുവാന്‍ ആറ് മാസത്തില്‍ താഴെ മാത്രം സമയം അവശേഷിക്കെ ലോക കപ്പ് സമയത്ത് ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ആതിഥ്യമരുളുന്നവര്‍ക്കുള്ള നിര്‍ദേശങ്ങളുമായി സുപ്രീം കമ്മറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി രംഗത്തെത്തി .

നവംബര്‍ 21 മുതല്‍ ഡിസംബര്‍ 18 വരെ നടക്കുന്ന ടൂര്‍ണമെന്റിനായി ലോകമെമ്പാടുമുള്ള ആരാധകര്‍ ദോഹയിലേക്ക് പറക്കാനൊരുങ്ങുകയാണ് . ആധുനിക ചരിത്രത്തിലെ ഏറ്റവും ഒതുക്കമുള്ള ടൂര്‍ണമെന്റായി എട്ട് സ്റ്റേഡിയങ്ങളില്‍ നടക്കുന്ന പരിപാടിയില്‍ ആയിരക്കണക്കിന് ആരാധകര്‍ ഖത്തറില്‍ കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും ഒപ്പം താമസിക്കാം. എന്നാല്‍ ടൂര്‍ണമെന്റിനായി ഖത്തറിലേക്ക് യാത്ര ചെയ്യുന്ന ഓരോ ആരാധകനും ഹയ്യ ഡിജിറ്റല്‍ കാര്‍ഡിന് അപേക്ഷിക്കേണ്ടതുണ്ട്. ഇത് ഖത്തറിലേക്കുള്ള പ്രവേശനാനുമതിയായി പ്രവര്‍ത്തിക്കുകയും മത്സര ദിവസങ്ങളില്‍ സൗജന്യ പൊതുഗതാഗതം ഉള്‍പ്പെടെ നിരവധി ആനുകൂല്യങ്ങളും ലഭ്യമാക്കും. മത്സരങ്ങള്‍ കാണാന്‍ ആഗ്രഹിക്കുന്ന ഖത്തര്‍ നിവാസികളും ഹയ്യ ഡിജിറ്റല്‍ കാര്‍ഡിന് അപേക്ഷിക്കേണ്ടതുണ്ട്.

ടിക്കറ്റ് ലഭിച്ച കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ഹോസ്റ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്ന – എന്നാല്‍ മത്സരങ്ങളില്‍ പങ്കെടുക്കാത്ത പ്രദേശവാസികള്‍ ഹയ്യ കാര്‍ഡിന് അപേക്ഷിക്കേണ്ടതില്ല. അതുപോലെ തന്നെ ടൂര്‍ണമെന്റിനിടെ ഖത്തറില്‍ പ്രവേശിക്കാന്‍ ആഗ്രഹിക്കുന്ന ഖത്തര്‍ പൗരന്മാര്‍/താമസക്കാര്‍ എന്നിവരും ഹയ്യ ഡിജിറ്റല്‍ കാര്‍ഡിന് അപേക്ഷിക്കേണ്ടതില്ല.

ഹയ്യ കാര്‍ഡിന് അപേക്ഷിക്കുമ്പോള്‍ ടൂര്‍ണമെന്റില്‍ തങ്ങള്‍ എവിടെയാണ് താമസിക്കുന്നതെന്ന് ആരാധകര്‍ സ്ഥിരീകരിക്കേണ്ടതുണ്ട്. ആരാധകര്‍ കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും ഒപ്പം താമസിക്കാന്‍ പദ്ധതിയിടുകയാണെങ്കില്‍, അവരുടെ ആതിഥേയന്‍ ( ഹോസ്റ്റ് ) അവരുടെ പ്രോപ്പര്‍ട്ടി ആള്‍ട്ടര്‍നേറ്റീവ് അക്കമഡേഷന്‍ ടാബ് വഴി ഹയ്യ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം.

ടിക്കറ്റ് ലഭിച്ച കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ഹോസ്റ്റ് ചെയ്യാന്‍ പദ്ധതിയിടുന്ന ഖത്തര്‍ നിവാസികള്‍ അവരുടെ അതിഥികള്‍ക്ക് തടസ്സമില്ലാത്ത അനുഭവം നല്‍കുന്നതിന് താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് സംഘാടകര്‍ ഓര്‍മിപ്പിച്ചു

ആതിഥേയര്‍ ആള്‍ട്ടര്‍നേറ്റീവ് അക്കമഡേഷന്‍ ടാബ് തിരഞ്ഞെടുത്ത് ഖത്തര്‍ ഐഡി വിശദാംശങ്ങള്‍, പ്രോപ്പര്‍ട്ടിയുടെ പേര്, സോണ്‍, തെരുവ്, കെട്ടിടം, യൂണിറ്റ് , നിങ്ങളുടെ ഉടമസ്ഥതയിലുള്ള വസ്തുവാണോ വാടകയ്ക്കെടുത്തതാണോ തുടങ്ങിയ കാര്യങ്ങള്‍ വ്യക്തമാക്കണം. തുടര്‍ന്ന് ആതിഥ്യമരുളാനുദ്ദേശിക്കുന്ന ഓരോ അതിഥിയുടെയും പേര്, നാഷണാലിറ്റി , പാസ്‌പോര്‍ട്ട് നമ്പര്‍ എന്നിവ ചേര്‍ക്കണം.

ആള്‍ട്ടര്‍നേറ്റീവ് അക്കമഡേഷന്‍ വിഭാഗത്തില്‍ ചേര്‍ത്തിട്ടുള്ള പാസ്പോര്‍ട്ട് വിശദാംശങ്ങള്‍ ഉപയോഗിച്ച് അതിഥികള്‍ക്ക് ഖത്തറിലേക്ക് യാത്ര ചെയ്യാം. സഹായമാവശ്യമുള്ളവര്‍ക്ക് [email protected]

എന്ന ഇമെയില്‍ വിലാസത്തിലോ ഖത്തറിലുള്ളവര്‍ക്ക് 800 2022 എന്ന ടോള്‍ ഫ്രീ നമ്പറിലും ഖത്തറിന് പുറത്തുള്ളവര്‍ക്ക് (+974) 4441 2022 എന്ന നമ്പറിലും ബന്ധപ്പെടാം.

Related Articles

Back to top button
error: Content is protected !!