ഖത്തര്‍ സംസ്കൃതി സംഘടിപ്പിച്ച ഈദ് മുബാറക്ക് ശ്രദ്ധേയമായി
അമാനുല്ല വടക്കാങ്ങര
ദോഹ: ബലിപെരുന്നാള്‍ ദിനത്തില്‍ ഖത്തര്‍ സംസ്കൃതി അബുഹമൂര്‍ ഐഡിയല്‍ ഇന്ത്യന്‍ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ‘ഈദ് മുബാറക്ക്’ എന്ന സംഗീത പരിപാടി ശ്രദ്ധേയമായി. മാപ്പിളപ്പാട്ടുകള്‍, ഖവാലി, ഒപ്പന കോല്‍ക്കളി തുടങ്ങിയ പരിപാടികള്‍ കോര്‍ത്തിണക്കി 3 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള നൃത്ത സംഗീത പരിപാടികള്‍ നിറഞ്ഞ സദസ്സിന് അവിസ്മരണീയമായ കലാനുഭവമാണ് സമ്മാനിച്ചത്.
സംസ്കൃതി ജനറല്‍ സെക്രട്ടറി ജലീല്‍ കാവില്‍ പരിപാടി ഉദ്ഘാടനം ചെയ്തു. നജ്മ യൂണിറ്റ് പ്രഡിഡണ്ട് ഭരത് ആനന്ദ് അധ്യക്ഷനായ ചടങ്ങില്‍ സെക്രട്ടറി ഷംസീര്‍ അരിക്കുളം സ്വാഗതവും രവി മണിയൂര്‍ നന്ദിയും പറഞ്ഞു. കലാസന്ധ്യയില്‍ പങ്കെടുത്ത കലാകാരന്മാര്ക്ക് പുസ്തകങ്ങള്‍ ഉപഹാരമായി നല്കി. സംസ്കൃതി ഭാരവാഹികള്‍ മുന്‍ഭാരവാഹികള്‍ തുടങ്ങിയവര്‍ ഉപഹാരങ്ങളും സര്‍ട്ടിഫിക്കറ്റുകളും സമ്മാനിച്ചു.
ചടങ്ങില്‍ ഇന്ത്യന്‍ മീഡിയ ഫോറം പ്രസിഡണ്ടായി തെരെഞ്ഞെടുക്കപ്പെട്ട സംസ്കൃതി കേന്ദ്ര കമ്മറ്റി അംഗം ഓമനക്കുട്ടന് പരുമലയ്ക്ക് സംസ്കൃതി മുന്‍ ജനറല്‍ സെക്രട്ടറി പി എന്‍ ബാബുരാജന് പുസ്തകങ്ങള്‍ ഉപഹാരമായി നല്കി ആദരിച്ചു.