എഎഫ് സി ഏഷ്യന്‍ കപ്പ് ടിക്കറ്റ് വില്പന ഉടന്‍ പ്രഖ്യാപിക്കും
അമാനുല്ല വടക്കാങ്ങര
ദോഹ: 2024 ജനുവരി 12 മുതല്‍ ഫെബ്രുവരി 10 വരെ ഖത്തര്‍ ആതിഥേയത്വം വഹിക്കുന്ന എഎഫ് സി ഏഷ്യന്‍ കപ്പ് ടിക്കറ്റ് വില്പന ഉടന്‍ പ്രഖ്യാപിക്കുമെന്ന് ലോക്കല്‍ കമ്മിറ്റിയുടെ മാര്‍ക്കറ്റിംഗ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ ഹസന് റാബിയ അല്‍ കുവാരി പറഞ്ഞു. ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷനുമായുള്ള ഔദ്യോഗിക കരാറിന് സമാന്തരമായാണ് ടിക്കറ്റുകളും അവയുടെ വിതരണ സംവിധാനവും ക്രമീകരിക്കുക.
ടിക്കറ്റ് വിതരണം ചെയ്യുന്ന തീയതിയും വില്‍പ്പന സംവിധാനത്തിന്റെ രീതിയും ഉടന്‍ തന്നെ വിശദമായി പ്രഖ്യാപിക്കുമെന്ന് അല്‍ കുവാരി പറഞ്ഞു. ഫിഫ 2022 ലോകകപ്പ് ഖത്തര്‍ കാലത്ത് സ്വീകരിച്ച പദ്ധതിയുമായി സാമ്യമുള്ളതാകും ടിക്കറ്റ് വിതരണ പദ്ധതി. എഎഫ്സിയോടും എല്ലാ പങ്കാളികളോടും ഉള്ള പ്രതിബദ്ധതകളും പങ്കെടുക്കുന്ന 24 ടീമുകളുമായും ദേശീയ ഫെഡറേഷനുകളുമായും ഏകോപിപ്പിച്ചുമാണ് കാര്യങ്ങള്‍ ക്രമീകരിക്കുക.
ഹയ്യ കാര്‍ഡിന് പ്രത്യേക നടപടിക്രമങ്ങളും വ്യവസ്ഥകളും ഉണ്ടെന്നും താമസക്കാര്‍ക്കോ ജിസിസി രാജ്യങ്ങളിലുള്ളവര്‍ക്കോ ഖത്തറിലേക്ക് ഏറ്റവും എളുപ്പമുള്ള പ്രവേശന സംവിധാനമാകും ഹയ്യ കാര്‍ഡെന്ന് അല്‍ കുവാരി വെളിപ്പെടുത്തി. ഈ വിശദാംശങ്ങളും ടൂര്‍ണമെന്റ് ടിക്കറ്റുകളുമായി ബന്ധിപ്പിക്കുന്നതിനുള്ള സാധ്യതയും അധികാരികള്‍ പിന്നീട് അറിയിക്കും.
എഎഫ്സി ഏഷ്യന്‍ കപ്പിന്റെ ഉദ്ഘാടന, അവസാന മത്സരങ്ങള്‍ക്ക് 88,000 സീറ്റുകളുള്ള ലുസൈല്‍ സ്റ്റേഡിയം വേദിയാകും. അല്‍ ബൈത്ത് സ്റ്റേഡിയം, അല്‍ ജനൂബ് സ്റ്റേഡിയം, അല്‍ തുമാമ സ്റ്റേഡിയം, അഹമ്മദ് ബിന്‍ അലി സ്റ്റേഡിയം, എജ്യുക്കേഷന്‍ സിറ്റി സ്റ്റേഡിയം, ഖലീഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയം എന്നീ ആറ് ലോകകപ്പ് സ്റ്റേഡിയങ്ങളിലും ജാസിം ബിന്‍ ഹമദ് സ്റ്റേഡിയം, അബ്ദുല്ല ബിന്‍ ഖലീഫ സ്റ്റേഡിയം എന്നിവിടങ്ങളിലാണ് എഎഫ്സി ഏഷ്യന്‍ കപ്പ് മത്സരങ്ങള്‍ നടക്കുക.