ഗാസയില്‍ സന്നദ്ധസേവനം നടത്താന്‍ മെഡിക്കല്‍ പ്രൊഫഷണലുകളെ ക്ഷണിച്ച് ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റി
അമാനുല്ല വടക്കാങ്ങര
ദോഹ: ഇസ്രായേലീ നരനായാട്ടില്‍ ദുരിതമനുഭവിക്കുന്ന ഗാസയില്‍ സന്നദ്ധസേവനം നടത്താന്‍ ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റി മെഡിക്കല്‍ പ്രൊഫഷണലുകളെ ക്ഷണിച്ചു. ‘ജീവിതത്തിന്റെ അന്തസ്സും ഗാസയുടെ ജീവിതവും’ എന്ന മുദ്രാവാക്യത്തിന് കീഴിലാണ് ഗാസയിലെ രോഗികള്‍ക്കും പരിക്കേറ്റവര്‍ക്കുമായി ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റിയുടെ സന്നദ്ധസേവനം . ”മാനുഷിക ഐക്യദാര്‍ഢ്യത്തിന്റെയും മെഡിക്കല്‍ ഡ്യൂട്ടിയുടെയും ആശയങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്, ഖത്തറിലെയും ലോകമെമ്പാടുമുള്ള മെഡിക്കല്‍ പ്രൊഫഷണലുകളോട് ക്യുആര്‍സിഎസ് മെഡിക്കല്‍ ടീമില്‍ ചേരാന്‍ ആവശ്യപ്പെടുന്നു. ഓര്‍ത്തോപീഡിക്സ്, ജനറല്‍ സര്‍ജറി, വാസ്കുലര്‍ സര്‍ജറി, ന്യൂറോ സര്‍ജറി, പ്ലാസ്റ്റിക് സര്‍ജറി, പീഡിയാട്രിക് സര്‍ജറി, തൊറാസിക് സര്‍ജറി, നഴ്സിംഗ് തുടങ്ങിയ വിവിധ മെഡിക്കല്‍ സ്പെഷ്യലൈസേഷനുകളിലെ വിദഗ്ധരെ സന്നദ്ധ സേവനത്തിന് അത്യാവശ്യമാണെന്ന് ക്യുആര്‍സിഎസിലെ റിലീഫ് ആന്‍ഡ് ഇന്റര്‍നാഷണല്‍ ഡെവലപ്മെന്റ് ഡിവിഷന് ഡയറക്ടര്‍ ഡോ. മുഹമ്മദ് സലാഹ് ഇബ്രാഹിം അഭിപ്രായപ്പെട്ടു.
ഗുരുതരമായ മെഡിക്കല്‍ ഇടപെടലുകള്‍ ആവശ്യമുള്ള ആയിരക്കണക്കിന് രോഗികളെ പരിശോധിച്ച് ചികിത്സിക്കുക, വൈദഗ്ധ്യവും നൂതന മെഡിക്കല്‍ ഉപകരണങ്ങളും ആവശ്യമുള്ള പ്രധാന ശസ്ത്രക്രിയകള്‍ നടത്തുക, പലസ്തീന് ആശുപത്രികളിലെ പ്രാദേശിക മെഡിക്കല്‍ ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കുക എന്നിവയാണ് ഈ സന്നദ്ധ മെഡിക്കല്‍ ടീമുകളുടെ ലക്ഷ്യമെന്ന് ഡോ. ഇബ്രാഹിം പറഞ്ഞു.
ആരംഭിച്ച് 48 മണിക്കൂറിനുള്ളില്‍, ഖത്തറില്‍ നിന്നും പുറത്തുനിന്നുമായി വിവിധ സ്പെഷ്യലൈസേഷനുകളിലായി 700-ലധികം സന്നദ്ധ മെഡിക്കല്‍ പ്രൊഫഷണലുകള്‍ രംത്തെത്തിയതായി ഡോ. ഇബ്രാഹിം വെളിപ്പെടുത്തി.