ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
ദോഹ. കള്‍ച്ചറല്‍ ഫോറം ഇന്‍ഡസ്ട്രിയല്‍ ഏരിയ അല്‍ അബീര്‍ മെഡിക്കല്‍ സെന്ററിന്റെ സഹകരണത്തോടെ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ താമസക്കാര്‍ക്കായി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. പ്രാഥമിക രക്ത പരിശോധനയും ഡോക്ടര്‍മാരുടെ സേവനവും ക്യാമ്പില്‍ നല്‍കി. പുകവലി മറ്റു ലഹരി ഉപയോഗം എന്നിവയുടെ ദൂഷ്യ ഫലങ്ങളെ കുറിച്ചുള്ള ബോധവത്കരണ ക്ലാസ്, പോസ്റ്റര്‍പ്രദര്‍ശനം ”ആന്റി ടോബോക്കോ” പ്രതിജ്ഞ തുടങ്ങിയവയും ക്യാമ്പിന്റെ ഭാഗമായി നടന്നു.
ഹമദ് മെഡിക്കല്‍ കോര്‍പറേഷനു കീഴിലെ കമ്മ്യൂണിക്കബിള്‍ ഡിസീസ് സെന്റര്‍ ക്ലിനിക്കല്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ഡോക്ടര്‍ എറിക് അമോഹ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കമ്മ്യൂണിക്കബിള്‍ ഡിസീസ് സെന്റര്‍ കണ്‍സള്‍ട്ടന്റ് ഡോ. മനോജ് വര്‍ഗ്ഗിസ്, അല്‍ അബീര്‍ മെഡിക്കല്‍സ് സെന്റര്‍ ഹെഡ് ഓഫ് ഓപറേഷന്‍സ് ഡോ. നിത്യാനന്ദ, ഐ.സി.ബി.എഫ് സെക്രട്ടറി മുഹമ്മദ് കുഞ്ഞി, കള്‍ച്ചറല്‍ ഫോറം പ്രസിഡണ്ട് ആര്‍. ചന്ദ്രമോഹന്‍, ഇന്ത്യന്‍ ഫാര്‍മസിസ്റ്റ് അസോസിയേഷന്‍ ഖത്തര്‍ ജനറല്‍ സെക്രട്ടറി സുഹൈല്‍, കള്‍ച്ചറല്‍ ഫോറം വൈസ് പ്രസിഡന്റ് റഷീദ് അലി തുടങ്ങിയവര്‍ സംബന്ധിച്ചു. കള്‍ച്ചറല്‍ ഫോറം ഇന്‍ഡസ്ട്രിയല്‍ ഏരിയ പ്രസിഡന്റ് അബ്ദുസ്സലാം എം.കെ പരിപാടി നിയന്ത്രിച്ചു.
കെയര്‍ ആന്‍ ക്യുവര്‍ ഫാര്‍മസി, വെല്‍കെയര്‍ ഗ്രൂപ്പ് എന്നിവയുടെ സഹകരണത്തോടെ ഇന്ത്യന്‍ ഫാര്‍മസിസ്റ്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ ക്യാമ്പില്‍ മരുന്നുകളും വിതരണം ചെയ്തത് ലേബര്‍ ക്യാമ്പുകളിലും മറ്റും കഴിയുന്ന നൂറുകണക്കിന് തൊഴിലാളികള്‍ക്ക് ആശ്വാസകരമായി. കള്‍ച്ചറല്‍ ഫോറം സംസ്ഥാന സെക്രട്ടറി ഷറഫുദ്ദീന്‍ സി, മെഡിക്കല്‍ വിംഗ് കണ്‍വീനര്‍ സുനീര്‍ പി, ഹാഷിം ആലപ്പുഴ, ഇഖ്ബാല്‍ ഇബ്രാഹിം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.