വര്‍ണ്ണ വൈവിധ്യങ്ങളോടെ കലാഞ്ജലി 2024 നു സമാപനം
ദോഹ. മീഡിയപെന്‍, ഐഡിയന്‍ ഇന്ത്യന്‍ സ്‌കൂളിന്റെയും, റേഡിയോ 98.6 എഫ്.എമ്മിന്റെയും സഹകരണത്തോടെ സംഘടിപ്പിച്ച കലാഞ്ജലി 2024 നാലാം എഡിഷനില്‍ ‘603’ പോയിന്റുകള്‍ നേടി രാജഗിരി പബ്ലിക് സ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി. ‘460’ പോയിന്റോടെ ആതിഥേയരായ ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ രണ്ടാം സ്ഥാനവും, ‘280’ പോയിന്റോടെ ബിര്‍ള പബ്ലിക് സ്‌കൂള്‍ മൂന്നാം സ്ഥാനവും നേടി.
മൂന്ന് ദിവസം നാല് വേദികളിലായി 2800 ഓളം വിദ്യാര്‍ത്ഥികളും 17 ഇന്ത്യന്‍ സ്‌കൂളുകളുമാണ് കലാഞ്ജലി 2024 ലെ മത്സരങ്ങളില്‍ മാറ്റുരച്ചത്.
സമാപന സമ്മേളനത്തില്‍ യുവജനോത്സവ വേദിയിലൂടെ വളര്‍ന്ന് പിന്നീട് പിന്നണി ഗാനരംഗത്ത് പ്രശസ്തനായ ബിജു നാരായണന്‍ മുഖ്യ അതിഥിയായി പങ്കെടുത്തു. പ്രശസ്ത നടന്‍ ഹരിപ്രകാശ് വര്‍മ്മയും ചടങ്ങിലെ മുഖ്യ ആകര്‍ഷണം ആയിരുന്നു.
കലാഞ്ജലി ചെയര്‍മാനും, ഐഡിയല്‍ സ്‌കൂള്‍ പ്രസിഡന്റുമായ ഡോ. ഹസ്സന്‍ കുഞ്ഞി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കലാഞ്ജലിയുടെ ചീഫ് കണ്‍വീനറും പ്രസിഡന്റുമായ ബിനു കുമാര്‍ സ്വാഗതം പറഞ്ഞു.
ദേവപ്രിയ പട്ടേരി കലാതിലകം (സബ്ജൂനിയര്‍) ‘രാജഗിരി പബ്ലിക് സ്‌കൂള്‍ ‘, ശ്രാവ്യ വുഡി കലാതിലകം (ജൂനിയര്‍ ) ‘ദോഹ മോഡേണ്‍ ഇന്ത്യന്‍ സ്‌കൂള്‍ ‘, നെവിന്‍ ജിജോ തോമസ് കലാപ്രതിഭ (ജൂനിയര്‍) ‘ദ സ്പ്രിംഗ് ഫീല്‍ഡ് പ്രൈമറി സ്‌കൂള്‍ ‘, ദേവനന്ദ സജിമോന്‍ കലാതിലകം (സീനിയര്‍) ‘ഭവന്‍സ് പബ്ലിക് സ്‌കൂള്‍ ‘, ഗുര്‍ഷന്‍ സിംഗ് കലാപ്രതിഭ (സീനിയര്‍ ) ‘രാജഗിരി പബ്ലിക് സ്‌കൂള്‍ ‘ എന്നിവരും പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി.
സമാപന ചടങ്ങിനെ വര്‍ണ്ണോജ്വലവും ഭാവസാന്ദ്രവുമാക്കുന്നതില്‍ വിധികര്‍ത്താക്കള്‍ വഹിച്ച പങ്ക് എടുത്തു പറയേണ്ടതാണ്. കലാമണ്ഡലം നര്‍ത്തകിമാരായ ഭാഗ്യലക്ഷ്മി, ഐശ്വര്യ, ലതിക എന്നിവര്‍ ചേര്‍ന്നവതരിപ്പിച്ച നൃത്തവും, ഗായകനായ ജവാദ് അബ്ദുള്‍ഖാദര്‍ അവതരിപ്പിച്ച ഗാനങ്ങളും കാണികളെ ആവേശഭരിതരാക്കി.
കലാഞ്ജലിയുടെ മറ്റൊരു വിജയകരമായ പതിപ്പിന് ഇന്ത്യന്‍ എംബസിയോട് ചേര്‍ന്ന് വഹിക്കാന്‍ കഴിഞ്ഞതില്‍ മീഡിയപെന്‍ നും, കലാജ്ഞലിയ്ക്കും അങ്ങേയറ്റം ആഹ്‌ളാദവും അഭിമാനവും ഉണ്ടെന്നും, എല്ലാവരുടെയും കൂട്ടായ പ്രവര്‍ത്തനത്തിനും അര്‍പ്പണ ബോധത്തിനും ഞങ്ങള്‍ എല്ലാവരെയും അഭിനന്ദിക്കുന്നു എന്നും, ഖത്തറിലെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഇന്ത്യന്‍ സംസ്‌കാരവും ഐക്യവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള കലാഞ്ജലിയുടെ ദൗത്യം അചഞ്ചലമായി തുടരുമെന്നും കലാഞ്ജലിയുടെ ചെയര്‍മാന്‍ ഡോ.. ഹസ്സന്‍ കുഞ്ഞി വ്യക്തമാക്കി.