Local News

മലയാളി സമാജം പ്രതിഭാ സംഗമം – കേരളോത്സവം അവിസ്മരണീയമായി

ദോഹ. മലയാളി സമാജവും റേഡിയോ മലയാളം 98.6 എഫ്.എമ്മും ചേര്‍ന്ന് പോഡാര്‍ പേള്‍ സ്‌കൂളില്‍ സംഘടിപ്പിച്ച മലയാളി സമാജം പ്രതിഭാ സംഗമം – കേരളോത്സവം അവിസ്മരണീയമായി.

2023/24 അദ്ധ്യയന വര്‍ഷത്തിലെ പത്താം ക്ലാസ് പരീക്ഷയില്‍ മലയാളത്തിന് ഉന്നത വിജയം നേടിയ ഇന്ത്യന്‍ സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെയും, അവരുടെ അധ്യാപകരെയും ആദരിക്കുന്ന പ്രതിഭാ സംഗമവും, കേരളീയ കലയും സംസ്‌കാരവും സമന്വയിപ്പിച്ച് കൊണ്ടുള്ള കേരളോത്സവവും ആഘോഷം സവിശേഷമാക്കി.

ചടങ്ങില്‍ മൂവാറ്റുപുഴ എംഎല്‍എ മാത്യു കുഴല്‍നാടന്‍ ആയിരുന്നു മുഖ്യാഥിതി. മലയാളി സമാജം പ്രസിഡന്റ് ആനന്ദ് നായര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജനറല്‍ സെക്രട്ടറി സന്തോഷ് യോഹന്നാന്‍ സ്വാഗതവും ചെയര്‍പേഴ്‌സണ്‍ ലതആനന്ദ് നായര്‍ ആമുഖവും പറഞ്ഞു. സമാജം അഡ്വൈസര്‍ പ്രേംജിത്, സമാജം വൈസ് പ്രസിഡന്റ് ബദറുദ്ദീന്‍ മുഹമ്മദ്, സമാജം ട്രഷറര്‍ വീണ ബിധു, ജോയിന്റ് സെക്രട്ടറിമാരായ റിന്‍സാ ഫിറോസ്, കേരളോത്സവം പ്രോഗ്രാം കണ്‍വീനര്‍ ഹനീഫ് ചാവക്കാട് , റേഡിയോ മലയാളം സി ഇ ഒ അന്‍വര്‍ ഹുസൈന്‍ ഐ സി സി , ഐ സി ബി എഫ് ഭാരവാഹികള്‍, അല്‍ റവാബി ഗ്രൂപ്പ് ജി എം കണ്ണൂ ബക്കര്‍, ജി കെ പി എ പ്രസിഡന്റ് നൌഫല്‍, ജി കെ പി എ സെക്രട്ടറി നജ്‌ല , സമാജം എക്‌സിക്യൂട്ടീവ്‌സ് എന്നിവര്‍ സന്നിഹിതരായിരുന്നു.
അരുണ്‍ പിള്ളയും ജയശ്രീ സുരേഷും, മഞ്ജു മനോജും പ്രേമ ശരത്ചന്ദ്രനും പരിപാടികള്‍ നിയന്ത്രിച്ചു.

പ്രതിഭാ സംഗമത്തോടനുബന്ധിച്ചു ഇന്റര്‍സ്‌കൂള്‍ മലയാളം ക്വിസ് മത്സരവും നടത്തുകയുണ്ടായി. കേരളം, മലയാള ഭാഷ/സാഹിത്യം എന്നീ വിഷയത്തെ അധികരിച്ച് നടന്ന ക്വിസ് ഇല്‍ ദോഹയിലെ 13 ഓളം ഇന്ത്യന്‍ സ്‌കൂളുകള്‍ മാറ്റുരച്ചു. ഹമദിലെ കാര്‍ഡിയാക് വിഭാഗം സര്‍ജന്‍ ഡോ റഷീദ് പട്ടത്ത് സമാജം ജോയിന്റ് സെക്രട്ടറി സരിത ജോയിസുമായിരുന്നു ക്വിസ് മാസ്റ്റേഴ്‌സ്. സുബൈര്‍ പാണ്ഡവതും ആനന്ദ് നായരുമായിരുന്നു ടൈമര്‍മാര്‍.

പ്രതിഭാ സംഗമത്തോടനുബന്ധിച്ചുള്ള ‘ കേരളം, മലയാള ഭാഷ’ വിഷയത്തെ അധികരിച്ചു നടത്തിയ ഇന്റര്‍സ്‌കൂള്‍ മലയാളം ക്വിസ് മത്സരത്തില്‍ ഭവന്‍സ് പബ്ലിക് സ്‌കൂള്‍ വിജയികളായി. ഫസ്റ്റ് റണര്‍ അപ്പ് നോബിള്‍ സ്‌കൂളും സെക്കന്റ് റണ്ണര്‍ അപ്പ് ഐഡിയല്‍ സ്‌കൂളും കരസ്ഥമാക്കി.
2019 മുതല്‍ സമാജം നല്‍കുന്ന മലയാള പ്രതിഭാ പുരസ്‌കാരത്തിനു ഇത്തവണ 115 വിദ്യാര്‍ഥികളാണ് അര്‍ഹരായത്. മുഖ്യാഥിതി മൂവാറ്റുപുഴ എംഎല്‍എ മാത്യു കുഴല്‍നാടന്‍, കണ്ണൂ ബക്കര്‍ ,മനോജ്, ജി കെ പി എ പ്രസിഡന്റ് നൗഫല്‍ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ പോഡാര്‍ പേര്‍ളിലെ തിങ്ങി നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി വിദ്യാര്‍ത്ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റും മെഡലുകളും സമ്മാനിച്ചു.
മാത്യു കുഴല്‍നാടന്‍ ക്വിസ് ജേതാക്കള്‍ക്കുള്ള അവാര്‍ഡ് സമ്മാനിച്ചു.
കേരള സംസ്‌കാരത്തിന്റെ തനിമയും വൈവിധ്യവും സമൂന്വയിപ്പിച്ചു കൊണ്ടുള്ള വിവിധ കലാരൂപങ്ങളും , സ്റ്റാളുകളും തുടങ്ങി നിരവധി പരിപാടികളോടെ, സന്ദര്‍ശകര്‍ക്ക് കേരളത്തിന്റെ തനതായ പാരമ്പര്യങ്ങളുടെപുനരാവിഷ്‌കാരമാണ് സമ്മാനിച്ചത്. ഉച്ചക്ക് 1 മണിമുതല്‍ രാത്രി 11 മണി വരെ നീണ്ടുനിന്ന സമയം മലയാളി സമാജം ഒരുക്കിയ കേരളോത്സവത്തില്‍ 4000 ഓളം കാണികളാണ് പരിപാടികള്‍ ആസ്വദിക്കാന്‍ എത്തിച്ചേര്‍ന്നത്.
കണ്ണിനും കാതിനും ഇമ്പമേകിയ കേരളതനിമ തുളുമ്പുന്ന നിരവധി പരിപാടികള്‍ വേദിയില്‍ അവതരിപ്പിച്ചു. ദോഹയിലെ പ്രമുഖ കലാകാരന്മാര്‍ അണി നിരന്ന കലാ പരിപാടികള്‍ രാത്രി ഏറെ വൈകിയാണ് അവസാനിച്ചത്. ദോഹ ആസ്ഥാനമായ കനല്‍ അവതരിപ്പിച്ച നാടന്‍ പാട്ടോട് കൂടിയാണ് പരിപാടികള്‍ക്ക് കൊട്ടികലാശമായത്.

Related Articles

Back to top button
error: Content is protected !!