IM Special

പുതുവര്‍ഷത്തിന്റെ പ്രതീക്ഷകള്‍ ലോകത്ത് നന്മ വിതക്കട്ടെ


ഡോ.അമാനുല്ല വടക്കാങ്ങര

ലോകം മറ്റൊരു പുതുവര്‍ഷത്തെ കൂടി വരവേല്‍ക്കുന്നു. സാമ്പത്തികവും സാമൂഹികവും മാനുഷികവുമായ നിരവധി പ്രശ്നങ്ങളുടെ നടുവിലാണെങ്കിലും ഏറെ ആഹ്ളാദത്തോടെയും അതിലേറെ പ്രതീക്ഷയോടെയുമാണ് ഓരോരുത്തരും പുതുവല്‍സരത്തെ വരവേല്‍ക്കുന്നതെന്നാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പുതുവല്‍സരാഘോഷത്തെ ന്യായീകരിക്കാനോ തള്ളിപ്പറയാനോ മുതിരുന്നതിന് പകരം ലോകത്ത് നടക്കുന്ന ഒരു സുപ്രധാനമായ ആശയം എങ്ങനെ ക്രിയാത്മകമാക്കാം എന്ന ചിന്തയാകും കൂടുതല്‍ അഭികാമ്യമെന്നാണ് കരുതുന്നത്.

പുതുവത്സരം പ്രതീക്ഷകളും ആകാംക്ഷകളും നിറഞ്ഞ ഒരു സന്ദര്‍ഭമാണ്. ഓരോ പുതുവത്സരവും പുതിയ തുടക്കങ്ങള്‍ക്കുള്ള വാതില്‍ തുറക്കുകയും ജീവിതത്തില്‍ പുതുമകളും പുതുചിന്തകളും കൊണ്ടുവരികയും ചെയ്യാം. പ്രതീക്ഷകള്‍ നിറഞ്ഞ പുതുവത്സരം നമ്മെ ജീവിതത്തിലെ ലക്ഷ്യങ്ങള്‍ അടയാളപ്പെടുത്താനും അവയെ സഫലമാക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ കണ്ടെത്താനും പ്രേരിപ്പിക്കുന്നുവെങ്കില്‍ ഈ ആശയം സാര്‍ഥകമാകും.

ആകാംക്ഷയോടെ നാം പുതുവത്സരത്തെ വരവേല്‍ക്കുമ്പോള്‍, കഴിഞ്ഞ വര്‍ഷത്തെ അനുഭവങ്ങള്‍ പഠനമായി ഉപയോഗിച്ച് മുന്നോട്ട് പോകുന്നത് ഏറെ പ്രധാനമാണ്. സ്വയം വിലയിരുത്തലുകളും ആത്മവിമര്‍ശനങ്ങളുമൊക്കെ തിരുത്താനും പകര്‍ത്താനും സഹായകമാവട്ടെ.പുതിയ സംരംഭങ്ങള്‍ തുടങ്ങാനും, പഴയ പിഴവുകള്‍ തിരുത്താനും പുതുവത്സരം ഒരു അവസരമായി കാണുമെങ്കില്‍ ജീവിതത്തില്‍ ക്രിയാത്മകമായ മാറ്റങ്ങള്‍ക്ക് സഹായകമാകും. ജീവിതത്തിലെ ഓരോ പ്രതിസന്ധിയും പുതിയ സാധ്യതകളുടെ വാതില്‍ തുറക്കുന്നതിനുള്ള ചവിട്ടുപടിയാണ്. അതിനാല്‍ പ്രതിസന്ധികളെ മറികടക്കാനുള്ള ആത്മവിശ്വാസവും കരുത്തും പുതുവത്സര പ്രതിജ്ഞകളുടെ ഭാഗമാക്കണം.

ആരോഗ്യവും സമാധാനവുമുള്ള ജീവിതം മുന്നില്‍ കാണുകയും മാനവികതയും സാഹോദര്യവും ഉദ്ഘോഷിക്കുകയും ചെയ്യുന്ന സമീപനമാണ് നമുക്കാവശ്യം. ഓരോ വ്യക്തിയും അവരുടെ ജീവിതത്തിലെ ആഗ്രഹങ്ങള്‍ സഫലമാക്കാന്‍ പുത്തന്‍ മാര്‍ഗ്ഗങ്ങള്‍ അന്വേഷിക്കുമ്പോള്‍, സമൂഹത്തിനും മറ്റുള്ളവര്‍ക്കും പ്രയോജനകരമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് മൂല്യമേറിയതാണ്. നമ്മുടെ വളര്‍ച്ചയും പുരോഗതിയും സമൂഹത്തിന്റെ വളര്‍ച്ചക്കനുഗുണമാവുകയും രാജ്യത്തിന്റേയും ലോകത്തിന്റേയും വളര്‍ച്ചാവികാസത്തിന് സഹായകമാവുകയും വേണം. പുതുവര്‍ഷത്തിന്റെ പ്രതീക്ഷകള്‍ ലോകത്ത് നന്മ വിതക്കുകയും ഏകമാനവികതയും സാഹോദര്യവും അടയാളപ്പെടുത്തുന്നതോടൊപ്പം ലോകസമാധാനത്തിന് സഹാീയകമാവുകയും ചെയ്യട്ടെയെന്നാണ് പ്രാര്‍ഥന.

യുദ്ധവും അതിക്രമങ്ങളും എന്നും മാനവരാശിയുടെ സമാധാനം കെടുത്തുകയും പുരോഗതിയില്‍ നിന്ന് പിറകോട്ട്വലിക്കുകയും ചെയ്യുന്ന ദുരന്തങ്ങളാണ്. തുറന്ന സംവാദങ്ങളിലൂടെ ഏത് പ്രശ്നവും ചര്‍ച്ച ചെയ്യാനും പരിഹാരം കണ്ടെത്താനുമുള്ള സാംസ്‌കാരിക പ്രബുദ്ധതയാണ് ലോകം തേടുന്നത്.

പുതുവര്‍ഷം പുതിയ പ്രതീക്ഷകളുടെതാണ്. ചൈനക്കാര്‍ പറയാറുള്ളത് പോലെ ഇരുട്ടിനെ പഴിക്കാതെ പ്രത്യാശയുടെ ഒരു തിരിനാളമെങ്കിലും തെളിക്കാന്‍ നമുക്ക് പരിശ്രമിക്കാം. ജീവിതത്തില്‍ മനോഹരമായ ഏടുകള്‍ തുന്നിചേര്‍ക്കാന്‍ ശ്രമിക്കുന്നത് പോലെയാണ് ഓരോ പ്രതീക്ഷകളും. പുതുവര്‍ഷത്തില്‍ ഉറച്ച തീരുമാനമെടുത്ത് അത് ജീവിതത്തില്‍ നടപ്പാക്കി സ്വപ്നം സാക്ഷാത്ക്കരിക്കുന്നത്തിനുള്ള അവസരം കൂടിയാണിത്.

ഓരോ പുതുവര്‍ഷവും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആയിരങ്ങളുടെ ഒത്തുചേരലുകളോടെയാണ് ആരംഭിക്കുന്നത്. പരസ്പരം സന്തോഷം പങ്കിട്ടും പ്രതീക്ഷകള്‍ കൈമാറിയുമാണ് ഓരോ പുതു വര്‍ഷത്തെയും വാരിപ്പുണരുന്നത്. സന്തോഷത്തേേിന്റയും സൗഹാര്‍ദ്ധത്തിന്റേയും വികാരം മാനവിക സാഹോദര്യവും സൗഹൃദവും ഊട്ടിയുറപ്പിക്കുന്നതാകട്ടെ.
ചിന്താപരമായ വളര്‍ച്ചയോടൊപ്പം ശാരീരികവും മാനസികവുമായ ആരോഗ്യ സംരംക്ഷണത്തെ ചിന്തയും ഏറെ പ്രസക്തമാണ്. ആരോഗ്യപരമായ കാരണങ്ങളാല്‍ പ്രയാസമനുഭവിക്കുന്ന സമൂഹത്തിന് പുരോഗമനപരമായ കുതിച്ചുചാട്ടം പ്രയാസകരമാകും. ശരീരവും മനസും ആരോഗ്യകരമായി സൂക്ഷിക്കുക. സ്ഥിരമായ വ്യായാമം, ശരിയായ ഭക്ഷണം, വിശ്രമം എന്നിവയിലൂടെ ആരോഗ്യപരിപാലനത്തിന് മുന്‍ഗണന നല്‍കുക.

സമൂഹത്തിലെ അവശ പിന്നാക്ക വിഭാഗങ്ങള്‍ക്കുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുകയും മറ്റുള്ളവരെ സഹായിക്കുകയെന്നത് ജീവിതത്തിന്റെ ചര്യയായി മാറ്റുകയും ചെയ്യുമ്പോള്‍ മനസമാധാനവും സന്തോഷവും ലഭിക്കുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.
പുതിയ കാര്യങ്ങള്‍ പഠിക്കുക. പുതിയ ഭാഷകള്‍, പ്രാവീണ്യങ്ങള്‍, അല്ലെങ്കില്‍ ഹോബികള്‍ നേടാന്‍ ശ്രമിക്കുക.
സാഹചര്യങ്ങളെ അംഗീകരിക്കുക. നിത്യവും പുതുതായെന്തെങ്കിലും പഠിക്കുകയും ഓരോരുത്തരുടേയും മല്‍സരക്ഷമത ഉയര്‍ത്തുകയും ചെയ്താല്‍ ജീവിതത്തില്‍ വലിയ മാറ്റങ്ങളുണ്ടാകും.

നാം എത്രയൊക്കെ ശ്രദ്ധിച്ചാലും ജീവിതത്തില്‍ പ്രതിസന്ധികളും വെല്ലുവിളികളും ഉണ്ടാകാം. ജീവിതത്തിലെ പ്രതിസന്ധികളെ അവസരങ്ങളായി കാണുകയും പോസിറ്റീവ് സമീപനത്തോടെ മുന്നോട്ട് പോകുകയും ചെയ്യുമ്പോള്‍ വിജയപഥം അനായാസമാകും.

എല്ലാ തലങ്ങളിലുമുള്ള സമ്പര്‍ക്കങ്ങള്‍ മെച്ചപ്പെടുത്തുക. സാങ്കേതിക വിദ്യ സൃഷ്ടിച്ച തിരക്കുകളുടെ ലോകത്തും വ്യക്തി തലത്തിലും സമൂഹതലത്തിലുമുള്ള ബന്ധങ്ങളെ പരിഗണിക്കുകയും നട്ടുവളര്‍ത്തുകയും ചെയ്യുമ്പോള്‍ ജീവിതം കൂടുതല്‍ മനോഹരമാകും.

കുടുംബാംഗങ്ങളുമായും സുഹൃത്തുകളുമായും ബന്ധം സാര്‍ഥകമാക്കുക. അവരുമായി കൂടുതല്‍ സമയം ചെലവഴിക്കുക.
ഈയര്‍ഥത്തില്‍ നല്ല തീരുമാനങ്ങളോടെ, ആത്മവിശ്വാസത്തോടെ, ജീവിതത്തില്‍ സന്തുലിതവും സമാധാനപരവുമായ മുന്നേറ്റം നടത്താന്‍ ഈ സന്ദര്‍ഭം പ്രയോജനപ്പെടുമെങ്കില്‍ എന്നാശിക്കുന്നു.

Related Articles

Back to top button
error: Content is protected !!