Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

സൗഹൃദത്തിന്റെ മണ്ണില്‍ ആരോഗ്യത്തിന്റെ വസന്തം; ഉം അല്‍ സനീം പാര്‍ക്കില്‍ ജി.ആര്‍.സി.സി കായിക സംഗമം

ദോഹ: പ്രവാസത്തിന്റെ തിരക്കുകളില്‍ നിന്ന് ഒരല്‍പം ഇടവേളയെടുത്ത്, ആരോഗ്യവും ആനന്ദവും ഒത്തുചേര്‍ന്ന ഒരു പുലരിക്ക് സാക്ഷ്യം വഹിച്ച് ഉം അല്‍ സനീം പാര്‍ക്ക്. ഖത്തര്‍ ദേശീയ കായിക ദിനത്തോടനുബന്ധിച്ച് ഗ്ലോബല്‍ റിഥം കള്‍ച്ചറല്‍ ക്ലബ് സംഘടിപ്പിച്ച ‘ഒന്നിച്ചു നടക്കാം, ആരോഗ്യത്തോടെ ജീവിക്കാം’ എന്ന പരിപാടി പ്രവാസ മണ്ണില്‍ പുതിയൊരു സൗഹൃദ സ്വര്‍ഗ്ഗം തീര്‍ത്തു.

ആഡംബരങ്ങളുടേയോ കൃത്രിമമായ ദൃശ്യഭംഗികളുടേയോ പകിട്ടിലല്ല, മറിച്ച് പങ്കെടുത്തവരുടെ മനസ്സില്‍ വിരിഞ്ഞ ആത്മാര്‍ത്ഥമായ പുഞ്ചിരിയിലാണ് ഒരു പരിപാടിയുടെ വിജയമെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ് ഗ്ലോബല്‍ റിഥം കള്‍ച്ചറല്‍ ക്ലബ് .

ഖത്തര്‍ ദേശീയ കായിക ദിനത്തോടനുബന്ധിച്ച് ദോഹയിലെ ഉം അല്‍ സനീം പാര്‍ക്കില്‍ സംഘടിപ്പിച്ച കായിക സംഗമം, പ്രവാസത്തിന്റെ തിരക്കുകള്‍ക്കിടയില്‍ മനസ്സിനും ശരീരത്തിനും ഉന്മേഷം പകരുന്ന ഒരു വേറിട്ട അനുഭവമായി മാറി. ഫെബ്രുവരി പത്തിന് ചൊവ്വാഴ്ച പുലര്‍ച്ചെ ഏഴ് മണിക്ക് ആരംഭിച്ച പരിപാടി, വെറുമൊരു കായിക വിനോദത്തിനപ്പുറം സ്‌നേഹത്തിന്റെയും ഒത്തുചേരലിന്റെയും ഒരു സൗഹൃദ സ്വര്‍ഗ്ഗമാണ് അവിടെ പണിതുയര്‍ത്തിയത്. ലോകത്തിലെ ഏറ്റവും നീളമേറിയ എയര്‍കണ്ടീഷന്‍ ചെയ്ത വാക്കിംഗ് ട്രാക്കിലൂടെ തോളോട് തോള്‍ ചേര്‍ന്ന് നടന്നവര്‍ പ്രവാസലോകത്തെ ഒറ്റപ്പെടലുകളെ സൗഹൃദങ്ങളിലൂടെ മായ്ച്ചുകളയുകയായിരുന്നു.

കളിക്കളത്തിലെ ആവേശത്തോടൊപ്പം രുചിയുള്ള ഭക്ഷണവും സൗഹൃദ സന്തോഷങ്ങളുടെ നറു മധുരവും രസകരമായ സൗഹൃദ മത്സരങ്ങളും ഒത്തുചേരലിന് മിഴിവേകി. ആവി പകരുന്ന ചായയും ലഘുഭക്ഷണവും കഴിച്ചുകൊണ്ട് പങ്കുവെച്ച ഓരോ വാക്കും പ്രവാസ മണ്ണിലെ പ്രഭാതത്തെ ധന്യമാക്കി.

ജീവിതശൈലീ രോഗങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന ഗൗരവമേറിയ സന്ദേശം കൈമാറുമ്പോഴും, പരസ്പരം സമയം ചെലവഴിക്കാനും സൗഹൃദങ്ങള്‍ പുതുക്കാനും കിട്ടിയ ഓരോ നിമിഷവും അംഗങ്ങള്‍ ആഘോഷമാക്കി മാറ്റി. പെയ്യാതെ നിന്ന മഴമേഘങ്ങള്‍ക്ക് താഴെ, കുഞ്ഞു വാശിയോടെ തുളുമ്പി വിതറിയ മഞ്ഞുകണങ്ങള്‍ക്ക് മുകളിലൂടെ സ്‌നേഹത്തിന്റെ കുളിര്‍മ പടര്‍ത്തി നടന്ന കായിക വിരുന്ന് അവസാനിക്കുമ്പോള്‍, കൂടുതല്‍ കരുത്തോടെയും ഒത്തൊരുമയോടെയും മുന്നോട്ട് പോകാനുള്ള ഊര്‍ജ്ജമാണ് ജി.ആര്‍.സി.സി അംഗങ്ങള്‍ തങ്ങളുടെ മനസ്സില്‍ നിറച്ച് വച്ചത്.

ഊതി വീര്‍പ്പിച്ച ബലൂണിന്റെ ആയുസ്സ് മാത്രമാണ് ദുഖങ്ങളുടെ നിലനില്‍പ്പ് എന്നും, കണ്ടെടുക്കാന്‍ കഴിയുന്ന സന്തോഷങ്ങളുടെ നിറവര്‍ഷമായിരിക്കണം ജീവിതത്തിന്റെ സ്ഥായിഭാവം എന്നും ഉല്‍ബോധിപ്പിക്കുന്നതാണ് ഓരോ കൂട്ടായ്മയുടെയും സന്ദേശം എന്ന് അരക്കിട്ടുറപ്പിച്ചുകൊണ്ട് ഗ്ലോബല്‍ റിഥം കള്‍ച്ചറല്‍ ക്ലബ് തങ്ങളുടെ ഓരോ പ്രോഗ്രാമുകളും അവസാനിപ്പിക്കുന്നത് എന്ന് അംഗങ്ങള്‍ ഏകസ്വരത്തില്‍ അഭിപ്രായപ്പെട്ടു.

ജി.ആര്‍.സി.സി. പ്രസിഡന്റ് രോഷ്‌നി കൃഷ്ണന്റെ നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ അഡൈ്വസര്‍ സുബൈര്‍ പാണ്ഡവത്ത് ഗെയിം പ്ലാനറും കായികാദ്ധ്യാപകനുമായ രജീഷ് സര്‍, കോര്‍ഡിനേറ്റര്‍മാരായ വിനീഷ് ഹെഗ്ഡെ, രഞ്ജിത്ത് ചെമ്മാട്, രതീഷ് വ്ളോഗര്‍, സാഗര്‍, ജിഷ, സുബീര്‍, പ്രണവ്, ദേവിക, റിനിഷ എന്നിവര്‍ പ്രോഗ്രാമിന് നേതൃത്വം നല്‍കി. ആയിഷ, ജയന്‍ മടിക്കൈ, മെഹ്‌സാന, അബ്ദുള്ള മൊകേരി, ഷാഫി എന്നിവര്‍ സജീവ സാന്നിദ്ധ്യമായി.

മരുക്കാലത്തിലെ മണല്‍ക്കാറ്റുകളെ സ്‌നേഹത്തിന്റെ ഇളംതെന്നലാക്കി മാറ്റിയ ഒത്തുചേരല്‍, ഋതുഭേദങ്ങളിലൂടെ കലുഷിത മനസ്സുകളില്‍ ശുഭപ്രതീക്ഷകള്‍ നിറച്ചുകൊണ്ടാണ് സമാപിച്ചത്. ഒരേ വേഗത്തില്‍ ചലിച്ച പാദങ്ങളും, ഒരേ താളത്തില്‍ തുടിച്ച ആ ഹൃദയങ്ങളും പ്രവാസ മണ്ണിലെ ഈ പ്രഭാതത്തെ മായാത്തൊരു കവിതയാക്കി മാറ്റി.

Related Articles

Back to top button