തുര്‍ക്കിയുടെ ചരിത്രപഥങ്ങളിലൂടെ

ഡോ. അമാനുല്ല വടക്കാങ്ങര

ഒമ്പതാം ക്‌ളാസിലെ സാമുഹ്യ ശാസ്ത്രം ക്‌ളാസില്‍ ആലീസ് ടീച്ചര്‍ നവോത്ഥാനത്തെക്കുറിച്ച് പഠിപ്പിച്ചപ്പോഴാണ് തുര്‍ക്കിയുടെ സാമൂഹ്യ പ്രാധാന്യത്തെക്കുറിച്ച് ആദ്യമായി മനസ്സിലാക്കുന്നത്. 1453 ല്‍ തുര്‍ക്കികള്‍ കോണ്‍സ്റ്റാന്റിനോപ്പിള്‍ പിടിച്ചടക്കിയത് യൂറോപ്പിനെ പിടിച്ചുകുലുക്കിയ നവോത്ഥാനത്തിന് പരിസരമൊരുക്കിയെന്നുമാത്രമാണ് അന്ന് മനസ്സിലാക്കിയത്. ചേന്ദമംഗല്ലൂര്‍ ഇസ്‌ലാഹിയ കോളേജില്‍ ഡിഗ്രിക്ക് പഠിച്ചുകൊണ്ടിരുന്നപ്പോഴാണ് മുസ്‌ലിം ലോകത്തെ ഏറ്റവും വലിയ സാമ്രാജ്യമായിരുന്ന ഓട്ടോമന്‍ എംപയറിനെകുറിച്ചും തുര്‍ക്കി ചരിത്രത്തിലെ നാള്‍വഴികളെക്കുറിച്ചുമൊക്കെ വിശദമായമി പഠിക്കുന്നത്. അന്നു മുതലേ തുര്‍ക്കി കാണണമെന്ന മോഹമുദിച്ചിരുന്നെങ്കിലും ഇപ്പോഴാണ് ആ മോഹം സാക്ഷാല്‍ക്കരിക്കാനായത്. എല്ലാറ്റിനും അതിന്റേതായ ഒരു സമയമുണ്ടല്ലോ.

ഏവന്‍സ് ട്രാവല്‍ ആന്റ് ടൂര്‍സാണ് ചരിത്രവും പാരമ്പര്യവും കാത്തുസൂക്ഷിക്കുന്ന മനോഹരമായ തുര്‍ക്കിയിലേക്കുള്ള യാത്രയൊരുക്കിയത്. തുര്‍ക്കിയുടെ ധന്യമായ ചരിത്ര സാംസ്‌കാരിക പൈതൃകങ്ങളെ തൊട്ടറിയുവാന്‍ ഹൃസ്വ സന്ദര്‍ശനം മതിയാവില്ല. എങ്കിലും നാലുദിവസം കൊണ്ട് പൂര്‍ത്തിക്കിയ സുപ്രധാനമായ നാഴികകല്ലുകളിലൂടെയുള്ള ഓട്ട പ്രദക്ഷണത്തിന്റെ സംഗ്രഹമാണ് ഇവിടെ പങ്കുവെക്കുന്നത്.

തുര്‍ക്കി ടൂറിസം വലിയ പ്രാധാന്യം കൊടുക്കുന്ന രാജ്യമാണെങ്കിലും വിസ നടപടികള്‍ അല്‍പം കണിശവും ചിലവേറിയതുമാണ്. സാലറി സര്‍ട്ടിഫിക്കറ്റ്, സ്‌പോണ്‍സറില്‍ നിന്നുള്ള എന്‍.ഒ.സി, ബാങ്ക് സ്‌റ്റേറ്റ്‌മെന്റ് തുടങ്ങിയവയുണ്ടെങ്കിലേ അപേക്ഷ സ്വീകരിക്കുകയുള്ളൂ. എക്കൗണ്ടില്‍ 10,500 റിയാലെങ്കിലും ബാലന്‍സ് ഉണ്ടാവണം. സന്ദര്‍ശക വിസക്ക് 415 റിയാലാണ് ചാര്‍ജ്. രേഖകള്‍ കൃത്യമാണെങ്കില്‍ ഒരാഴ്ചക്കകം വിസ ലഭിക്കും. എന്നാല്‍ അമേരിക്കന്‍, യു.കെ. ശങ്കന്‍ തുടങ്ങിയ രാജ്യങ്ങളുടെ വിസയുള്ളവര്‍ക്ക് ഇ വിസ ലഭിക്കും. അതിന് 45 ഡോളര്‍ മതിയാകും. ഇ വിസകള്‍ അപേക്ഷ സമര്‍പ്പിക്കുന്ന അന്നു തന്നെ ലഭിക്കും.

ഖത്തറിലെ മലയാളി വ്യാപാര പ്രമുഖരോടൊപ്പമാണ് തുര്‍ക്കിയിലേക്ക് പുറപ്പെട്ടത് എന്നതായിരുന്നു തുര്‍ക്കി യാത്രയുടെ ഏറ്റവും വലിയ പ്രത്യേകത. ബിസിനസ് ആവശ്യാര്‍ഥം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സഞ്ചരിച്ച പരിചയ സമ്പന്നരായ ആളുകളുടെ സാന്നിധ്യം യാത്ര മനോഹരമാക്കി. ഖത്തറില്‍ വ്യാപാര രംഗത്തെ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഗവണ്‍മെന്റ് അംഗീകാരവും പെര്‍മനന്റ് റസിഡന്‍സിയും ലഭിച്ച മലയാളി വ്യാപാരി സഫ വാട്ടര്‍ ഉടമ മുഹമ്മദ് അഷ്‌റഫ്, പ്രിയതമ ഷാജിദ, സൗദിയ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറും ഖത്തറിലെ മുതിര്‍ന്ന മലയാളി സംരംഭകനുമായ എന്‍.കെ.എം. മുസ്തഫ സാഹിബ്, അല്‍ സുവൈദ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഡോ. വി.വി. ഹംസ, യൂഗോ പേവേ സഹ സ്ഥാപകന്‍ ഡോ. അബ്ദുറഹിമാന്‍ കരിഞ്ചോല, റൂസിയ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഡോ. വി.എം. കരീം, ഖത്തര്‍ ടെക് മാനേജിംഗ് ഡയറക്ടറും ജീവകാരുണ്യ പ്രവര്‍ത്തകനുമായ ജെബി കെ. ജോണ്‍, വി. വണ്‍ ലോജിസ്റ്റിക്‌സ് മാനേജിംഗ് ഡയറക്ടര്‍ അബ്ദുല്‍ ഗഫൂര്‍ തുടങ്ങി വ്യാപാര രംഗത്തും സാമൂഹ്യ രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച പ്രമുഖരുടെ സാന്നിധ്യം യാത്ര സവിശേഷമാക്കി.

ഹമദ് അന്താരാഷ്ട്ര വിമാനതാവളത്തില്‍ ഏവന്‍സ് ട്രാവല്‍ ആന്റ് ടൂര്‍സ് മാനേജിംഗ് ഡയറക്ടര്‍ നാസര്‍ കറുകപ്പാടത്തിന്റെ നേതൃത്വത്തില്‍ സംഘത്തിന് ഹൃദ്യമായ യാത്രയയപ്പ് നല്‍കി.

ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ യാത്രയയപ്പ്

 

ദോഹയില്‍ നിന്നും രാത്രി 8 മണിക്കുളള ഖത്തര്‍ എയര്‍വേയ്‌സ് വിമാനത്തിലാണ് ഞങ്ങള്‍ യാത്ര തിരിച്ചത്. യാത്ര പുറപ്പെടുന്നതിന് മുമ്പ് നാട്ടിലേക്ക് പോകുമ്പോള്‍ എയര്‍ സുവിതയില്‍ രജിസ്റ്റര്‍ ചെയ്യുന്നതുപോലെ തുര്‍ക്കി ആരോഗ്യ മന്ത്രാലയത്തിന്റെ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. സൗദി അറേബ്യ, ഖത്തര്‍ എന്നീ രാജ്യങ്ങളുടെ അതേ സമയക്രമമാണ് തുര്‍ക്കിയിലും. രാത്രി 12 മണിയോടെ ഞങ്ങള്‍ ഇസ്തംബൂള്‍ സബീഹ ഗോക്കന്‍ അന്താരാഷ്ട്ര വിമാനതാവളത്തിലെത്തി. ഒട്ടും തിരക്കില്ലാത്ത ഒരു ചെറിയ എയര്‍പോര്‍ട്ട്. വളരെ പെട്ടെന്ന് തന്നെ എമിഗ്രേഷന്‍ ഫോര്‍മാലിറ്റികള്‍ കടന്ന് പുറത്ത് കടന്നു. ഗൈഡ് ഹാലിസ് ഞങ്ങളേയും കാത്ത് വിമാനതാവളത്തിലുണ്ടായിരുന്നു. മെര്‍സിഡിസ് ബെന്‍സിന്റെ വാനിലാണ് ഞങ്ങള്‍ വിമാനതാവളത്തില്‍ നിന്നും യാത്ര തിരിച്ചത്. അര്‍ദ്ധ രാത്രി കഴിഞ്ഞതിനാല്‍ റോഡില്‍ കാര്യമായ തിരക്കൊന്നുമുണ്ടായിരുന്നില്ല. ഏകദേശം ഒരു മണിക്കൂര്‍ കൊണ്ട് ഞങ്ങള്‍ക്ക് താമസമൊരുക്കിയിരുന്ന ഹില്‍ട്ടന്‍ ഹോട്ടലിലെത്തി.

ഹില്‍ട്ടണ്‍ ഹോട്ടലിന് മുന്നില്‍

എയര്‍പോര്‍ട്ടില്‍ നിന്നും ഹോട്ടലിലേക്ക് വരുമ്പോള്‍ കണ്ട മനോഹരമായ കാഴ്ച ബോസ്ഫരശ് ബ്രിഡ്ജായിരുന്നു. മാര്‍മറസ് കടലിന് മീതെ യൂറോപ്, ഏഷ്യന്‍ വന്‍കരകളെ ബന്ധിപ്പിക്കുന്ന ചരിത്ര പ്രധാനമായ പാലം. 15 ജൂലൈ രക്തസാക്ഷികളുടെ പാലം എന്ന ഔദ്യോഗികമായും ആദ്യത്തെ പാലമെന്ന് അനൗദ്യോഗികമായും അറിയപ്പെടുന്ന ബോസഫറസ് പാലം 1970 ഫെബ്രുവരി 20 ന് പണി തുടങ്ങി 1973 ഒക്ടോബര്‍ 30 ന് ഉദ്ഘാടനം ചെയ്തുവെന്നാണ് ചരിത്രരേഖകളില്‍ കാണുന്നത്. 165 മീറ്റര്‍ ഉയരവും 1560 മീറ്റര്‍ ദൈര്‍ഘ്യവുമുള്ള പാലം രൂപകല്‍പന ചെയ്തത് പ്രമുഖ ആര്‍ക്കിടെക്ടുമാരായിരുന്ന ഗില്‍ബര്‍ട്ട് റോബേര്‍ട്‌സും വില്യം ബ്രൗണും ചേര്‍ന്നായിരുന്നു.

ബോസ്ഫറസ് ബ്രിഡ്ജ്

അല്‍പം ചരിത്രം

ഏഷ്യ, യൂറോപ്പ് എന്നീ രണ്ട് ഭൂഖണ്ഡങ്ങളിലായി സ്ഥിതിചെയ്യുന്ന തുര്‍ക്കി നിരവധി ചരിത്ര സ്മരണകള്‍ ഉറങ്ങുന്ന പ്രദേശമാണ്. രണ്ട് ഭൂഖണ്ഡങ്ങളേയും ബന്ധിപ്പിച്ചുകൊണ്ടുള്ള ഭൂപ്രകൃതി തുര്‍ക്കിയുടെ ചരിത്രപരവും സാംസ്‌കാരികപരവുമായ പരിണാമത്തെ സ്വാധീനിച്ചിട്ടുണ്ട്. ചരിത്രത്തിലുടനീളം പാശ്ചാത്യവും പൗരസ്ത്യവുമായ നിരവധി സംസ്‌കാരങ്ങളുടെ സമ്മേളന വേദിയായിരുന്നു തുര്‍ക്കി. ഒട്ടോമന്‍ സാമ്രാജ്യം എന്ന പേരിലാണ് തുര്‍ക്കി മുമ്പ് അറിയപ്പെട്ടത്.

മൂന്ന് വ്യത്യസ്ത കാലഘട്ടങ്ങളിലൂടെയാണ് തുര്‍ക്കിയുടെ ചരിത്രം കടന്നുപോന്നത്. 15-ാം ശതകത്തിനു മുമ്പുള്ള ചരിത്രം ഏഷ്യ മൈനറിന്റേതും; അതിനുശേഷമുള്ളത് ഓട്ടോമന്‍ സാമ്രാജ്യത്തിന്റേതും ആധുനിക തുര്‍ക്കി റിപബ്‌ളിക്കിന്റേതുമാണ്.

പുരാതന നാഗരികതകളില്‍ ഒന്നാണ് തുര്‍ക്കി. പതിനൊന്നാം ശതകത്തില്‍ തുര്‍ക്കികള്‍ ഏഷ്യാമൈനറില്‍ (അനറ്റോളിയ) എത്തുന്നതിനു മുമ്പ് ഇവിടം ഹിറ്റൈറ്റ്, പേര്‍ഷ്യന്‍, ഗ്രീക്ക്, റോമന്‍ എന്നീ സാമ്രാജ്യങ്ങളുടെ ഭാഗമായിരുന്നു. റോമാസാമ്രാജ്യത്തിന്റെ വിഭജനത്തിനുശേഷം ഏഷ്യാമൈനര്‍ ബൈസന്റൈന്‍ സാമ്രാജ്യത്തിന്റെ കീഴിലായി.

പതിനൊന്നാം നൂറ്റാണ്ടീല്‍ ഏഷ്യാമൈനറിലെത്തിയ സെല്‍ജ്യൂക്കുകളാണ് ഇവിടെയെത്തിയ ആദ്യത്തെ തുര്‍ക്കി വംശജര്‍. പുതിയ മേച്ചില്‍പ്പുറങ്ങള്‍ കണ്ടെത്തുക എന്നതിനു പുറമേ അനീതി നടത്തുന്നവരെ ഇസ്‌ളാമിന്റെ നാമത്തില്‍ കീഴടക്കുക ശാന്തി നിലനിര്‍ത്തുക എന്നതായിരുന്നു അവരുടെ പ്രധാന ലക്ഷ്യം. 1071 -ല്‍ മാന്‍സികേര്‍ട്ട് യുദ്ധത്തില്‍ ഇവര്‍ ബൈസാന്തിയന്‍ ചക്രവര്‍ത്തിയെ പരാജയപ്പെടുത്തിയത് ഏഷ്യാമൈനറിലെ അധികാര സമവാക്യങ്ങളില്‍ വന്‍ മാറ്റങ്ങളുണ്ടാക്കി. ഇതോടെ ഇവിടം ക്രമേണ തുര്‍ക്കികള്‍ക്ക് ഭൂരിപക്ഷമുള്ള പ്രദേശമായി മാറി. സെല്‍ജൂക്ക് തുര്‍ക്കികള്‍ ഏഷ്യാമൈനറില്‍ സ്ഥാപിച്ച സാമ്രാജ്യം റൂം സുല്‍ത്താനത്ത് എന്ന പേരില്‍ അറിയപ്പെട്ടു.

പതിമൂന്നാം നൂറ്റാണ്ടില്‍ മംഗോളിയരുടെ ആക്രമണപരമ്പരകള്‍ക്കൊടുവില്‍ കോസ്ദാഗില്‍ വച്ച് മംഗോളിയര്‍ സെല്‍ജൂക്കുകളെ പരാജയപ്പെടുത്തിയതോടെ മംഗോളിയരുടെ മേല്‍ക്കോയ്മ സ്വീകരിക്കുവാന്‍ സെല്‍ജൂക്കുകള്‍ നിര്‍ബന്ധിതരായി. സെല്‍ജൂക്ക് ആധിപത്യം ദുര്‍ബലമായപ്പോള്‍ നിരവധി തുര്‍ക്കി നാട്ടുരാജ്യങ്ങള്‍ പതിമൂനാം നൂറ്റാണ്ടിന്റെ പകുതിയോടെ ഏഷ്യാമൈനറില്‍ നിലവില്‍ വന്നു. വടക്കു പടിഞ്ഞാറന്‍ ഏഷ്യാമൈനറിലെ സോഗത് എമിറേറ്റായിരുന്നു ഇവയില്‍ വച്ച് ഏറ്റവും ശക്തം. ഉസ്മാന്‍ ഒന്നാമന്‍ ആയിരുന്നു ഈ നാട്ടുരാജ്യത്തിന്റെ സ്ഥാപകന്‍. ഇദ്ദേഹത്തിന്റെ പിന്‍ഗാമികള്‍ ഒസ്മാനികള്‍ അഥവാ ഒട്ടോമനുകള്‍ എന്നറിയപ്പെട്ടു. 1453-ല്‍ ഒട്ടോമന്‍ സുല്‍ത്താന്‍ മുഹമ്മദ് രണ്ടാമന്‍ കോണ്‍സ്റ്റാന്റിനോപ്പിള്‍ പിടിച്ചെടുത്തത് തുര്‍ക്കികളുടെ ചരിത്രത്തിലെ അവിസ്മരണീയമായ അധ്യായമായിരുന്നു. യൂറോപ്യന്‍ പ്രതാപത്തിന്റെ പ്രതീകമായിരുന്ന ബൈസന്റയന്‍ സാമ്രാജ്യത്തിന്റെ മേലുള്ള തുര്‍ക്കികളുടെ ജയം. വിവാദമായ അയാ സോഫിയ മുഹമ്മദ് രണ്ടാമന്‍ വിലകൊടുത്തുവാങ്ങിയാണ് പള്ളിയാക്കിയത്. ഏഷ്യാമൈനറിലെ ഒരു ചെറിയ എമിറേറ്റില്‍ തുടങ്ങി ലോകത്തിലെ വന്‍കിട ശക്തിയായി മാറിയ ഒട്ടോമന്‍ സാമ്രാജ്യം ഇരുപതാം നൂറ്റാണ്ടു വരെ നിലനിന്നു. സുദീര്‍ഘമായ കാലത്തെ പാരമ്പര്യങ്ങളും ശേഷിപ്പുകളും തന്നെയാണ് തുര്‍ക്കി സന്ദര്‍ശന പ്രധാന രാജ്യമാക്കി നിലനിര്‍ത്തുന്നത്.

ഒന്നാം ലോകയുദ്ധത്തില്‍ തുര്‍ക്കിക്കുണ്ടായ പരാജയമാണ് ഒട്ടോമന്‍ സാമ്രാജ്യത്തിന്റെ പതനത്തിന് കാരണമായത്. പരാജയപ്പെട്ട കേന്ദ്രീയശക്തികള്‍ക്കൊപ്പം തുര്‍ക്കിയും ഉള്‍പ്പെട്ടിരുന്നതുകൊണ്ട് 1920-ല്‍ സഖ്യകക്ഷികളുമായുള്ള ഒരു സമാധാന കരാറില്‍ തുര്‍ക്കിക്കും ഒപ്പിടേണ്ടതായി വന്നു. സെവ്ര കരാര്‍ എന്ന ഈ കരാര്‍ പ്രകാരം ഏഷ്യാമൈനറിന് പുറത്തുണ്ടായിരുന്ന പ്രദേശങ്ങളെല്ലാം തുര്‍ക്കിക്കു നഷ്ടമായി. ഈ കരാറില്‍ ഒപ്പുവച്ചതില്‍ പ്രതിഷേധിച്ച മുസ്തഫ കെമാല്‍ പാഷ അങ്കാറയില്‍ ഒരു ബദല്‍ സര്‍ക്കാര്‍ രൂപവത്കരിച്ചു. വിദേശ അധിനിവേശ സേനയില്‍നിന്ന് തുര്‍ക്കിയെ മോചിപ്പിച്ച കമാല്‍ പാഷ സുല്‍ത്താന്‍ ഭരണം അവസാനിപ്പിച്ച് ഒട്ടോമന്‍ ഭരണവും അവസാനിപ്പിച്ചു. ഇവിടെ നിന്നാണ് ആധുനിക തുര്‍ക്കി റിപബ്‌ളിക്കിന്റെ ചരിത്രമാരംഭിക്കുന്നത്.

മുസ്തഫ കമാല്‍ അത്താത്തുര്‍ക്കാണ് ആധുനികതുര്‍ക്കിയുടെ പിതാവായി അറിയപ്പെടുന്നത്.
ഒട്ടോമന്‍ ഭരണത്തിന് സമാപ്തി കുറിച്ച കെമാല്‍ അത്താത്തുര്‍ക്കിന്റെ നേതൃത്വത്തില്‍ 1923-ല്‍ തുര്‍ക്കി ഒരു റിപ്പബ്‌ളിക്കായി മാറി. കെമാല്‍ തന്നെയായിരുന്നു റിപ്പബ്‌ളിക്കിന്റെ ആദ്യത്തെ പ്രസിഡന്റ്. ഒട്ടോമന്‍ സാമ്രാജ്യത്തിന്റെ പിന്‍ഗാമിയായ നവതുര്‍ക്കി റിപ്പബ്‌ളിക്കിനെ പാശ്ചാത്യ രാജ്യങ്ങളുടെ മാതൃകയില്‍ ആധുനികവത്ക്കരിക്കുക എന്നതായിരുന്നു കെമാല്‍ പാഷയുടെ പ്രധാന ലക്ഷ്യം. തുര്‍ക്കിയുടെ ഇസ്ലാമിക പാരമ്പര്യത്തെ തുടച്ചുമാറ്റിക്കൊണ്ട് ഇദ്ദേഹം നടപ്പിലാക്കിയ ഒറ്റക്കക്ഷിജനാധിപത്യം, ദേശീയത, ജനപ്രിയനയം, പരിവര്‍ത്തനവാദം, തീവ്രമതേതരത്വം, രാഷ്ട്രവാദം തുടങ്ങിയ തത്ത്വങ്ങളായിരുന്നു റിപ്പബ്‌ളിക്കിന്റെ മൗലികമായ വ്യവസ്ഥിതിക്ക് അടിത്തറയായത്. ഈ തത്ത്വസംഹിത അട്ടാടര്‍ക്കിസം (കെമാലിസം) എന്ന പേരില്‍ അറിയപ്പെട്ടു. രാഷ്ട്രത്തിന്റെ ഈ അടിസ്ഥാന തത്ത്വങ്ങള്‍ തുര്‍ക്കി ഭരണഘടനയില്‍ എഴുതി ചേര്‍ത്തിട്ടുണ്ട്. മറ്റു പാര്‍ട്ടികള്‍ക്ക് പ്രവര്‍ത്തനസ്വാതന്ത്ര്യമില്ലാത്ത ഏകകക്ഷിജനാധിപത്യമാണ് കെമാല്‍ പിന്തുടര്‍ന്നത്. കെമാലിനു ശേഷമാണ് മറ്റു കക്ഷികള്‍ക്കും പ്രവര്‍ത്തനസ്വാതന്ത്ര്യം ലഭിച്ചത്.

മതനിരപേക്ഷതയായിരുന്നു അട്ടാടര്‍ക്കിസത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും വിവാദപരവുമായ ഘടകം. ഒരു മതേതര രാജ്യത്തെ വാര്‍ത്തെടുക്കുവാനുള്ള കെമാലിന്റെ ശ്രമങ്ങള്‍ തുര്‍ക്കിയില്‍ എതിര്‍പ്പുളവാക്കിയെങ്കിലും അവയെ ശക്തമായി അടിച്ചമര്‍ത്തിക്കൊണ്ട് ഇദ്ദേഹം തന്റെ കര്‍മപരിപാടിയുമായി മുന്നോട്ടുപോയി.

ഒട്ടോമന്‍ സാമൂഹിക വ്യവസ്ഥിതി പൊളിച്ചെഴുതുന്നതിന്റെ ഭാഗമായി 1924 മാര്‍ച്ച് 3-ന് ഖിലാഫത്ത് നിര്‍ത്തലാക്കിയതോടെ മതവും രാഷ്ട്രീയവുമായുള്ള എല്ലാ ബന്ധവും വിച്ഛേദിക്കപ്പെട്ടു. ശരീഅത്തിനു പകരം യുറോപ്യന്‍ രാജ്യങ്ങളുടെ മാതൃകയിലുള്ള സിവില്‍ നിയമം പ്രാബല്യത്തില്‍ വരുത്തിയതും മദ്രസ വിദ്യാഭ്യാസം ദേശീയ വിദ്യാഭ്യാസത്തില്‍ ലയിപ്പിച്ചതും ആധുനികതയിലേക്കുള്ള തുര്‍ക്കിയുടെ പുരോഗതിയെ ത്വരിതപ്പെടുത്തി. ഇസ്ലാം ദേശീയ മതമാണ് എന്ന നിയമ വ്യവസ്ഥിതി 1928-ല്‍ ഭരണഘടനയില്‍ നിന്ന് നീക്കം ചെയ്യപ്പെട്ടു.

രാജ്യത്തിനകത്തും പുറത്തും സമാധാനം എന്നതായിരുന്നു കെമാലിന്റെ വിദേശനയം. വെറുപ്പിന്റെ രാഷ്ട്രീയത്തോടു വിട പറഞ്ഞുകൊണ്ട് ഗ്രീസ്, യുഗോസ്‌ളാവിയ, റൊമാനിയ എന്നീ രാജ്യങ്ങളുമായി ധാരണയിലെത്തിയ ഇദ്ദേഹം സോവിയറ്റ് യൂണിയന്‍, ജര്‍മനി എന്നീ രാജ്യങ്ങളുമായും സൗഹൃദം സ്ഥാപിച്ചു. കെമാല്‍ പാഷയുടെ മരണശേഷം 1938-ല്‍ ഇസ്മത് ഇനോനുവായിരുന്നു അടുത്ത പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്

റജപ് ത്വയിബ് ഉര്‍ദുഗാനാണ് നിലവിലെ തുര്‍ക്കി പ്രസിഡണ്ട്. യു.എന്‍, നാറ്റോ എന്നിവയില്‍ അംഗമായ തുര്‍ക്കി ലോകത്തിന്റെ വിവിധ മേഖലകളില്‍ നിര്‍മാണ രംഗത്ത് പേരെടുത്ത രാജ്യമാണ്. സൈപ്രസിനെച്ചൊല്ലി ഗ്രീസുമായുള്ള തര്‍ക്കവും കുര്‍ദുകളുടെ ആഭ്യന്തര കലാപവുമൊക്കെ ആധുനിക തുര്‍ക്കി നേരിടുന്ന പ്രധാന പ്രശ്‌നങ്ങളാവാം.

ഇസ്തംബൂള്‍

അറബ് നാടുകളില്‍ ഭക്ഷണപ്രിയരുടെ ഇഷ്ട കേന്ദ്രമാണ് ഇസ്തംബൂള്‍. എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും തുര്‍ക്കി ഭക്ഷണങ്ങളും ഇസ്സംബൂളിന്റെ റസ്റ്റോറന്റുകളും പ്രചുരപ്രചാരം നേടിയവയാണ്. സ്വാദിഷ്ടമായ ഷവര്‍മകളും ശുദ്ധമായ ഗ്രില്‍ഡ് ഭക്ഷണങ്ങളുമൊക്കെയാണ് തുര്‍ക്കി ഭക്ഷണത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയെന്നു തോന്നുന്നു. വിവിധ തരം ഇലകളുള്ള സലാഡുകളും പ്രകൃതിദത്തമായ ചേരുവകളാല്‍ ധന്യമായ പാനീയങ്ങളും ആരോഗ്യകരമായ തുര്‍ക്കി ഭക്ഷണരീതിയുടെ ഭാഗമാണ്. മസാലകള്‍ ചേര്‍ത്തതും എണ്ണയില്‍ കരിച്ചതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ക്ക് പകരം രുചിയൂറും ഗ്രില്ലുകളാണ് തുര്‍ക്കി ഭക്ഷണം.

ആഢംബര കപ്പലിലെ അത്താഴവിരുന്ന്

എല്ലാ നിലക്കും വിസ്മയം ജനിപ്പിക്കുന്ന നാടാണ് തുര്‍ക്കി. ലോകത്ത് ഏറ്റവും കൂടുതല്‍ അഭയാര്‍ഥികളുള്ള നാട്. അസീറിയിക്കാരും ഗ്രീക്കുകാരും യൂറേഷ്യനുകളും അര്‍മീനിയക്കാരും വസിച്ച പ്രദേശം, റോമാ സാമ്രാജ്യത്തിനുമേല്‍ സെല്‍ജുക്ക് സുല്‍ത്താന്മാര്‍ വിജയം കൊയ്ത നാട്, ഉസ്മാനിയ ഖിലാഫത്തിന്റെ ആസ്ഥാന പ്രദേശം. തുര്‍ക്കിയുടെ വിശേഷണങ്ങള്‍ ഇതിലൊന്നും ഒതുങ്ങുന്നതല്ല. 1453-ല്‍ റോമാ സാമ്രാജ്യത്തെ പരാജയപ്പെടുത്തി സുല്‍ത്താന്‍ മുഹമ്മദ് രണ്ടാമന്‍ കോണ്‍സ്റ്റാന്റിനോപ്പിളിന്റെ (ഇന്നത്തെ ഇസ്തംബൂള്‍) നിയന്ത്രണം ഏറ്റെടുത്തതോടെ തുര്‍ക്കി ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായി. 1923-ല്‍ അങ്കാറയിലേക്ക് മാറുന്നതുവരെ തുര്‍ക്കിയുടെ തലസ്ഥാനമായി കോണ്‍സ്റ്റാന്റിനോപ്പിള്‍ നിലനിന്നു. ഇസ്തംബൂള്‍ എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ടതും അക്കാലത്തു തന്നെ. ഇന്നും തുര്‍ക്കിയുടെ ഏറ്റവും വലിയ നഗരവും സമ്പദ്ഘടനയുടെ സിരാ കേന്ദ്രവും, ചരിത്രവും സംസ്‌കാരവും ഉറങ്ങിക്കിടക്കുന്ന ഇസ്തംബൂള്‍ തന്നെ. അതുകൊണ്ട് തന്നെ തുര്‍ക്കിയിലേക്ക് യാത്ര തിരിക്കുന്ന സഞ്ചാരികളുടെ മുന്‍ഗണനകളില്‍ ആദ്യത്തേത് ഇസ്തംബുള്‍ നഗരമാണ്. 2010-ല്‍ യൂറോപ്പിന്റെ സാംസ്‌കാരിക തലസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ടതോടെ ലക്ഷക്കണക്കിന് സഞ്ചാരികളാണ് ഓരോ വര്‍ഷവും ഈ നഗരത്തിലെത്തുന്നത്. ഇസ്തംബൂള്‍ ലോകത്തിലെ അഞ്ചാമത്തെ ജനപ്രിയ ടൂറിസ്റ്റ് കേന്ദ്രമായി. യൂറോപ്പിനെയും ഏഷ്യയെയും വേര്‍തിരിക്കുന്ന ബോസ്ഫറസും ഗോള്‍ഡന്‍ ഹോണും ചരിത്രപ്രസിദ്ധമായ ബ്ലൂ മോസ്‌കും ഇസ്തിഖ്ലാല്‍ തെരുവുമൊക്കെ ഇസ്തംബൂളിനെ സഞ്ചാരികളുടെ പ്രിയപ്പെട്ട നഗരമാക്കുന്നു.

ബ്ലൂ ബീച്ചില്‍ ഒരു സായാഹ്നം

ബോസ്ഫറസ് പാലത്തില്‍ നിന്നും കാണാവന്ന അകലത്തിലാണ് തുര്‍ക്കിയിലെ ഏറ്റവും വലിയ പള്ളിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗ്രാന്റ് കംലിക പള്ളി സ്ഥിതി ചെയ്യുന്നത്. 2019 ല്‍ പണി പൂര്‍ത്തിയായ ഈ പള്ളിയില്‍ 63000 പേര്‍ക്ക് ഒരേ സമയം നമസ്‌ക്കരിക്കാം. ആറ് മിനാരങ്ങളും ഇരുപത് താഴികകുടങ്ങളും അത്യാധുനിക കരകൗശല വൈദഗ്ധ്യത്താല്‍ പണിത ഈ പള്ളിയെ അലങ്കരിക്കുന്നു. ( തുടരും)

Back to top button
error: Content is protected !!