Uncategorized

കാല്‍നടയായി ഖത്തര്‍ മുഴുവന്‍ സഞ്ചരിച്ച് ചരിത്രം സൃഷ്ടിക്കാനൊരുങ്ങി നാല് വനിതകള്‍

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തര്‍ ദേശീയ കായിക ദിനത്തിന് മുന്നോടിയായി കാല്‍നടയായി ഖത്തര്‍ മുഴുവന്‍ സഞ്ചരിച്ച് ചരിത്രം സൃഷ്ടിക്കാനൊരുങ്ങി നാല് വനിതകള്‍. ‘ദി ഡെസേര്‍ട്ട് റോസസ്’ എന്ന 4 വനിതകളടങ്ങുന്ന സംഘമാണ് ചരിത്രം സൃഷ്ടിക്കാനൊരുങ്ങുന്നതെന്ന് പ്രാദേശിക ഇംഗ്‌ളീഷ് ദിനപത്രമായ പെനിന്‍സുല ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തു.

ഫെബ്രുവരി 5 വെള്ളിയാഴ്ച തുടങ്ങി രാജ്യത്തിന്റെ 500 കിലോമീറ്റര്‍ ദൂരം ഓടിയും നടന്നും അഞ്ച് ദിവസത്തിനുള്ളില്‍ പര്യടനം പൂര്‍ത്തിയാക്കാനാണ് പരിപാടി. ഫെബ്രുവരി 9 ന് കായികദിനത്തിലാണ് പരിപാടിയുടെ സമാപനം.

യുകെയില്‍ നിന്നുള്ള സ്റ്റെഫാനി ഇന്നസ് സ്മിത്ത്, ഐസോബല്‍ ബുഷെല്‍, കാനഡയില്‍ നിന്നുള്ള ഹെതര്‍ ലീ , ഫിലിപ്പൈന്‍സില്‍ നിന്നുള്ള റോസ് അയ്യൂറോ എന്നിവരടങ്ങിയ നാലംഗ സംഘമാണ് ഡെസേര്‍ട്ട് റോസസ്. കായിക രംഗത്ത് വിശിഷ്യ ഓട്ടത്തിലുള്ള ഒരു പൊതു അഭിനിവേശമാണ് ഈ നാലുപേരെയും ചേര്‍ത്ത് നിര്‍ത്തുന്നത്. കായിക പ്രവര്‍ത്തനങ്ങളില്‍ ഒരേ റണ്ണിംഗ് കമ്മ്യൂണിറ്റിയില്‍ നിന്നുള്ളവരായതിനാല്‍ രാജ്യത്ത് റെക്കോര്‍ഡ് സ്ഥാപിക്കുന്ന സാഹസികത പരീക്ഷിക്കാനാണ് ഈ സംഘം ഒരുങ്ങുന്നത്.

500 കിലോമീറ്റര്‍ ദൂരം ഓടിയോ നടന്നോ പൂര്‍ത്തിയാക്കി ഗ്രൂപ്പിന്റെ ലക്ഷ്യം അവസാനിക്കുന്നില്ല. ടീമിന്റെ പേര് പോലെ തന്നെ, ‘ദി ഡെസേര്‍ട്ട് റോസസ്’ രാജ്യത്തിന്റെ തലസ്ഥാന നഗരമായ ദോഹയ്ക്കപ്പുറത്ത് രാജ്യത്ത് പര്യവേക്ഷണം നടത്താനും പ്രോത്സാഹിപ്പിക്കാനും ആഗ്രഹിക്കുന്നു. വെല്ലുവിളി നിറഞ്ഞതും കഠിനവുമായ ഔട്ട്ഡോര്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ സ്ത്രീകളെയും പെണ്‍കുട്ടികളെയും പ്രചോദിപ്പിക്കുന്നതിനുള്ള ഒരു വലിയ കാഴ്ചപ്പാടും ഈ വെല്ലുവിളി നല്‍കുന്നു. ഖത്തറിലെ വനിതാ കായിക വൈദഗ്ധ്യത്തിന്റെ പ്രൊഫൈല്‍ ഉയര്‍ത്തുന്നതിനൊപ്പം അമച്വര്‍ അത്ലറ്റുകളെ അഭിലാഷവും പാരമ്പര്യേതരവുമായ വ്യക്തിഗത ലക്ഷ്യങ്ങള്‍ സ്ഥാപിക്കാന്‍ പ്രേരിപ്പിക്കുകയെന്നതും അവര്‍ ലക്ഷ്യമിടുന്നു.

ഡെസേര്‍ട്ട് റോസിലെ ഐസോബല്‍ ബുഷെല്‍, ഇന്നെസ്-സ്മിത്ത് എന്നിവര്‍ അധ്യാപകരാണ്. ഹെതര്‍ ലീ വിദ്യാഭ്യാസ സൈക്കോളജിസ്റ്റും റോസ് അയ്യൂറോ ഫിനാന്‍സ് പ്രൊഫഷണലുമാണ്.

യാത്രയ്ക്ക് മുന്നോടിയായി, ഭക്ഷണം, കാലാവസ്ഥ, പകര്‍ച്ചവ്യാധി മുന്ഡകരുതല്‍ തുടങ്ങിയ അനിവാര്യമായ വെല്ലുവിളികള്‍ തിരിച്ചറിയുന്നതിനൊപ്പം തയ്യാറെടുപ്പുകളും പരിശീലനവും നടക്കുന്നുണ്ടെന്ന് സംഘം വ്യക്തമാക്കി.

പ്രാദേശിക സ്‌പോര്‍ട്‌സ് കമ്മ്യൂണിറ്റികളായ ഫിലിപ്പിനോ സൈക്ലിംഗ് കമ്മ്യൂണിറ്റി, ദോഹ ബേ റണ്ണിംഗ് ക്ലബ് (ഡിബിആര്‍സി) എന്നിവയില്‍ നിന്ന് ഈ നാലംഗ സംഘത്തിന് വമ്പിച്ച പിന്തുണയാണ് ലഭിച്ചത്. അവര്‍ ടീമിനൊപ്പം വരാനും യാത്രയില്‍ സഹായിക്കാനും തയ്യാറാണ്.

ഫെബ്രുവരി 9 ന് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഖത്തര്‍ ദേശീയ കായിക ദിനത്തിന് മുന്നോടിയായി കമ്മ്യൂണിറ്റി സ്പിരിറ്റ് കൊണ്ടുവന്ന്, ഡെസേര്‍ട്ട് റോസസിന് ഖത്തറിനു ചുറ്റും സഞ്ചരിച്ച ആദ്യത്തെ വനിതകളായി അടയാളപ്പെടുത്താന്‍ കഴിയുന്ന ചരിത്ര റെക്കോര്‍ഡിനായി പരിശീലനം നേടാനും പരിമിതമായ സമയമാണ് ബാക്കിയുള്ളത്.

Related Articles

73 Comments

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!