Breaking News

ഫിഫ ക്‌ളബ്ബ് കപ്പ് കലാശപ്പോരാട്ടം ഇന്ന് സംഘാടക മികവില്‍ ഖത്തറിന്റെ തൊപ്പിയില്‍ മറ്റൊരു പൊന്‍തൂവല്‍ കൂടി

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഫിഫ ക്‌ളബ്ബ് കപ്പ് കലാശപ്പോരാട്ടം ഇന്ന് രാത്രി 9 മണിക്ക് എഡ്യൂക്കേഷണണ്‍ സിറ്റി സ്റ്റേഡിയത്തില്‍ നടക്കുമ്പോള്‍ ലോക കായിക ഭൂപടത്തില്‍ ശ്രദ്ധേയ സാന്നിധ്യമായ ഖത്തറിന്റെ സംഘാടക മികവില്‍ മറ്റൊരു പൊന്‍തൂവല്‍കൂടി തുന്നിച്ചേര്‍ക്കുകയാണ്. കോവിഡ് ഭീഷണിയിലും കനത്ത ജാഗ്രതയും സുരക്ഷ സംവിധാനവുമൊരുക്കി ഏറ്റവും ആകര്‍ഷകമായ ഫിഫ ക്ളബ്ബ് കപ്പിനാണ് ഖത്തര്‍ ആതിഥ്യമരുളിയതെന്ന് ലോകം സാക്ഷ്യപ്പെടുത്തി.

ലോകോത്തര സംവിധാനങ്ങളും ആസൂത്രണ മികവും സംഘാടക വൈദഗ്ധ്യവുമൊക്കെ ഖത്തറെന്ന കൊച്ചുരാജ്യത്തെ കൂടുതല്‍ ശ്രദ്ധാകേന്ദ്രമാക്കി. കളിക്കാരും കോച്ചുകളുമെന്ന പോലെ ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നുളള കളിയാരാധകരും ഖത്തറിന്റെ സംഘാടക മികവിനെ പ്രശംസിക്കുകയാണ്. 2022 ഫിഫ ലോക കപ്പിന് ആതിഥ്യമരുളുന്ന ഖത്തറിന് ആത്മവിശ്വാസം നല്‍കുന്നതാണ് ഈ അനുഭവം.

ഇന്ന് നടക്കുന്ന ഫിഫ ക്‌ളബ്ബ് കപ്പിന്റെ ഫൈനല്‍ മല്‍സരത്തില്‍ യുവേഫ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായ എഫ്.സി. ബയേണ്‍ മ്യൂണികും മെക്സിക്കോയുടെ ടൈഗേര്‍സ് യു.എന്‍.എലും ഏറ്റുമുട്ടുമ്പോള്‍ വിജയം പ്രവചനാതീതമായി തുടരുകയാണ്.

ആദ്യ സെമിയില്‍ പാല്‍മിറാസിനെ ഒരു ഗോളിന് തോല്‍പ്പിച്ചാണ് കാല്‍പന്തുകളിയുടെ ചരിത്രത്തില്‍ പുതിയ അധ്യായം രചിച്ച് മെക്‌സിക്കോയുടെ ടൈഗേര്‍സ് യു.എന്‍.എല്‍ ഫൈനലില്‍ കടന്നത്. ഫിഫ ക്‌ളബ്ബ് കപ്പിലെത്തുന്ന ആദ്യ കോണ്‍കാകാഫ് ടീം എന്ന ബഹുമതി സ്വന്തമാക്കിയ ടൈഗേര്‍സ് മറ്റൊരു ചരിത്രം കുറിക്കുമോ എന്ന് കണ്ടറിയണം.

ആവേശകരമായ രണ്ടാമത് സെമി ഫൈനലില്‍ ആഫ്രിക്കന്‍ ചാമ്പ്യന്മാരായ അല്‍ അഹ്ലിയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തളച്ചാണ് യുവേഫ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായ എഫ്. സി. ബയേണ്‍ മ്യൂണിക് ഫൈനല്‍ യോഗ്യത നേടിയത്. സീസണിലെ ആറാമത് കിരീടം ചൂടാന്‍ യൂറോപ്യന്‍ ചാമ്പ്യന്മാര്‍ക്കാകുമോ എന്നാണ്് കായിക ലോകം ഉറ്റുനോക്കുന്നത്.

Related Articles

Back to top button
error: Content is protected !!